Connect with us

Ongoing News

മൊഞ്ചേറും തൃക്കല്ല്യാണ പെരുമ

Published

|

Last Updated

തിരുവനന്തപുരം: ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ പെയ്തിറങ്ങിയ അഞ്ചാം നാളില്‍ മൈലാഞ്ചി മൊഞ്ചിന്റെ കിരീടം കോഴിക്കോട് സ്വന്തമാക്കി. കോഴിക്കോട് സില്‍വര്‍ഹില്‍ എച്ച് എസ് എസിലെ പി അമേയയും സംഘവും ആണ് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. മലപ്പുറത്ത് നിന്ന് അപ്പീലിലൂടെ എത്തിയ കോട്ടൂര്‍ എ കെ എം എച്ച് എസ് എസിലെ എന്‍ ഷിബിലി സുഹൈബയും സംഘവും രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസിലെ അഭിസൂര്യ സുരേഷും സംഘവും നേടി. 14 അപ്പീല്‍ ഉള്‍പ്പെടെ 28 ടീമുകളാണ് ഒപ്പന വേദിയില്‍ മാറ്റുരച്ചത്. 28 ടീമുകളും എ ഗ്രേഡ് നേടി. ഒപ്പനപ്പാട്ടിന്റെ താളത്തില്‍ അലിഞ്ഞു ചേരാന്‍ അഞ്ചാം ദിനം ആയിരങ്ങളാണ് ഇന്നലെ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തിയത്. കലോത്സവത്തിന്റെ പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് കലോത്സവം തുടങ്ങിയ ശേഷം ഇത്രയും ജനസാഗരം എത്തിയതും ഒപ്പനക്കു തന്നെ.
നിശ്ചിത സമയത്ത് തന്നെ ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന കാണാന്‍ രാവിലെ തന്നെ ഇരിപ്പിടങ്ങള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പത്രക്കാരുടെയും വി ഐ പികളുടെയും സീറ്റുകള്‍ വരെ കാണികള്‍ കൈയടക്കി. കാണികളുടെ നിര നഗരിക്ക് പുറത്തേക്ക് നീണ്ടതോടെ അവരെ നിയന്ത്രിക്കാന്‍ പോലീസും വളന്റിയര്‍മാരും ഏറെ പാടുപെട്ടു.
മലബാറിന്റെ തനത് കലാരൂപത്തെ നെഞ്ചേറ്റിയ ആസ്വാദകരെ കുട്ടികളും നിരാശരാക്കിയില്ല. പ്രവാചക പത്‌നിമാരായ ഖദീജ, ആഇശ, സൗദാബീവി എന്നിവരുടെ കല്യാണങ്ങള്‍ വര്‍ണിക്കുന്നതായിരുന്നു മിക്കടീമുകളുടെയും ഈരടികള്‍. സുലൈമാന്‍ നബിയുടെയും ബില്‍ക്കീസ് രാജ്ഞിയുടെയും കഥ വിവരിക്കുന്ന പാട്ടുകളും യൂസുഫ് നബിയുടെയും സുലൈഖാബീവിയുടെയും കഥ വിവരിക്കുന്ന പാട്ടുകളും ചിലര്‍ ഉപയോഗിച്ചു.
മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവായി പരീക്കുട്ടി, ഹലീമാബീവി, ഒ എം കരുവാരക്കുന്ന്, ഹസന്‍ നെടിയനാട്, മൊയ്തു മാസ്റ്റര്‍ വാണിമേല്‍ എന്നിവര്‍ എഴുതിയ പാട്ടുകളാണ് വേദിയില്‍ നിറഞ്ഞുനിന്നത്. മംഗല്യപ്പാട്ടുകള്‍ കൊട്ടിപ്പാടി വേദിയില്‍ നിറഞ്ഞുകളിച്ച ടീമുകളെ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

---- facebook comment plugin here -----

Latest