യമനിലെ സര്‍ക്കാറിനെ പിന്തുണക്കുമെന്ന് ചൈന

Posted on: January 21, 2016 9:54 am | Last updated: January 21, 2016 at 9:54 am
SHARE

china yemenബീജിംഗ്: ഇറാന്‍ പിന്തുണയുള്ള വിമതരോട് പോരാടുന്ന യമനിലെ സര്‍ക്കാറിനെ പിന്തുണക്കുന്നുവെന്ന സൂചനകളുമായി ചൈന. സഊദി സന്ദര്‍ശനം നടത്തുന്ന തിനിടെയാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഇത്തരമൊരു സൂചന നല്‍കിയത്. ഈ ആഴ്ച അവസാനം അദ്ദേഹം ഇറാനും സന്ദര്‍ശിക്കുന്നുണ്ട്. യമന്‍ സര്‍ക്കാറിനോട് പോരാടുന്ന ഇറാന്‍ പിന്തുണയുള്ള ശിയാ ഹൂത്തികള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം തുടങ്ങിയിരുന്നു. ഹൂത്തികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ ഏദന്‍ നഗരം കേന്ദ്രമാക്കിയാണ് ഭരണം നടത്തുന്നത്. മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്‍ ഹൂത്തികളെ ഉപയോഗിച്ച് യമന്‍ സര്‍ക്കാറിനെ അക്രമിക്കുന്നതെന്നാണ് സഊദി കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഹൂത്തികള്‍ അഴിമതി നിറഞ്ഞ സര്‍ക്കാറിനെതിരേയും പാശ്ചാത്യ ശക്തികളുടെ കൈയിലകപ്പെട്ട ഗള്‍ഫ് അറബ് ശക്തികള്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ശിയാ പണ്ഡിതനെ സഊദി വധശിക്ഷക്ക് വിധേയമാക്കിയത് സഊദിയും ഇറാനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. യമന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമുള്ള തങ്ങളുടെ പിന്തുണ അറിയിക്കുന്നതായി സഊദിയും ചൈനയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിയാദില്‍വെച്ച് ജിന്‍പിംഗ് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ കണ്ട ശേഷമാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. യമനിലെ എല്ലാ സാമുദായിക, മത, രാഷ്ട്രീയ സംഘടനകളും ദേശീയ ഐക്യം മുറുകെ പിടിക്കണമെന്നും വിഭാഗീയതക്കും സംഘര്‍ഷത്തിനും കാരണമാകുന്ന തീരുമാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും പ്രസ്താവനയിലുണ്ട്. ഇരു രാജ്യങ്ങളും യമന്‍ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും പ്രസ്താവയില്‍ ഊന്നിപ്പറയുന്നുണ്ട്. സഊദി സന്ദര്‍ശനത്തിന് ശേഷം ജിന്‍പിംഗ് ഇറാനും ഈജിപ്തും സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here