Connect with us

Articles

കേസും കോടതിയും ഈ തിരഞ്ഞെടുപ്പിന്റെ ഐശ്വര്യം

Published

|

Last Updated

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അകലം കുറഞ്ഞതോടെ രാഷ്ട്രീയത്തിന് റേറ്റിംഗ് കൂടുകയാണ്. ഒപ്പം നിയമ, അന്വേഷണ സംവിധാനങ്ങളില്‍ രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ക്കുള്ള വിശ്വാസവും. നിയമത്തെ നിയമത്തിന്റെ വഴിയിലേക്ക് വിടാന്‍ കെ കെ രമ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ കൈ മെയ് മറന്ന് അധ്വാനിക്കുന്നു. സോളാര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് വൈകിയാല്‍ ഇടക്കാല റിപ്പോര്‍ട്ടെങ്കിലും വന്ന് കാണാന്‍ എതിര്‍കക്ഷികള്‍ ആഗ്രഹിച്ചു പോകുന്നു. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ തിരക്ക് കൂടുക തിരഞ്ഞെടുപ്പ് കമ്മീഷനാണ്. പക്ഷെ, ഇവിടെ വിജിലന്‍സിനും സി ബി ഐക്കുമാണ് വല്ലാത്ത തിരക്ക്. കുരുക്കാനും കുരുക്കഴിക്കാനും പഴുതുകള്‍ തേടുകയാണ് ഏജന്‍സികള്‍. അനുകൂല നിയമോപദേശങ്ങള്‍ ഹോള്‍സെയില്‍ ആയി നല്‍കുന്ന നിയമോപദേഷ്ടാക്കള്‍. ഭരണമാറ്റം മണത്ത് കരുതലോടെ നീങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. പൊതുതാത്പര്യഹരജികളുടെ കുത്തൊഴുക്കില്‍ വീര്‍പ്പുമുട്ടുന്ന കോടതികള്‍. എല്ലാം കൊണ്ട് സമ്പന്നമാകുന്ന കാലയളവ്.
മുമ്പൊക്കെ തിരഞ്ഞെടുപ്പ് കാലം വന്നാല്‍ ഉദ്ഘാടന മാമാങ്കങ്ങളായിരുന്നു കൂടുതല്‍. പണി തീര്‍ന്നതും തീരാത്തതുമെല്ലാം ഉദ്ഘാടനം ചെയ്യും. സ്ഥലമേറ്റെടുക്കാത്ത പദ്ധതികള്‍ക്ക് പോലും തറക്കല്ലിടും. അഞ്ചു വര്‍ഷം കാക്കയുടെ കാര്യസാധ്യം മാത്രം നടന്ന ശിലാഫലകമെങ്കിലും പുതിയതൊന്ന് മാറ്റി സ്ഥാപിക്കും. ഈ പതിവൊക്കെ മാറുകയാണ്. നിയമത്തിന്റെ വഴിയില്‍ നിന്ന് എല്ലാവരും തിരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജ്ജം പ്രതീക്ഷിക്കുന്നു. അപ്പീലുകളുടെയും ഉപഹരജികളുടെയും പൊതുതാത്പര്യ ഹരജികളുടെയും വരവ് നിയമസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്നു. ഉന്നയിക്കപ്പെടുന്ന കേസുകളില്‍ ഇത്രയും കാലം നീതി നിഷേധം ഉണ്ടായില്ലേ എന്നൊന്നും ആരും ചോദിക്കരുത്. ഇരകളുടെ കണ്ണീര്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കണ്ടാല്‍ മതിയോ എന്ന ചോദ്യവും ഇവിടെ പ്രസക്തമല്ല. രാഷ്ട്രീയം അങ്ങനെയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കണം. അല്ലെങ്കില്‍ അക്കൗണ്ട് തുറക്കണം. ഇടതായാലും വലതായാലും ബി ജെ പിയുടെ കാര്യത്തിലും ഈയൊരു കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങും.
ലാവ്‌ലിന്‍ കേസ് ആണ് ഈ ഗണത്തില്‍ ആദ്യം പരിശോധിക്കേണ്ടത്. എല്‍ ഡി എഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ലക്ഷ്യമിടുന്നു. സര്‍ക്കാറിന് നഷ്ടം സംഭവിച്ചെന്ന് സി എ ജിയും സി ബി ഐയും കണ്ടെത്തിയ കേസെങ്കിലും ഇതൊന്നും ഇപ്പോള്‍ പ്രസക്തമല്ല. വേണമെങ്കില്‍ സര്‍ക്കാറിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കെ എസ് ഇ ബി ആദ്യം നല്‍കിയ സത്യവാങ്മൂലവും തിരുത്തും.
കോടതി-അന്വേഷണ ഏജന്‍സികളേക്കാള്‍ കൂടുതല്‍ മാധ്യമങ്ങള്‍ വിചാരണ നടത്തിയ കേസാണിത്. ഒരു ഉന്നത രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ലഭിക്കുമായിരുന്ന പദവികളില്‍ നിന്ന് പിണറായി വിജയന് ഒന്നര പതിറ്റാണ്ട് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യം. സി പി എം ഉള്‍പാര്‍ട്ടി വിഭാഗീയത ആളിപ്പടര്‍ത്തിയ പ്രധാന ഇന്ധനങ്ങളിലൊന്ന്. ഒട്ടും ചെറുതല്ല ലാവ്‌ലിന്‍ കേസിന് കേരള രാഷ്ട്രീയത്തിലുള്ള ഇടം. ഈ പ്രാധാന്യം തന്നെയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇക്കാര്യം വീണ്ടും ചര്‍ച്ചയാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നതും.
അന്തരീക്ഷത്തില്‍ വലിയൊരു ആശയക്കുഴപ്പവും അനിശ്ചിതത്വവും സൃഷ്ടിക്കുക. കേസില്‍ സി ബി ഐ നല്‍കിയ അപ്പീല്‍ വേഗം പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയതിലൂടെ ഇത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. തിരഞ്ഞെടുപ്പില്‍ നായകന്റെ റോളില്‍ നില്‍ക്കുന്ന പിണറായി വിജയനെ ഇതിലൂടെ പ്രതിരോധത്തിലാക്കുക. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് തുടങ്ങുന്നതിന്റെ തൊട്ടുതലേന്നാള്‍ ആണ് ഉപഹരജി വാര്‍ത്ത മാധ്യമങ്ങൡ വരുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. പിണറായി വിജയന്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയാല്‍ സ്ഥിതിഗതികള്‍ ആകെ മാറും.
സര്‍ക്കാറിന്റെ ഉപഹരജി നീക്കത്തെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി പി എം വിലയിരുത്തിയിട്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തികഞ്ഞ മൗനം പാലിക്കുന്നത് ഇതോട് ചേര്‍ത്ത് വായിക്കണം. കാരണം, ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുരുക്കാന്‍ വി എസിനോളം ആഗ്രഹിച്ച മറ്റൊരാളില്ലെന്നത് ചരിത്രം. തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ ആഗ്രഹിച്ച് നില്‍ക്കുന്ന വി എസ്, പിണറായിക്ക് പ്രതികൂലമായൊരു കോടതി ഉത്തരവ് ഉണ്ടായാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന കാര്യം ഉറപ്പ്. സി ബി ഐ കോടതി വിധി ശരിവെക്കുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കില്‍ വടി കൊടുത്ത് അടി വാങ്ങിയ സാഹചര്യം സര്‍ക്കാറും നേരിടേണ്ടി വരും.
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണമാണ് മറ്റൊന്ന്. കമ്മീഷന്റെ കാലാവധി പലകുറി ദീര്‍ഘിപ്പിച്ചതാണ്. ഏറ്റവും ഒടുവില്‍ ദീര്‍ഘിപ്പിച്ച കാലാവധി ഏപ്രില്‍ 27നാണ് തീരുന്നത്. അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് ആരവങ്ങളുടെ മൂര്‍ധന്യതയിലാകും ഇങ്ങനെയൊരു റിപ്പോര്‍ട്ട് വരികയെന്ന് സാരം. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ കേസിന്റെ റിപ്പോര്‍ട്ട് എന്താകും എന്നത് നിര്‍ണായകം. റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള അന്തിമ നടപടി ക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 25ന് വിസ്തരിക്കാനിരിക്കുന്നു. സരിതയെ ക്രോസ്‌വിസ്താരം നടത്താന്‍ ബിജു രാധാകൃഷ്ണന് അനുമതി നല്‍കുന്നു. പോലീസ് ഉദ്യോഗസ്ഥരെയെല്ലാം വിസ്തരിക്കുന്നു. ഇതിന്റെയെല്ലാം സമയക്രമം നിശ്ചയിച്ച് കഴിഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സാധൂകരണം നല്‍കും വിധമാണ് റിപ്പോര്‍ട്ട് വരുന്നതെങ്കില്‍ യു ഡി എഫിനെ സംബന്ധിച്ച് വലിയൊരു ആഘാതമായിരിക്കും. മറിച്ചെങ്കില്‍ പ്രതിപക്ഷത്തിനും. എന്തായാലും തിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചയായി സോളാര്‍ വിവാദം മാറുമെന്ന് ഉറപ്പ്.
റിപ്പോര്‍ട്ട് സര്‍ക്കാറിന് അനുകൂലമെങ്കില്‍ ചെയ്ത സമരങ്ങള്‍ക്കെല്ലാം പ്രതിപക്ഷം കണക്ക് പറയേണ്ടി വരും. എന്തിനായിരുന്നു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും. പ്രതിപക്ഷം പറയുന്നത് കേട്ട് രാജി വെച്ചിരുന്നതെങ്കിലോയെന്ന ഉമ്മന്‍ ചാണ്ടിയുടെ നെടുവീര്‍പ്പിനോട് പ്രതികരിക്കേണ്ടിയും വരും. നഷ്ടപ്പെട്ട നിയമസഭാ ദിനങ്ങളുടെ കണക്കെടുപ്പ് നടക്കും. മറിച്ചെങ്കില്‍ വെള്ളം കുടിക്കുക യു ഡി എഫ് ആയിരിക്കും. സര്‍ക്കാറിന് നഷ്ടമുണ്ടായില്ലെന്ന ന്യായീകരണം ചവറ്റ് കൊട്ടയില്‍ എറിയേണ്ടിയും വരും. കേസ് അന്വേഷിച്ച പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. മുഖ്യമന്ത്രിക്കെതിരെ റിപ്പോര്‍ട്ടില്‍ വല്ല പരാമര്‍ശവും കടന്നുകൂടിയാല്‍ പുകില്‍ പറയുകയും വേണ്ട.
സമാനമാണ് ബാര്‍ കോഴ കേസിലെ സാഹചര്യം. കെ എം മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോടതി. ഫെബ്രുവരി 16നാണ് ഇനി കേസ് പരിഗണിക്കുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന് മാണി മോഹിച്ചതാണ്. കേസ് ഒരു മാസം നീട്ടിയതോടെ ഈ ആഗ്രഹം പൊലിഞ്ഞെങ്കിലും കുറ്റവിമുക്തനായി വീണ്ടും മത്സരിക്കാന്‍ കഴിയണമെന്ന പ്രാര്‍ഥനയിലാണ് മാണി. വീണ്ടും അന്വേഷിക്കണമെന്ന നിലപാടാണ് കോടതി സ്വീകരിക്കുന്നതെങ്കില്‍ രാഷ്ട്രീയമായി മാണിക്കും കേരളാ കോണ്‍ഗ്രസിനും യു ഡി എഫിനും വലിയ തിരിച്ചടിയായിരിക്കും. തിരഞ്ഞെടുപ്പാരവങ്ങളില്‍ എല്‍ ഡി എഫിന് ഇത് വലിയ ഊര്‍ജ്ജം നല്‍കും. മാണി കുറ്റവിമുക്തനാക്കപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ സി പി എം സ്വാഗത ചെയ്യാനും വഴിതുറക്കും.
കതിരൂര്‍ മനോജ് വധക്കേസാണ് രാഷ്ട്രീയമാനങ്ങളേറെയുള്ള മറ്റൊന്ന്. ബി ജെ പിയാണ് ഇതില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കുന്നത്. കൊലപാതക ഗൂഢാലോചനയില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതിയാകും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേസ് അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയതാണെങ്കിലും ഗൂഢാലോചന സിദ്ധാന്തം ഇപ്പോള്‍ പൊടിതട്ടിയെടുത്തതാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ജയരാജന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടങ്കിലും ചോദ്യം ചെയ്യലിലേക്ക് സി ബി ഐ നീങ്ങുമെന്നാണ് വിവരം. സംഘ്പരിവാര്‍ ഗൂഢാലോചന ഇതില്‍ സി പി എം ആരോപിച്ച് കഴിഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധ കേസ് ഗൂഢാലോചനയിലും വീണ്ടും സി ബി ഐ അന്വേഷണ സാധ്യത തേടുന്നുണ്ട്. പല കുറി പറ്റില്ലെന്ന് സി ബി ഐ പറഞ്ഞതാണെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതിനായി കെ കെ രമ കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു കഴിഞ്ഞു. എപ്പോള്‍ വേണമെങ്കിലും സംസ്ഥാനസര്‍ക്കാറും വീണ്ടും കത്തെഴുതാന്‍ കാത്തിരിക്കുന്നു. ഒടുവില്‍ വന്ന് പെട്ടതാണ് ടൈറ്റാനിയം കേസ്. പലകുറി ചര്‍ച്ച ചെയ്തതെങ്കിലും അന്വേഷണത്തിന് നിലനിന്ന സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുന്നു. രമേശ് ചെന്നിത്തലയടക്കം കേസില്‍ ആരോപണവിധേയരാണ്. എന്തായാലും നിയമ നീതിന്യായ സംവിധാനം രാഷ്ട്രീയത്തിന് നല്‍കുന്ന സംഭാവനകള്‍ എന്തെല്ലാമായിരിക്കുമെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും.

 

 

---- facebook comment plugin here -----

Latest