മോഹിനിയാട്ട വേദിയില്‍ വിധികര്‍ത്താക്കളെ ചൊല്ലി തര്‍ക്കം

Posted on: January 20, 2016 9:26 pm | Last updated: January 21, 2016 at 11:39 am

Mohiniyatta vediyil ethiya pradishedhathinide Judginte File pidichedukkunnuതിരുവനന്തപുരം: ഹയര്‍സെക്കന്ററി വിഭാഗം മോഹിനിയാട്ട മത്സരവേദിയായ വി.ജെ.ടി ഹാളിലാണ് വിധികര്‍ത്താക്കളെ തടഞ്ഞു വച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങേണ്ട മത്സരം മൂന്നു മണിക്കൂറോളം താമസിച്ചാണ് പിന്നീട് ആരംഭിച്ചത്. 2.45ന് മത്സരം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ നൃത്താധ്യാപകരും രക്ഷകര്‍ത്താക്കളും അടങ്ങുന്ന സംഘം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വേദിയുടെ മുന്‍ഭാഗത്തേക്ക് പ്രതിഷേധക്കാര്‍ വിധികര്‍ത്താക്കളെ തടയുകയും മത്സരം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ജഡ്ജിംഗ് പാനലില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഉപജില്ലാ കലോത്സവത്തിലും ജില്ലാ കലോത്സവത്തിലും വിധികര്‍ത്താക്കളായി വന്നവര്‍ സംസ്ഥാന കലോത്സവ വേദിയിലും വിധികര്‍ത്താക്കളായി എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മോഹിനിയാട്ടത്തിന് വിധികര്‍ത്താവായി വന്ന ഒരാള്‍ കാസര്‍ഗോഡ് സബ് ജില്ലാ കലോത്സവത്തില്‍ ജഡ്ജായിരുന്നു. ഇവരുടെ വിധിനിര്‍ണയത്തില്‍ ഉപജില്ലയില്‍ പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ട മത്സരാര്‍ത്ഥി അപ്പീലിലൂടെ ജില്ലാതലത്തിലെത്തി ഒന്നാം സ്ഥാനം നേടിയതായും രണ്ടാം സ്ഥാനം നേടിയ കുട്ടി അപ്പീല്‍ വാങ്ങി ജില്ലാതലത്തില്‍ രണ്ടാമതെത്തിയെന്നും ഉപജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടി പിന്നിലേക്ക് തള്ളപ്പെട്ടുവെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു. രണ്ടുപേരും ഇപ്പോള്‍ സംസ്ഥാനതലത്തില്‍ മത്സരത്തിന് എത്തുകയും ചെയ്തു. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം വിമല, എണ്ണയ്ക്കാട് നാരായണന്‍കുട്ടി തുടങ്ങി പ്രശസ്തരായ കലാകാരന്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച എച്ച്.എസ് വിഭാഗം മത്സരഫലം വന്നപ്പോള്‍ തന്നെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച പ്രതിഷേധിച്ചതിന്റെ വൈരാഗ്യത്തിന് പുത്തരിക്കണ്ടം മൈതാനത്തെ എ.കെ.ഡി.റ്റി.ഒയുടെ സ്റ്റാള്‍ രാത്രി സംഘാടകര്‍ നശിപ്പിച്ചതായും അദ്ധ്യാപകര്‍ ആരോപിച്ചു. അതേസമയം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വച്ച് ജഡ്ജായി തിരഞ്ഞെടുക്കാവുന്ന യോഗ്യരായ അദ്ധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കി ഡി.പി.ഐക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ ലിസ്റ്റ് പാടേ അവഗണിച്ചാണ് യോഗ്യതയില്ലാത്തവരെ ജഡ്ജിംഗ് പാനലില്‍ തിരുകികയറ്റിയതെന്നും ഇവര്‍ ആരോപിക്കുന്നു. മൂന്ന് തവണ തുടര്‍ച്ചയായി വിധികര്‍ത്താവായി വരുന്നവരെ പരിഗണിക്കേണ്ടെന്ന് ഡി.പി.ഐ മുന്‍മ്പ് നല്‍കിയിരുന്ന റിപ്പോര്‍ട്ടും പരിഗണിക്കപ്പെട്ടില്ലെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധത്തെതുടര്‍ന്ന് തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിവന്‍കുട്ടി എം.എല്‍.എ, അഡീഷണല്‍ ഡി.പി.ഐ ജോണ്‍സ്.വി.ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. എന്നാല്‍ വിധികര്‍ത്താക്കളെ മാറ്റണമെന്ന നിലപാടില്‍ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ പുറത്താക്കിയതിനു ശേഷം അഞ്ചു മണിയോടെ മത്സരങ്ങള്‍ ആരംഭിച്ചു.