വിദ്യാലയ പ്രവേശന രജിസ്‌ട്രേഷന്‍ തുടങ്ങി; കുട്ടികളുടെ എണ്ണത്തില്‍ കര്‍ശന നിബന്ധന

Posted on: January 17, 2016 6:21 pm | Last updated: January 17, 2016 at 6:34 pm

SCHOOLഷാര്‍ജ: 2016-17 വര്‍ഷത്തേക്കുള്ള പ്രവേശം എമിറേറ്റിലെ വിദ്യാലയങ്ങളില്‍ ആരംഭിച്ചു. സി ബി എസ് ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഇന്ത്യന്‍ വിദ്യാലയങ്ങളിലാണ് പ്രവേശം തുടങ്ങിയത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-10 തരം വരെയുള്ള ക്ലാസിലേക്കാണ് പ്രവേശം. പുതിയ അധ്യയന വര്‍ഷാരംഭമായ ഏപ്രില്‍ വരെ തുടരുമെങ്കിലും പ്രവേശം തുടങ്ങി ദിവസങ്ങള്‍ പിന്നിടും മുമ്പേ പല വിദ്യാലയങ്ങളിലും സീറ്റുകള്‍ പൂര്‍ത്തിയായി. ഓണ്‍ലൈന്‍ വഴിയാണ് പല വിദ്യാലയങ്ങളിലും പ്രവേശന രജിസ്‌ട്രേഷന്‍. നേരിട്ടുള്ളവ അപൂര്‍വമാണ്.

ഈ വര്‍ഷാരംഭത്തില്‍ തന്നെ മിക്ക വിദ്യാലയങ്ങളിലും നടപടികള്‍ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ മുഖേനയായതിനാല്‍ രക്ഷിതാക്കള്‍ക്ക് വിദ്യാലയങ്ങളില്‍ സീറ്റ് തേടി നേരിട്ടെത്തേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. നേരിട്ടുള്ള പ്രവേശനം വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ വന്‍തിരക്കിനു ഇടയാക്കാറുണ്ടായിരുന്നു. മാത്രമല്ല, മക്കള്‍ പ്രവേശനം കിട്ടാതെ നിരാശരായി മടങ്ങുന്ന രക്ഷിതാക്കളുടെ ദയനീയ മുഖം കഴിഞ്ഞ കാലങ്ങളില്‍ പ്രകടമാകാറുണ്ട്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളടക്കം എമിറേറ്റിലെ പ്രമുഖ വിദ്യാലയങ്ങളിലെല്ലാം ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മക്കള്‍ക്കു പ്രവേശനം ലഭിക്കാന്‍ രക്ഷിതാക്കള്‍ക്കു ഏറെ പ്രയാസപ്പെടേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാഭ്യാസത്തിനുവേണ്ടത്ര സൗകര്യമില്ലാത്തതാണ് ഇതിനു പ്രധാനകാരണം. മാത്രമല്ല, ഓരോ ക്ലാസിലേയും കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെ ജി ഒന്ന്, രണ്ട് ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 25ല്‍ കൂടാന്‍ പാടില്ലെന്നാണ് മന്ത്രാലയ നിര്‍ദേശം. ഗ്രേഡ് ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ 30 കുട്ടികളായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടുന്ന പക്ഷം നടപടിക്കു വിധേയരാകേണ്ടിവരും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിദ്യാലയ അധികൃതര്‍ കരുതലോടെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ ക്ലാസിലും 30 മുതല്‍ 35 വരെ കുട്ടികളുണ്ടായിരുന്നതായാണ് പറയുന്നത്. 100ഉം 200ഉം അതില്‍ കൂടുതലും ക്ലാസുകളുള്ള വിദ്യാലയങ്ങളില്‍ നൂറുക്കണക്കിനു കുട്ടികളുടെ കുറവാണ് ഇതുമൂലം ഉണ്ടാവുക. അതുകൊണ്ട് തന്നെ അപേക്ഷിക്കുന്നവര്‍ക്കൊക്കെയും പ്രവേശനം ലഭിക്കാതെ വരും. ഇതാകട്ടെ രക്ഷിതാക്കളുടെ നെട്ടോട്ടത്തിനു വഴിയൊരുക്കും.
മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു ഇവിടെത്തന്നെ പഠിപ്പിക്കാന്‍ മിക്ക രക്ഷിതാക്കളും പാടുപെടുന്നത്. ഭീമമായ പഠനച്ചിലവും മറ്റും വകവെക്കാതെ മക്കള്‍ക്കു സീറ്റിനുവേണ്ടി രക്ഷിതാക്കള്‍ ഏറെ കഷ്ടപ്പെട്ട് വിദ്യാലയ വാതിലുകള്‍ മുട്ടുന്നു. എന്നാല്‍, നിരാശരാവുകയാണ് പലപ്പോഴും അവര്‍. കഴിഞ്ഞ വര്‍ഷങ്ങളിലും നിരവധി കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നില്ല. പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. അത്തരക്കാര്‍ ഇത്തവണ കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു. ആവശ്യത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതാണ് കുട്ടികള്‍ക്കുപ്രവേശനം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം. പുതിയ വിദ്യാലയങ്ങളും നിലവിലുള്ളവക്കുപുതിയ കെട്ടിടങ്ങളും നിര്‍മിച്ചു സൗകര്യം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും പര്യാപ്തമാകാത്ത സ്ഥിതിയാണ്. മെച്ചപ്പെട്ട പഠനവും സൗകര്യവും ലഭിക്കുമെങ്കില്‍ എത്ര ചിലവ് ചെയ്തും മക്കളെ ഇവിടെത്തന്നെ പഠിപ്പിക്കാനാണ് മിക്ക രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ പ്രത്യേക താത്പര്യം എടുക്കണമെന്നാണ് അഭിപ്രായമുയരുന്നത്.
പുതിയ അധ്യയന വര്‍ഷം 2016 ഏപ്രില്‍ മൂന്നിനാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. സീറ്റുകള്‍ ഒഴിവ് വരുന്നമുറക്കായിരിക്കും തുടര്‍ന്നുള്ള പ്രവേശനം. കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളിലേക്കായിരിക്കും ഇത്തവണ പ്രവേശനത്തിനു ഏറെ ബുദ്ധിമുട്ടേണ്ടിവരികയെന്നാണ് അറിയുന്നത്.