Connect with us

Malappuram

തെരുവുനായകളുടെ വിളയാട്ടം രൂക്ഷമാകുന്നു; നിഷ്‌ക്രിയരായി അധികൃതര്‍

Published

|

Last Updated

മഞ്ചേരി: നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവുനായകളുടെ വിളയാട്ടം രൂക്ഷമാകുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ നായകളുടെ ആക്രമണത്തിനിരയാകുന്നു. ഇക്കഴിഞ്ഞ മാസം 27 പേരാണ് തെരുവു നായയുടെ കടിയേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പേ ഇളകിയ നായയുടെ കടിയേറ്റ് രണ്ടാഴ്ച മുമ്പ് പന്തല്ലൂര്‍ മുടിക്കോട് പശു ചത്തിരുന്നു. ഈ പശുവിന്റെ പാല്‍ പന്തല്ലൂര്‍ ക്ഷീര കര്‍ഷക സഹകരണ സംഘത്തില്‍ നല്‍കിയിരുന്നു. പശു ചത്തതോടെ ഇവിടെ നിന്നും പാല്‍ വാങ്ങി ഉപയോഗിച്ചവര്‍ ഭീതിയിലാകുകയും ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയും ചെയ്തിരുന്നു. പന്തല്ലൂര്‍, മുടിക്കോട്, ആമക്കാട് ഭാഗങ്ങളില്‍ നിന്നായി നൂറിലധികം പേരാണ് ഇത്തരത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പിന് വിധേയരായത്. കഴിഞ്ഞയാഴ്ച കിഴിശ്ശേരിയിലും പേയിളകിയ നായ കടിച്ച പശുവിന്റെ പാല്‍ കുടിച്ച് ഭീതിയിലായവര്‍ മഞ്ചേരിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നായയടക്കം വിവിധ മൃഗങ്ങളുടെ കടിയേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിരോധ കുത്തിവെപ്പിന് വിധേയരായവര്‍ ആറായിരത്തിന് മുകളിലാണ്. ഈ കണക്കുകളുടെ ഭയാനകത ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് ഏറെ ദയനീയം. മഞ്ചേരി നഗരസഭയോ സമീപ പഞ്ചായത്തുകളോ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രഭാത സവാരിക്കിറങ്ങുന്നവരും മദ്‌റസ വിദ്യാര്‍ഥികളുമാണ് തെരുവു നായകളുടെ ആക്രമണത്തിന് ഇരയാകുന്നത്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്നത് നായകളുടെ സൈ്വര വിഹാരത്തിന് കാരണമാകുന്നു.
നഗരസഭ നേരത്തെ മാലിന്യം നിക്ഷേപിച്ചിരുന്ന വേട്ടേക്കോട് ട്രഞ്ചിംഗ് ഗ്രൗണ്ട് ഇപ്പോള്‍ നാട്ടുകാരുടെ എതിര്‍പ്പ് കാരണം ഉപയോഗിക്കുന്നില്ല. പകരം ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ നഗര ശുചീകരണ വിഭാഗം ജീവനക്കാര്‍ ബൈപ്പാസ് റോഡിലും മറ്റും കൂട്ടിയിട്ട് കത്തിക്കുകയാണ്.
തെരുവു നായയുടെ അക്രമത്തില്‍ ഇന്നലെ പിഞ്ചു കുഞ്ഞിന് പരുക്കേറ്റത് ഏവരുടെ കരളലിയിപ്പിക്കുന്ന സംഭവമായി. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെയാണ് നായ കടിച്ചത്. ഗുരുതരമായി പരുക്കേറ്റ ആനക്കയം ചെക്ക്‌പോസ്റ്റ് വാരിയംതൊടിക നിഷാദിന്റെ മകള്‍ റിസ്‌വാന പര്‍വ്വീനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ കുഞ്ഞിന്റെ മുഖത്തും തലയിലുമാണ് കടിച്ചത്.

---- facebook comment plugin here -----

Latest