ഹരിയാനയിലെ ഹോം ഓഫ് ഫോക് ആര്‍ട് 500 കോടി രൂപയുടെ പുരാവസ്തുക്കള്‍ കേരളത്തിനു കൈമാറുന്നു

Posted on: January 15, 2016 10:44 am | Last updated: January 15, 2016 at 10:44 am

കല്‍പ്പറ്റ: ഹരിയാനയിലെ ഗുര്‍ഗാവന്‍ അര്‍ബന്‍ എസ്റ്റേറ്റിലുള്ള ഹോം ഓഫ് ഫോക് ആര്‍ട് മ്യൂസിയം 500 കോടി രൂപ വിലമതിക്കുന്ന 30,000 പുരാവസ്തുക്കള്‍ കേരളത്തിനു കൈമാറുന്നു. ഇതിന്റെ ഭാഗമായി ധാരണാപത്രം തയാറാക്കുന്നതിനു ഫോക് ഓഫ് ആര്‍ട് പ്രതിനിധി അഡ്വ. സഞ്ജീവ് സാത്തേ തിരുവനന്തപുരത്ത് മ്യൂസിയം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി കെ ജയലക്ഷ്മിയുമായി കൂടിക്കാഴ്ച നടത്തി.
പ്രസിദ്ധ കലാകാരന്‍ അന്തരിച്ച കൃഷ്ണചന്ദ് ആര്യന്‍ എന്ന കെ സി ആര്യന്‍ 1984ല്‍ സ്ഥാപിച്ചതാണ് ഫോക് ആര്‍ട് മ്യൂസിയം.
കെ സി ആര്യന്റെ മക്കളായ ബൈജുനാഥ് ആര്യന്‍, ഡോ.സുഭാഷിണി ആര്യന്‍ എന്നിവരാണ് നിലവില്‍ മ്യൂസിയം നോക്കി നടത്തുന്നത്. അവിവാഹിതരായ ഇവര്‍ പ്രായാധിക്യംമൂലം ബുദ്ധിമുട്ടിലാണ്. ഇവരുടെ നിയമോപദേഷ്ടാവാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സഞ്ജീവ് സാത്തേ.
വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍പ്പെട്ട കുങ്കിച്ചിറയില്‍ ട്രൈബല്‍ ഹെരിറ്റേജ് മ്യൂസിയം ആരംഭിക്കാനിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതേക്കുറിച്ചറിഞ്ഞ ആര്യന്‍ കുടൂംബാംഗങ്ങള്‍ പുരാവസ്തുശേഖരം കൈമാറാനുള്ള സന്നദ്ധത സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു. പുതുതലമുറക്ക് ഉപകാരപ്രദമാകും വിധം പുരാവസ്തുക്കള്‍ ഉപയോഗപ്പെടുത്തണമെന്നന്നാണ് ആര്യന്റെ മക്കളുടെ ആഗ്രഹം. ഇതാണ് പുരാവസ്തുക്കള്‍ കേരളത്തിനു കൈമാറാനുള്ള സന്നദ്ധത്ക്ക് പിന്നിലെന്ന് സഞ്ജീവ് സാത്തേ കൂടിക്കാഴ്ചയില്‍ മന്ത്രിയെ അറിയിച്ചു.
16,18,19,20 നൂറ്റാണ്ടുകളിലെ കലാരൂപങ്ങളും ഉള്‍പ്പെടുന്നതാണ് ഫോക് ആര്‍ട് മ്യൂസിയത്തിലെ പുരാവസ്തുശേഖരം. കെ സി ആര്യന്‍ സ്വന്തമായി ശേഖരിച്ചതാണ് ഇതില്‍ ഏറെയും.
ഗുര്‍ഗാവില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മ്യൂസിയം പ്രവര്‍ത്തനം.
സഞ്ജീവ് സാത്തേയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പുരാവസ്തുക്കള്‍ ഏറ്റുവാങ്ങുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.
കുങ്കിച്ചിറയില്‍ ട്രൈബല്‍ ഹെരിറ്റേജ് മ്യൂസിയം നിര്‍മാണം പുരോഗതിയിലാണ്. ഫെബ്രുവരി 27നാണ് മ്യൂസിയം ഉദ്ഘാടനം. ഇതിനു മുന്‍പ് പുരാവസ്തുക്കള്‍ വയനാട്ടില്‍ എത്തിക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൈതൃക കലാരൂപങ്ങളുടെയും അറിവുകളുടെയും സംരക്ഷണത്തിനാണ് കുങ്കിച്ചിറയില്‍ മ്യൂസിയം ആരംഭിക്കുന്നത്. വടക്കേ വയനാട് വനം ഡിവിഷനിലെ കുഞ്ഞാം വനത്തിലുള്ള വിശാലമായ പുല്‍ മൈതാനത്തില്‍ നിന്നു ഏകദേശം 100 മീറ്റര്‍ മാറിയാണ് സഞ്ചാരികളുടെ കളിപ്പൊയ്ക എന്നറിയപ്പെടുന്ന കുങ്കിച്ചിറ. രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള ചിറയോടുചേര്‍ന്ന് മ്യൂസിയം സ്ഥാപിക്കുന്നതിനു 13 കോടി രൂപയുടെ പ്രൊജക്ടാണ് മ്യൂസിയം വകുപ്പ് തയാറാക്കിയത്.
ചിറയുടെ പരിസരത്തായി വനത്തില്‍ മതിലുകളോടുകൂടിയ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങള്‍ ഉണ്ട്. ഫോക് ആര്‍ട് മ്യൂസിയത്തിലെ പുരാവസ്തുക്കളും ഇടംപിടിക്കുന്നതോടെ കുങ്കിച്ചിറ മ്യൂസിയം ദേശീയശ്രദ്ധ ആകര്‍ഷിക്കുമെന്ന് മന്ത്രി ജയലക്ഷ്മി പറഞ്ഞു. കുങ്കിച്ചിറ്ക്കടുത്തുള്ള പുല്‍മൈതാനം മാനുകളുടെ ഉദ്യാനമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പുരോഗതിയിലാണ്. കുഞ്ഞോത്തുനിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് കുങ്കിച്ചിറ.