പിടിയിലായ മയക്കുമരുന്ന് രാജാവിനെ മെക്‌സിക്കോ അമേരിക്കക്ക് കൈമാറുന്നു

Posted on: January 12, 2016 10:35 am | Last updated: January 12, 2016 at 10:35 am
പോലീസ് പിടിയിലായ ജോക്വിന്‍ ഗുസ്മാന്‍
പോലീസ് പിടിയിലായ ജോക്വിന്‍ ഗുസ്മാന്‍

മെക്‌സിക്കൊ സിറ്റി : തടവറയില്‍ നിന്നും ടണല്‍ മാര്‍ഗം തന്ത്രപരമായി രക്ഷപ്പെടുകയും കഴിഞ്ഞ ദിവസം മെക്‌സിക്കന്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്ത മയക്കുമരുന്ന് മാഫിയ തലവന്‍ ജോക്വിന്‍ എല്‍ ചാപൊ ഗുസ്മാനെ അമേരിക്കക്ക് കൈമാറാനുള്ള നീക്കം മെക്‌സിക്കൊ അധികൃതര്‍ തുടങ്ങി. എട്ട് മാസം മുമ്പ് ഗുസ്മാന്‍ രക്ഷപ്പെട്ട അല്‍റ്റിപ്ലാനൊ തടവറയിലെ അതേ ലോക്കപ്പില്‍ത്തന്നെയാണ് പരമാവധി സുരക്ഷാ കരുതലുകളോടെ ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം മുമ്പ് ഇവിടെനിന്നും രക്ഷപ്പെട്ട ഗുസ്മാനെ വെള്ളിയാഴ്ചയാണ് വീണ്ടും പിടികൂടിയത്. ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളിയായ ഗുസ്മാനെതിരെ അമേരിക്കയിലും കേസുകളുണ്ടെന്ന് അറ്റോണി ജനറല്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഗുസ്മാനെ കൈമാറാന്‍ തയ്യാറാണെന്ന് മെക്‌സിക്കന്‍ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നടപടികള്‍ക്ക് കാലതാമസം നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം കൈമാറ്റത്തെ ചോദ്യംചെയ്തുകൊണ്ട് ആറ് ഹരജികള്‍ ഇപ്പോള്‍ത്തന്നെ സമര്‍പ്പിച്ചതായി ഗുസ്മാന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗുസ്മാനെ തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അമരിക്ക ജൂണ്‍ 25ന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ രക്ഷപ്പെടലിന് ശേഷം അടുത്ത സെപ്തംബര്‍ മൂന്നിനാണ് ഗുസ്മാന്‍ കസ്റ്റഡിയാലാകുന്നതെന്നും അറ്റോണി ജനറല്‍ ഓഫീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.