ഭിന്നശേഷി ഡാറ്റാബാങ്ക് ഉടന്‍ പുറത്തുവിടും

Posted on: January 9, 2016 9:33 am | Last updated: January 9, 2016 at 9:33 am

കോഴിക്കോട്: ഭിന്നശേഷിക്കാരെക്കുറിച്ചുള്ള യഥാര്‍ഥ കണക്കുകളുടെ അഭാവമാണ് അവര്‍ക്ക് സാമൂഹികനീതി ലഭ്യമാക്കുന്നതിന് തടസ്സമാകുന്നതെന്നും അത് പരിഹരിക്കുന്നതിന് ഭിന്ന ശേഷി ഡാറ്റാബാങ്ക് ഉടന്‍ പുറത്തുവിടുമെന്നും പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍.
സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ എത്രപേര്‍, ഇവര്‍ ഏതെല്ലാം വിഭാഗത്തില്‍ പെടുന്നു, അവരുടെ നിലവിലെ അവസ്ഥ, ജീവിതരീതി എന്നിവ വ്യക്തമാക്കുന്ന സമ്പൂര്‍ണ കണക്കുകള്‍ ഉള്‍പ്പെട്ടതായിരിക്കും ഡാറ്റാബാങ്ക്. ഇതുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാവര്‍ക്കും തുല്യ നീതി എന്ന ലക്ഷ്യത്തിലേക്ക് വെക്കുന്ന വലിയ കാല്‍വയ്പാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക നീതി ദാനാഘോഷത്തിന്റെ ഭാഗമായി നാഷനല്‍ ട്രസ്റ്റ് ആക്ടിനെക്കുറിച്ച് ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോഴിക്കോട് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയുമായ ആര്‍ എല്‍ ബൈജു സെമിനാറില്‍ മോഡറേറ്ററായിരുന്നു. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, കോട്ടയം കലക്ടര്‍ യു വി ജോസ്, അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കണ്ണൂര്‍. അസി. കലക്ടര്‍ നവജ്യോത്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ടി പി സാറാമ്മ സംസാരിച്ചു.