സാഫ് കപ്പ്: മാലദ്വീപിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

Posted on: December 31, 2015 6:39 pm | Last updated: December 31, 2015 at 6:39 pm

indian_blu_311215തിരുവനന്തപുരം: മാലദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍. ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ജെജെ ലാല്‍പെഖുലയുടെ ഇരട്ടഗോളിന്റെ മികവിലാണ് ഇന്ത്യ ഫൈനലില്‍ പ്രവേശനം നേടിയത്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. കളിയുടെ 25-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ജെജെ 34 -ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാലദ്വീപ് ഒരു ഗോള്‍ തിരിച്ചടിച്ചു. 45 -ാം മിനിറ്റില്‍ അഹമ്മദ് നാഷിദായിരുന്നു ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചത്.

രണ്ടാം പകുതിയില്‍ ഇന്ത്യ ലീഡ് വീണ്ടും ഉയര്‍ത്തി. 66-ാം മിനിറ്റിലായിരുന്നു ജെജെയുടെ രണ്ടാം ഗോള്‍. എന്നാല്‍ പത്തുമിനിറ്റിനുള്ളില്‍ മാലി രണ്ടാം ഗോള്‍ നേടിയതോടെ കളി ചൂടുപിടിച്ചു. 75 -ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിന് ചാടിതലവച്ച ആംദാന്‍ അലിയാണ് മാലിയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അവസാന നിമിഷംവരെ സമനിലയ്ക്കായി മാലദ്വീപ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം പിളര്‍ത്താന്‍ കഴിഞ്ഞില്ല.