എട്ട് മാസം പ്രായമായ കുഞ്ഞിന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സ തടഞ്ഞു

Posted on: December 31, 2015 12:15 am | Last updated: December 31, 2015 at 9:22 am
SHARE
jubilee mission hospital
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി

തൃശൂര്‍: പനി ബാധിച്ച എട്ട് മാസം പ്രായമായ കുഞ്ഞിന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സ തടഞ്ഞു. കുഞ്ഞിനോടൊപ്പം ആശുപത്രിയിലെത്തിയ രക്ഷിതാക്കളോട് ആശുപത്രി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതായും കുഞ്ഞിന്റെ ചികിത്സാ ചീട്ടുകളടങ്ങിയ ഫയല്‍ വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ചേര്‍പ്പ് പടിഞ്ഞാറ്മുറിയിലെ മങ്ങാട്ട് ഹൗസില്‍ ജാഫര്‍- സഫിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിമാണ് ആശുപത്രി ജീവനക്കാരുടെ ക്രൂരതക്ക് ഇരയായത്.
പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച പകല്‍ ജാസിമിനെ പഴുവില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. പിന്നീട് വീണ്ടും പനി കൂടി. ഇതേത്തുടര്‍ന്ന് രാത്രി 12.30ന് ജാസിമിനെ തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ട് വരികയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയപ്പോള്‍ മുകളിലെ കുട്ടികളുടെ വാര്‍ഡില്‍ കൊണ്ടുപോകണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍, കുട്ടികളുടെ വാര്‍ഡില്‍ കുഞ്ഞിനെയുമായെത്തിയപ്പോഴാണ് രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയത്. കുഞ്ഞിന് 105 ഡിഗ്രി പനിയുണ്ടെന്നും അത്യാഹിത വിഭാഗത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടികളുടെ വാര്‍ഡിലേക്ക് വന്നതെന്നും രക്ഷിതാക്കള്‍ നഴ്‌സിനോട് പറഞ്ഞെങ്കിലും ആരാണ് ഇവിടെ കൊണ്ട് വരാന്‍ പറഞ്ഞതെന്ന് ചോദിച്ചായിരുന്നു ജീവനക്കാര്‍ രക്ഷിതാക്കളോട് ക്ഷോഭിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചീട്ടടങ്ങിയ ഫയല്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗര്‍ഭിണിയായ നഴ്‌സിന് നല്‍കിയപ്പോള്‍ വലിച്ചെറിഞ്ഞതായും കുഞ്ഞിന്റെ പിതാവ് ജാഫര്‍ സിറാജിനോട് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ നാളെ രാവിലെ വന്ന് എഴുതിക്കൊടുത്തോളൂ എന്നും ഇവര്‍ പറഞ്ഞതായി പറയപ്പെടുന്നു.—
തുടര്‍ന്ന് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞിനെ പനി മൂര്‍ഛിച്ചതിനാല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തില്‍ നിന്നും റൂമിലേക്ക് മാറ്റി.
ജൂബിലി മിഷന്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ കുഞ്ഞിന്റെ കുടുംബക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here