തുര്‍ക്കിയുമായി സഊദി അറേബ്യ തന്ത്രപ്രധാന സഹകരണത്തിന്

Posted on: December 31, 2015 5:53 am | Last updated: December 30, 2015 at 11:54 pm

റിയാദ്: സഊദി അറേബ്യ തുര്‍ക്കിയുമായി തന്ത്രപ്രധാന മേഖലയില്‍ സഹകരണത്തിനൊരുങ്ങുന്നു. ഇരു രാജ്യവും ഇതുമായി ബന്ധപ്പെട്ട് റിയാദില്‍ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക -നിക്ഷേപ രംഗം ഊഷ്മളമാക്കാന്‍ രണ്ട് രാജ്യങ്ങളും തീരുമാനിച്ചതായി സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്ര പ്രധാന മേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കൗണ്‍സിലിന് രൂപം നല്‍കാന്‍ തീരുമാനമായതായി ഇരു ഗേഹങ്ങളുടെ പരിപാലകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടന്ന ഔദ്യോഗിക സംഭാഷണത്തിന് ശേഷം അല്‍ജുബൈര്‍ തുര്‍ക്കി പ്രതിനിധിയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
സുരക്ഷാ, സൈന്യം, സാമ്പത്തികം, വ്യാപാരം, ഊര്‍ജം, നിക്ഷേപം എന്നീ മേഖലയിലെ സഹകരണത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദി രാജാവ് സല്‍മാന്‍ റിയാദിലെ അല്‍ യെമാമ പാലസിലാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ സ്വീകരിച്ചത്. കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി പ്രീമയറും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫ് രാജകുമാരന്‍, രണ്ടാമത് ഡെപ്യൂട്ടി പ്രീമയറും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും പങ്കെടുത്തു. സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇവിടെ ചര്‍ച്ചയായി. ഇതിന് പുറമെ ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങളും ഇവര്‍ തമ്മില്‍ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.