കുടുംബങ്ങള്‍ക്കിടയില്‍ ബാച്ചിലര്‍ താമസം വേണ്ട

Posted on: December 30, 2015 7:31 pm | Last updated: December 30, 2015 at 7:31 pm

roomദോഹ: കുടുംബ പാര്‍പ്പിട മേഖലകളില്‍ ശല്യമാകുന്ന രീതിയില്‍ ബാച്ചിലര്‍ തൊഴിലാളികള്‍ കൂട്ടംകൂടുന്നതും താമസിക്കുന്നതും നിയന്ത്രിക്കേണ്ടതുണ്ടെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. കുടുംബങ്ങള്‍ക്കു ശല്യമാകുന്ന രീതിയിലുള്ള തൊഴിലാളികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ നേരത്തേ നിയമവും നിര്‍ദേശവും നിലവിലുണ്ടെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും പ്രശ്‌നം തുടരുന്നുണ്ടെന്നും നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കുടുംബങ്ങള്‍ താമിസിക്കുന്ന പ്രദേശത്ത് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ അനുവദിക്കുന്നത് തടയണം. കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുന്ന ഉടമകളും വാടകക്കെടുക്കുന്നവരും ഇത് ഉറപ്പു വരുത്തണം. കുടുംബങ്ങള്‍ക്കെന്ന പേരില്‍ കെട്ടിടം വാടകക്കെടുത്ത് തൊഴിലാളികള്‍ താമസിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കെട്ടിട വാടകക്കരാര്‍ പരിശോധിച്ച് യഥാര്‍ഥ വാടക്കാര്‍ തന്നെയാണോ താസമിക്കുന്നത് എന്ന് ഉറപ്പാക്കണം. കുടുംബ പാര്‍പ്പിട മേഖലയില്‍നിന്നും തൊഴിലാളികെ ഒഴിവാക്കുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്നും തൊഴിലാളികള്‍ക്ക് തമാസിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിനും നടപടി വേണമെന്നും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. പാര്‍പ്പിട മേഖലടില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് അടുത്ത വീടുകളിലെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ലീഗല്‍ കമ്മിറ്റി മേധാവി ശൈഖ ജുഫൈരി തയാറാക്കിയ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ചര്‍ച്ചകള്‍ നടന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതുണ്ടെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് നഗരസഭ, നഗരാസൂത്രണ മന്ത്രാലയത്തിന് ശിപാര്‍ശ ചെയ്യാന്‍ കൗണ്‍സില്‍ ധാരണയായി.
ഇന്നലെ രാവിലെ പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമൂദ് അല്‍ ശാഫിയുടെ അധ്യക്ഷതയിലാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. നഗരത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി സ്ത്രീകള്‍ ഡ്രൈവര്‍മാരായ ടാക്‌സി സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടും. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും സ്വാതന്ത്ര്യവും നല്‍കുന്ന യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ നിയമവശങ്ങളും പഠിക്കും. പ്രത്യേക നിറത്തിലുള്ളതും സ്ത്രീകള്‍ കൂടുതലായി ആശ്രയിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ളതുമായിരിക്കണം സര്‍വീസ് എന്നാണ് നിര്‍ദേശം.