Connect with us

International

ചൈനയില്‍ 38 ബില്യണ്‍ ഡോളറിന്റെ ദേശീയ ഫണ്ട് ദുരുപയോഗം പുറത്തായി

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ 38 ബില്യണ്‍ ഡോളറിന്റെ ദേശീയ ഫണ്ട് ദുരുപയോഗം ചെയ്തതായി രാജ്യത്തെ ഉന്നത ഓഡിറ്റിംഗ് കമ്മിറ്റി കണ്ടെത്തി. ഓഡിറ്റ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 321 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ ഓഡിറ്റിംഗ് വര്‍ക്ക് കോണ്‍ഫറന്‍സ് 20,000 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് 38 ബില്യണ്‍ ഡോളറിന്റെ ഫണ്ട് ദുരുപയോഗം കണ്ടെത്തിയതെന്ന് ദേശീയ ഓഡിറ്റ് ഓഫീസ് (എന്‍ എ ഒ) തലവന്‍ ലിയു ജിആയി പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് 321 ഉദ്യോഗസ്ഥരേയും ഇവരുമായി ബന്ധപ്പെട്ട ജീവനക്കാരേയും ജുഡീഷ്യല്‍-അച്ചടക്ക പരിശോധന അധികൃതര്‍ക്ക് കൈമാറിയതായി ലിയുവിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഏഴ് ലക്ഷത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.7 ട്രില്യണ്‍ യുവാന്‍ തിരിച്ചുപിടിച്ചുവെന്നും ലിയു പറഞ്ഞു. അഴിമതിക്കെതിരെ പൊരുതുന്നതില്‍ മുഖ്യ ഓഡിറ്റര്‍ക്ക് പ്രധാന പങ്കാണുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുമെന്ന് ഹുനാന്‍ പ്രവിശ്യയിലെ അഴിമതി വിരുദ്ധ വിദഗ്ധന്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. 31 പ്രവിശ്യകളില്‍നിന്നുള്ള 30 ല്‍ അധികം മിനിസ്റ്റീരിയല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ഈ വര്‍ഷം അഴിമതിക്കേസിലുള്‍പ്പെട്ട് അന്വേഷണത്തെ നേരിടുന്നത്.
2013ല്‍ ഷി ജിന്‍പിംഗ് പ്രസിഡന്റായ ശേഷം ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് വിവിധ തലത്തിലുള്ള അന്വേഷണത്തെ നേരിട്ടതും ശിക്ഷയേറ്റു വാങ്ങിയതും. അഴിമതിക്കെതിരായ ഓഡിറ്റ് പരിശോധന അടുത്ത വര്‍ഷത്തേക്ക് നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.