Connect with us

Gulf

സഊദിയില്‍ സാമ്പത്തിക കരുതല്‍: വിദേശികള്‍ക്ക് തിരിച്ചടിയാകും

Published

|

Last Updated

റിയാദ്: എണ്ണ വിലക്കുറവ് സൃഷ്ടിക്കുന്ന ധന പ്രതിസന്ധിയെ നേരിടാനുള്ള സൂക്ഷ്മമായ കരുതല്‍ നടപടികളാണ് കഴിഞ്ഞ ദിവസം ലോകത്തെ രണ്ടാമത്തെ വലിയ എണ്ണയുത്പാദക രാജ്യമായ സഊദി അറേബ്യ സ്വീകരിച്ചതെന്ന് നിരീക്ഷണം. ചെലവുകള്‍ കുറച്ചും ആഭ്യന്തര വരുമാനം ഉയര്‍ത്തിയും ധന പ്രതിസന്ധിക്ക് ബദല്‍ കണ്ടെത്താനുള്ള നടപടികളാണ് സഊദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
എണ്ണവില ഉയര്‍ത്താനുള്ള തീരുമാനമായിരുന്നു ഇതില്‍ മുഖ്യം. വൈദ്യുതി, വെള്ളം തുടങ്ങിയ നിത്യോപയോഗ ഊര്‍ജത്തിന്റെ വിലയിലും മാറ്റം വരുത്തി. വര്‍ഷങ്ങളായി തുടരുന്ന നിരക്കുകളിലെ വ്യത്യാസപ്പെടുത്തലിനെതിരെ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ധനസ്ഥിതിയെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള നീക്കവുമായാണ് ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ധനസ്ഥിതി വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണെന്ന് നിരക്കുകളില്‍ വ്യത്യാസം വരുത്തിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചു നടത്തിയ പ്രസ്താവനയില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. മുന്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക, വാണിജ്യ മേഖലയില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാമ്പത്തിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വരുമാനത്തിന് വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും കരുതിവെപ്പ് പ്രോത്സാഹിപ്പിക്കുന്നും തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കുന്നതുമാണ് ഈ വര്‍ഷത്തെ ബജറ്റ്. പൗരന്‍മാര്‍ക്ക് നല്‍കുന്ന സേവനത്തിന് പൊതുമേഖലാ-സ്വകാര്യ മേഖലാ സഹകരണം മെച്ചപ്പെടുത്തുമെന്നും ദുര്‍വ്യയം കുറക്കാനും പൊതുചെലവുകള്‍ നിയന്ത്രിക്കാനും വിവിധ മേഖലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവലോകനം നടത്താനും ബജറ്റ് നിര്‍ദേശിക്കുന്നു. ബിസിനസ് രംഗത്ത് മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റ് താത്പര്യപ്പടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സ്വീകരിക്കുന്ന കരുതലിനെക്കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കിയാണ് സല്‍മാന്‍ രാജാവ് ബജറ്റ് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ ചെലവു ചുരുക്കും. സേവനമേഖയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. സര്‍ക്കാര്‍ സൗജന്യങ്ങള്‍ പുനരവലോകനം ചെയ്യും തുടങ്ങിയ പ്രധാനമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവത്കരണം ബജറ്റ് പ്രസ്താവന എടുത്തു പറയുന്നു. എണ്ണയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ളതായിരിക്കില്ല രാജ്യത്തിന്റെ ഭാവിയിലെ സാമ്പത്തിക വ്യവഹാരം എന്നു വ്യക്തമാക്കുന്നതിനൊപ്പം വ്യവസായ, വാണിജ്യ മേഖലയില്‍ മത്സരാധിഷ്ഠിത വികസനം കൊണ്ടുവരാനുള്ള നിര്‍ദേശം ഫലത്തില്‍ രാജ്യത്തെ വ്യവസായിക മേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള ഗ്രീന്‍ സിഗ്നലാണെന്നും പുതിയ സാഹചര്യത്തില്‍ പുതിയ സാമ്പത്തിക സ്രോതസ്സിന് വേണ്ടിയുള്ള വഴിതേടുകയാണ് സഊദി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സഊദിയെ ആശ്രയിക്കുന്ന ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തീരുമാനവും ബജറ്റ് നിര്‍ദേശങ്ങളുടെ വിശദീകരണത്തിനിടെ ധന മന്ത്രി ഇബ്‌റാഹീം അല്‍ അസ്സാഫ് പ്രഖ്യാപിച്ചു. വിദേശ തൊഴിലാളികളെ നിയന്ത്രിച്ച് രാജ്യത്തെ ആഭ്യന്തര ധന സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് ഈ തീരുമാനം.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുകൂടിയാണ് നിയന്ത്രണം. അനിവാര്യമായ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ മേഖലകളിലേക്കായി വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കണം. ഇപ്പോള്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതില്‍ രാജ്യം സെലക്ടീവ് ആണെന്ന് ധനമന്ത്രി ഇബ്‌റാഹിം അല്‍ അസ്സാഫ് പറഞ്ഞു. വിവിധ മേഖകളിലേക്ക് സഊദികളായ പ്രൊഫഷനലുകളെ പരിശീലിപ്പിച്ച് നിയമിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. അതേസമയം, വ്യക്തിഗത വരുമാന നികുതി വരാന്‍ പോകുന്നുവെന്ന പ്രചാരണത്തെ മന്ത്രി തള്ളി. വിദേശികളുടെ വരുമാനത്തിന്മേല്‍ നികുതി ചുമത്താനുള്ള ഒരു ഉദ്ദേശവുമില്ല.
840 ബില്ല്യണ്‍ സഊദി റിയാലിന്റെ ബജറ്റാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2016ലേക്കുള്ള ബജറ്റില്‍ 367 ബില്ല്യണ്‍ റിയാലിന്റെ കമ്മി രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ബജറ്റിലെ ചെലവ് 975 ബില്ല്യണ്‍ റിയാലായിരുന്നു. ആകെ ബജറ്റ് തുകയിലും കുറവ് രേഖപ്പെടുത്തി. സര്‍ക്കാറിന്റെ വരുമാനം ഈ വര്‍ഷത്തെ 608 ബില്ല്യണ്‍ റിയാലില്‍ നിന്ന് 514 ബില്ല്യണ്‍ റിയാലായി ചുരുങ്ങുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണമേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 73 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതാണ് ബജറ്റിനെ സ്വാധീനിച്ചത്.
പെട്രോള്‍ വിലവര്‍ധന പ്രാബല്യത്തില്‍;
വൈദ്യുതിക്കും വെള്ളത്തിനും വില കൂടും
റിയാദ്: സഊദിയില്‍ വര്‍ഷങ്ങളായി തുച്ഛവിലക്ക് ലഭിച്ചിരുന്ന പെട്രോളിന് വില കുത്തനെകൂട്ടി. വൈദ്യുതിക്കും വെള്ളത്തിനും നിരക്ക് ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. ലിറ്ററിന് 45 ഹലാലക്കു ലഭിച്ചിരുന്ന (ഏകദേശം എട്ട് രൂപ) പെട്രോളിന് 75 (13.30 രൂപ)യായാണ് ഉയര്‍ന്നത്. ലിറ്ററിന് 60 ഹലാലക്ക് (10.65 രൂപ) ലഭിച്ചിരുന്ന മുന്തിയ പെട്രോളിന് 90 ഹലാല (16 രൂപ)യായും ഉയര്‍ന്നു. വില വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ രാജ്യത്തു നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധനവിനെത്തുടര്‍ന്നും പ്രാദേശിക എണ്ണ വിലയില്‍ കാര്യമായ വ്യത്യാസം വരുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് സഊദി. ഗള്‍ഫില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ എണ്ണ ലഭിച്ചിരുന്നത് സഊദിയിലായിരുന്നു.
അതേസമയം വെള്ളം, വൈദ്യുതി നിരക്ക് അടുത്ത മാസം 11 മുതലാണ് ഉയരുക. ഇന്ധന,ജല, വൈദ്യുത വിലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഊര്‍ജ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കെ ഉപയോഗം നിയന്ത്രിക്കുന്നതിനും വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും താരിഫ് പരിഷ്‌കാരം ഫലം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നതിനും നിലവിലുള്ള സര്‍ക്കാര്‍ ഫീസ്, പിഴകള്‍ ഉയര്‍ത്തുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പുകയില, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവക്ക് അധികത്തീരുവ ഏര്‍പ്പെടുത്തും.