അല്‍ ദഫ്‌റ ഫെസ്റ്റിവലില്‍ ക്ലാസിക് കാറുകള്‍

Posted on: December 29, 2015 11:05 pm | Last updated: December 29, 2015 at 11:05 pm

carഅബുദാബി: അല്‍ ദഫ്‌റ ഫെസ്റ്റിവലില്‍ ക്ലാസിക് കാറുകള്‍ പ്രദര്‍ശിപ്പിച്ചു. മദീനാ സായിദിലെ അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ നഗരിയിലാണിത്. ആദ്യമായാണ് ക്ലാസിക് കാറുകളുടെ മല്‍സരവും പ്രദര്‍ശനവും. യുഎഇയുടെ 44ാം വാര്‍ഷികാഘോഷ സ്മരണയില്‍ 44 ക്ലാസിക് കാറുകളെ പങ്കെടുപ്പിച്ചാണു മല്‍സരമെന്ന് അബുദാബി ക്ലാസിക് കാര്‍ ക്ലബ് ജനറല്‍ മാനേജര്‍ റാഷിദ് അല്‍ തമീമി പറഞ്ഞു.
1920ല്‍ നിര്‍മിച്ച കാറുകളുടെ വരെ സമ്പൂര്‍ണ വിവരങ്ങള്‍ സമീപത്തെ സ്റ്റാന്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചില കാറുകളില്‍ സീറ്റും ചക്രത്തിന്റെ റിമ്മും തടി കൊണ്ടാണ്. 1960ല്‍ ശൈഖ് സായിദ് മരുഭൂ യാത്രക്കായി ഉപയോഗിച്ചിരുന്ന ട്രക്കുകളും പ്രദര്‍ശനത്തിലുണ്ട്. യു എ ഇയില്‍ ആദ്യമായി കാറെത്തിയത് 1924ല്‍ ഷാര്‍ജയിലാണ്. പത്തു വര്‍ഷം കഴിഞ്ഞ് 1934ല്‍ അബുദാബിയില്‍ എത്തിയ ആദ്യ ഫോഡ് കാറും പ്രദര്‍ശനത്തിലുണ്ട്.
ചില കാറുകള്‍ രാജ കുടുംബാംഗങ്ങളില്‍ നിന്നാണു ശേഖരിച്ചതെന്നും അല്‍ തമീമി ചൂണ്ടിക്കാട്ടി. മൊത്തം 12 വിഭാഗങ്ങളിലാണ് ക്ലാസിക് കാര്‍ മല്‍സരം. 10,000 ദിര്‍ഹം, 7500 ദിര്‍ഹം, 5000 ദിര്‍ഹം, 2000 ദിര്‍ഹം എന്നിങ്ങനെയാണ് ഒന്നു മുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്കുള്ള സമ്മാനം.