ആയുര്‍വേദ ചികിത്സക്ക് ഖത്വറില്‍ അംഗീകാരം

Posted on: December 29, 2015 8:22 pm | Last updated: December 29, 2015 at 8:22 pm
SHARE

ayurvedaദോഹ: ഇന്ത്യയിലെ പരമ്പരാഗത പച്ചമരുന്നു ചികിത്സാ രീതിയായ ആയുര്‍വേദത്തിന് ഖത്വറില്‍ അംഗീകാരമാകുന്നു. ഇതോടെ ആയുര്‍വേദ മരുന്നുകള്‍ക്കും രാജ്യത്ത് അംഗീകാരം ലഭിക്കും. ആയുര്‍വേദമുള്‍പ്പെടെ അഞ്ചു ചികിത്സാ രീതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഖത്വര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീസണഴേസ് (ക്യു സി എച്ച് പി) തീരുമാനമെടുക്കുമെന്ന് പ്രാദേശിക അറബി പത്രം അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആയുര്‍വേദത്തോടൊപ്പം കപ്പിംഗ് തെറാപ്പി, കിറോപ്രാട്ക്ടിക് ചികിത്സ, ഹെര്‍ബല്‍ മെഡിസിന്‍, അക്യുപംഗ്ചര്‍ എന്നിവക്കാണ് കൗണ്‍സില്‍ അംഗീകാരം നല്‍കുന്നത്. പച്ചമരുന്നുകളും എണ്ണകളുമുപയോഗിച്ചുള്ള ഉഴിച്ചില്‍ ഉള്‍പ്പെടെയുള്ള ആയുര്‍വേദ ചികിത്സാ രീതികള്‍ക്കാണ് അംഗീകാരം ലഭിക്കുക. കൗണ്‍സിലിലെ രജിസ്‌ട്രേഷന്‍ വിഭാഗം പുതിയ ചികിത്സാ രീതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ഏറെ പ്രചാരമുള്ളതും ശരീരത്തിലെ വിവിധ അസുഖങ്ങള്‍ക്ക് അലോപ്പതിയേക്കാള്‍ ഫലപ്രദവുമായ ആയുര്‍വേദ ചികിത്സകള്‍ തേടി നിരവധി ഖത്വരികള്‍ ഇന്ത്യയിലേക്കു പോകുന്നുണ്ട്. രാജ്യത്ത് പ്രായം ചെന്നവരില്‍ നല്ലൊരു ശതമാനം ആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ സ്വീകരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ആയുര്‍വേദത്തിന് രാജ്യത്ത് അംഗീകാരമാകുന്നത്. സര്‍ക്കാര്‍ തലത്തില്‍ ആയുര്‍വേദ ചികിത്സാ സംവിധാനം ആരംഭിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
എന്നാല്‍, ചികിത്സക്ക് അംഗീകാരം ലഭിക്കുന്നത് നിരവധി മലയാളി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉഴിച്ചില്‍ വിദഗ്ധര്‍ക്കും ജോലി ലഭിക്കാന്‍ കാരണമാകും. ഖത്വറിലേക്ക് ഇന്ത്യയില്‍നിന്നുള്ള ആയുര്‍വേദ മരുന്നു കയറ്റുമതി വര്‍ധിക്കാനും കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here