സിവില്‍ ഏവിയേഷന്‍ നിബന്ധനകള്‍ വിമാന യാത്രാ നിരക്ക് ഉയരാനിടയാക്കും

Posted on: December 29, 2015 8:20 pm | Last updated: December 30, 2015 at 9:10 pm

air-india_650x400_51449926765ദോഹ : വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിയന്ത്രണം ഏര്‍പെടുത്തിക്കൊണ്ടുള്ള സിവില്‍ ഏവിയേഷന്‍ നിയമ പരിഷ്‌കാരം പ്രാവര്‍ത്തികമായാല്‍ നാട്ടിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ ഉയരുമെന്നു നിരീക്ഷണം. വിദേശ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് നിയന്ത്രണം ഏര്‍പെടുത്തുന്നതിനും സീറ്റുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം വരുത്തിക്കൊണ്ടുള്ള നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്. രാജ്യാന്തര ഏവിയേഷന്‍ നിരീക്ഷകരും അയാട്ടയുള്‍പ്പെടെയുള്ള ഏജന്‍സികളും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു രംഗത്തെത്തി. വിദേശ ഇന്ത്യക്കാരില്‍നിന്നും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ വിമാന കമ്പനികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വിദേശ വിമാന കമ്പനികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. വിദേശ വിമാനങ്ങള്‍ക്ക് അനിയന്ത്രിതമായ അവസരം നല്‍കുന്നതിനെതിരെ എയര്‍ ഇന്ത്യയും ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളും രംഗത്തു വന്നിരുന്നു. ഇന്ത്യയില്‍ എമിറേറ്റ്‌സ് പോലുള്ള വിദേശ വിമാനങ്ങളാണ് എയര്‍ ഇന്ത്യയേക്കാള്‍ മുന്നിലെന്ന രീതിയിലുള്ള വിമര്‍ശവും ഇന്ത്യന്‍ ഏവിയേഷന്‍ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായി. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ വരുന്ന ശിപാര്‍ശ പക്ഷേ, പ്രവാസികള്‍ക്ക് കനത്ത ഭാരം സൃഷ്ടിക്കും. നിലില്‍ വിദേശ വിമാനങ്ങള്‍ക്ക് അനുവദിച്ച അത്രയും സീറ്റുകളില്‍ തിരിച്ചു സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു ശേഷിയില്ലാത്തതാണ് പ്രധാന കാരണം. ഫലത്തില്‍ വിദേശ കമ്പനികള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ സര്‍വീസുകള്‍ കുറയുകയും ടിക്കറ്റ് നിരക്ക് ഉയരാനുമിടയാക്കും.
വിദേശ വിമാന കമ്പനികള്‍ക്ക് ഇപ്പോഴുള്ളതിലധികം സീറ്റുകളോ നഗരങ്ങളോ ആവശ്യമെങ്കില്‍ ലേലം ചെയ്‌തെടുക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥയെന്ന് ദേശയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരമൊരു രീതി ലോകത്തെവിടെയും നിലവിലില്ലെന്നാണ് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പ്രതികരിച്ചിരിക്കുന്നത്. നിയമം നടപ്പാക്കുന്നത് പുനരാലോചിക്കണമെന്ന് അയാട്ട കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ വിമാന കമ്പനികളെ പിന്തിരിപ്പിക്കുന്നതിനും നിരക്കുയര്‍ത്തുന്നതിനും വഴിവെക്കും. ലേലം രാജ്യാന്തര സിവില്‍ ഏവിയേഷന്‍ നയങ്ങളുമായി ഒത്തു പോകുന്നതല്ല. എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശം നല്‍കുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
വിദേശ വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തിരിച്ചു സര്‍വീസ് നടത്താനുള്ള അവകാശം മാത്രമല്ല നല്‍കുന്നത്. ആഭ്യന്തര ഉത്പാദന വരുമാനത്തെ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദുബൈയുടെ എമിറേറ്റ് വിമാനത്തിന് ഇന്ത്യയിലേക്ക് പ്രതിവാരം 6,000 സീറ്റുകളുടെ അവകാശമുണ്ട്. ഖത്വര്‍ എയര്‍വേയ്‌സ് ഇന്ത്യയിലെ 13 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇത്തിഹാദ്, ഫ്‌ളൈദുബൈ, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍, സഊദി എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങളും ഗള്‍ഫില്‍നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നു.