എ എഫ് സി ചാംപ്യന്‍ഷിപ്പിന് ‘നജീം’ ഭാഗ്യചിഹ്നം

Posted on: December 29, 2015 7:32 pm | Last updated: December 29, 2015 at 7:32 pm
എ എഫ് സി ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം
എ എഫ് സി ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം

ദോഹ: എ എഫ് സി അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പിനുള്ള ഭാഗ്യചിഹ്നം ഖത്വര്‍ അവതരിപ്പിച്ചു. മരുഭൂമിയിലെ കുറുക്കനായ നജീം ആണ് ഭാഗ്യചിഹ്നം, യുവ ഫുട്‌ബോള്‍ കളിക്കാരന്റെ ബുദ്ധിശക്തി, വേഗത, കരുത്ത് എന്നിവയെയാണ് നജീം പ്രതിനിധാനം ചെയ്യുന്നത്. ലഖ്‌വിയ്യ സ്റ്റേഡിയത്തില്‍ വെച്ചാണ് ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
ഖത്വര്‍ സ്റ്റാഴ്‌സ് ലീഗ് സി ഇ ഒ ഹാനി ബല്ലാന്‍, സംഘാടക സമിതി സി ഒ ഒ അഹ്മദ് അല്‍ ഹറമി തുടങ്ങിയവര്‍ ഭാഗ്യചിഹ്നം അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തു. ഷോപ്പുകളില്‍ ഭാഗ്യചിഹ്നത്തിന്റെ മാതൃകകള്‍ ലഭിക്കും. ജനുവരി 12 മുതല്‍ 30 വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുക. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം, ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ഖത്വര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയം എന്നിവയാണ് വേദികള്‍. ഖത്വര്‍ മണ്ണില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരമാകുമിത്. മത്സരത്തില്‍ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് 2016ലെ ഒളിംപിക്‌സ് യോഗ്യത ലഭിക്കും.
ലഖ്‌വിയ്യ സ്റ്റേഡിയത്തില്‍ ഖത്വര്‍- ചൈന മത്സരമാണ് ആദ്യദിനമുണ്ടാകുക. ഖത്വര്‍ അടങ്ങിയ ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങള്‍ സിറിയയും ഇറാനുമാണ്. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഔദ്യോഗികമായി തുടങ്ങിയിട്ടുണ്ട്.