വൈകല്യമുള്ള വ്യക്തികള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം ഉറപ്പുവരുത്തണം

Posted on: December 29, 2015 12:10 pm | Last updated: December 29, 2015 at 12:10 pm

കല്‍പ്പറ്റ: വൈകല്യമുള്ള വ്യക്തികള്‍ ഉള്‍പ്പെടുന്ന കുടുംബ സ്വത്ത് അവരുടെ അവകാശം ഉറപ്പ് വരുത്തി സംരക്ഷിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റി. ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബലിറ്റി തുടങ്ങിയ വൈകല്യങ്ങളുള്ള വ്യക്തികളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. ജില്ലാ തലത്തില്‍ രൂപീകരിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗത്തില്‍ വൈകല്യമുള്ള വ്യക്തികള്‍ക്ക് നിയമാനുസൃത രക്ഷാകര്‍തൃത്വത്തിനും ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 20 ഓളം കേസുകളാണ് പരിഗണിച്ചത്.
ഒട്ടുമിക്ക കേസുകളിലും വൈകല്യമുള്ള വ്യക്തികളെ കുടുംബ സ്വത്തില്‍ ഉള്‍പ്പെടുത്തി അവകാശം ഉറപ്പുവരുത്തുത്തുകയും, ഗാര്‍ഡിയന്‍ഷിപ്പ് ലഭ്യമാക്കുകയായിരുന്നു.
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ പരിധിയിലുള്ള നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 പ്രകാരം കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ അവസ്ഥയിലുള്ള പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികള്‍ കുടുംബത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. വൈകല്യമുള്ള വ്യക്തികള്‍ ഉള്‍പ്പെടുന്ന കുടുംബ സ്വത്തില്‍ അവരുടെ അവകാശം സംരക്ഷിക്കപ്പെടുുണ്ടെന്ന് ഉറപ്പ് വരുത്തുക, വൈകല്യമുള്ള വ്യക്തികളുടെ കുടുംബ ഓഹരി ഭാഗം വെക്കുക, ക്രയവിക്രയം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായ ജില്ലാ തല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ ചെയ്യാവൂ.
വൈകല്യങ്ങളുള്ള വ്യക്തികള്‍ക്ക് അവകാശപ്പെട്ട സ്വത്ത് നിയമ വിരുദ്ധമായി ക്രയവിക്രയം ചെയ്ത് അന്യാധീനപ്പെട്ടു പോവുന്നത് തടയേണ്ടതും വ്യക്തികളുടെ പേരില്‍ വസ്തുകള്‍ പോക്കുവരവ് ചെയ്യുന്നതിന് മുമ്പ് നാഷണല്‍ ട്രസ്റ്റിന്റെ ജില്ലാ തല കമ്മിറ്റിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതുമാണ്. വികലാംഗപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് പെന്‍ഷന്‍ ഉറപ്പ് വരുത്താനും, എ.പി.എല്‍ കാര്‍ഡുകാരെ ബി.പി.എല്‍ ആക്കാനും, ആശ്വാസ കിരണ്‍ പദ്ധതിയിലൂടെ പെന്‍ഷന്‍ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ സ്‌നാക് സംസ്ഥാനതല കോഡിനേറ്റര്‍ കെ. വേണുഗോപാലന്‍ നായര്‍, റ്റി.കെ ലൂക്ക, ജില്ലാ രജിസ്ട്രാര്‍, ഡെപ്യൂട്ടി ഡി.എം.ഒ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.