മുത്തങ്ങ പുനഃരധിവാസം: ഭൂവിതരണം ത്വരിതപ്പെടുത്തണമെന്ന് മന്ത്രി പി കെ ജയലക്ഷ്മി

Posted on: December 29, 2015 12:09 pm | Last updated: December 29, 2015 at 12:09 pm

കല്‍പ്പറ്റ: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദിവാസി ഭൂവിതരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍ദേശിച്ചു.
ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരും ആദിവാസി ഗോത്ര മഹാസഭയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭൂമി ലഭിക്കാന്‍ അര്‍ഹത നേടിയ 821 പേര്‍ക്ക് ഭൂമി നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്തും. ഇതിനകം ഭൂമി അളന്നു തിട്ടപ്പെടുത്തിയ 291 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
ഹാംലെറ്റ് പദ്ധതിയിലും എറ്റിഎസ്പി പദ്ധതിയിലും ഉള്‍പ്പെട്ട ഭവന നിര്‍മ്മാണ പ്ര വൃത്തികള്‍ ത്വരിതപ്പെടുത്തും. ഇവയുടെ കരാര്‍, ടെന്‍ഡര്‍ നടപടികള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണ ഏജന്‍സിയായ കെഎസ്‌ഐഡിസിക്ക് നിര്‍ദ്ദേശം നല്‍കി. അരിവാള്‍ രോഗികള്‍ക്കുള്ള ഭൂവിതരണം ത്വരിതപ്പെടുത്തും. ഇതിനായി ജില്ലയില്‍ വിലകൊടുത്ത് വാങ്ങാന്‍ നിശ്ചയിച്ച് വിലനിര്‍ണ്ണയം പൂര്‍ത്തിയായ 104 ഏക്കര്‍ ഭൂമി വിതരണത്തിന് തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ആദിവാസി ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണത്തില്‍ ഇടനിലക്കാരെ ഉള്‍പ്പെടുത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികളെ ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ വകുപ്പ് ജാഗ്രത പുലര്‍ത്തണം. ഗുണഭോക്താക്കള്‍ക്ക് കൊടുക്കുന്ന വീടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.കെ.വിജയന്‍, സി.എം.മുരളീധരന്‍, മാനന്തവാടി തഹസില്‍ദാര്‍ ടി.സോമനാഥന്‍, സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ തഹസില്‍ദാര്‍ എം.ജെ.സണ്ണി, വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാര്‍ മധുസൂദനന്‍, ഐറ്റിഡിപി ഓഫീസര്‍ കെ. കൃഷ്ണന്‍, കെഎസ്‌ഐഡിസി ഉദ്യോഗസ്ഥര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.