Connect with us

National

രാജ്യത്തെ ആദ്യ ഇ- ബോര്‍ഡിംഗ് വിമാനത്താവളം

Published

|

Last Updated

ഹൈദരാബാദ്: ഇ- ബോര്‍ഡിംഗ് സൗകര്യമുള്ള രാജ്യത്തെ ആദ്യ വിമാനത്താവളമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം മാറി. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നത് വരെ ലഭിക്കുന്ന നിരവധി സൗകര്യങ്ങടങ്ങിയ സംവിധാനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി റാവു നിര്‍വഹിച്ചു.
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ തത്കാലം പഴയ രീതിയില്‍ തന്നെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പ്രവേശിക്കാവുന്നതാണെന്ന് അധികൃതര്‍ പുറത്തിറക്കിയ കുറിപ്പ് വിശദീകരിക്കുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പുള്ള എല്ലാ കടമ്പകളും ഈ വിമാനത്താവളത്തില്‍ ഇനി പുതിയ രീതിയിലാകും നടക്കുക. ടെര്‍മിനലിനകത്ത് പ്രവേശിക്കല്‍, സുരക്ഷാ പരിശോധന, ബോര്‍ഡിംഗ് ഗേറ്റിലും ബോര്‍ഡിംഗ് ബ്രിഡ്ജിലുമുള്ള പരിശോധന എന്നിവയെല്ലാം പരിഷ്‌കരിച്ച രീതിയില്‍ നടക്കും. ഇതിനായി, വിമാനത്താവളത്തിലെത്തുന്ന ഒരു യാത്രക്കാരന്റെ കൈയില്‍ മൊബൈ ല്‍ ഇ ബോര്‍ഡിംഗ് കാര്‍ഡും ആധാര്‍ കാര്‍ഡ് നമ്പറും മാത്രമേ ആവശ്യമായി വരികയുള്ളൂ.
ആദ്യഘട്ടത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ഇത്തരം ഒരു സംവിധാനം ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിമാനത്താവളം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് ജി കെ കിഷോര്‍ പറഞ്ഞു. നേരത്തെ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഇതിനായി സിവില്‍ ഏവിയേഷന്‍ സുരക്ഷാ ബ്യൂറോയുടെ അനുമതിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ തന്നെയാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ജി എം ആര്‍ ഗ്രൂപ്പിന് 63 ശതമാനം ഓഹരി ഉടമസ്ഥതയുള്ള ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ പോര്‍ട്ട് അതോറിറ്റിക്കും തെലങ്കാനക്കും 13 വീതവും മലേഷ്യന്‍ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ബെര്‍ഹാദിന് 11ഉം ശതമാനം ഓഹരിയുണ്ട്.

Latest