ക്രിക്കറ്റ് ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ക്കെന്ത്?

Posted on: December 29, 2015 6:00 am | Last updated: December 29, 2015 at 12:20 am

ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്ത് വന്ന വിവരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കമാണ്. ക്രിക്കറ്റുമായി ബന്ധമില്ലാത്ത രാഷ്ട്രീയക്കാരെയും വ്യവസായികളെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ തലപ്പത്ത് കുടിയിരുത്തരുതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഐ പി എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി സി സി ഐയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനായി സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റി സമൂല മാറ്റമാണ് ശിപാര്‍ശ ചെയ്തതെന്നാണ് വിവരം. ബി സി സി ഐ ഭാരവാഹികള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിത്വം വഹിക്കരുതെന്നും ബി സി സി ഐയെ സൊസൈറ്റി മാതൃകയില്‍ റജിസ്റ്റര്‍ ചെയ്യുന്ന രീതി മാറ്റി ട്രസ്റ്റോ കമ്പനിയോ ആക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
ദേശീയ തലത്തിലും ഏറെക്കുറെ സംസ്ഥാനങ്ങളിലും ക്രിക്കറ്റ് ഭരണം രാഷ്ട്രീയ, വ്യവസായ പ്രമുഖരുടെ കരങ്ങളിലാണ്. മഹാരാഷ്ട്ര ആസ്ഥാനമായ ബി സി സി ഐയെ ഏറെക്കാലം നിയന്ത്രിച്ചിരുന്നത് എന്‍ സി പി നേതാവ് ശരത് പവാറായിരുന്നു. മോദിയുടെ വിശ്വസ്തനും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു ഒരു പതിറ്റാണ്ടിലേറെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷന്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നേതൃസ്ഥാനം വഹിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആ പദവി വിട്ടൊഴിയുമ്പോള്‍ അതേല്‍പ്പിച്ചത് തന്റെ വിശ്വസ്തനായ അമിത് ഷായെയാണ്. ഹിമാചല്‍ പ്രദേശ് അസോസിയേഷന്‍ പ്രസിഡന്റ് യുവമോര്‍ച്ച നേതാവും ബി ജെ പി. എം പിയുമായ അനുരാഗ് താക്കൂറും ഗോവ ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ വിശ്വസ്തന്‍ ശേഖര്‍ സര്‍ക്കാറുമാണ്. കേരളത്തിലും കായിക മേഖലയോട് അകന്ന ബന്ധം മാത്രമുള്ളവരാണ് അസോസിയേഷനുകളുടെ തലപ്പത്ത്.
ഫുട്ബാള്‍, ബാഡ്മിന്റന്‍, ഹോക്കി, ടെന്നീസ്, അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ് തുടങ്ങി മറ്റു കായിക മേഖലകളുടെയും സ്ഥിതി ഭിന്നമല്ല. പ്രഫുല്‍ പട്ടേല്‍ (ഫുട്ബാള്‍), വിജയ് കുമാര്‍ മല്‍ഹോത്ര (അമ്പെയ്ത്ത്), അഖിലേഷ് ദാസ് ഗുപ്ത (ബാഡ്മിന്റന്‍), ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് (ഗുസ്തി), അഭിഷേക്ക് മതോറിയ (ബോക്‌സിംഗ്) തുടങ്ങിയവരെല്ലാം കേവല രാഷ്ട്രീയക്കാരും അനില്‍ ഖന്ന(ടെന്നീസ്), നരീന്ദര്‍ ബത്ര(ഹോക്കി ഇന്ത്യ), കെ ഡി സിംഗ്(ഐ എച്ച് എഫ്) തുടങ്ങിയവര്‍ ബിസിനസ് രംഗത്തുള്ളവരുമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും കായിക കളരിയില്‍ ഇറങ്ങിയിട്ടില്ലാത്ത ഇവര്‍ എന്തിനാണ് ഈ മേഖല ഭരിക്കാന്‍ താത്പര്യപ്പെടുന്നത്? ഐ പി എല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, നാഷനല്‍ ഗെയിംസ്, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കഥകളാണ് അതിനുള്ള മറുപടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് രാജ്യത്തെ മിക്ക കായിക സംഘടനാ നേതൃത്വങ്ങളും.
രാഷ്ട്രീയ, വ്യാവസായിക മാഫിയകള്‍ നേതൃത്വം നല്‍കുന്നതിന്റെ അനന്തരഫലം നമ്മുടെ കായിക രംഗം ഇന്നനുഭവിക്കുന്നു. രാഷ്ട്രീയക്കാരുടെ നേതൃത്വം കായിക മേഖലക്ക് നേട്ടത്തേക്കാളേറെ നഷ്ടമേ വരുത്തിയിട്ടുള്ളൂ. രാഷ്ട്രീയ, വ്യാവസായിക താത്പര്യങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തുന്ന ഇത്തരക്കാരുടെ കുതന്ത്രങ്ങള്‍ കായിക രംഗം എന്തിന് സഹിക്കണമെന്ന് കായിക സ്‌നേഹികള്‍ പലപ്പോഴും ചോദിച്ചതാണ്. രാജ്യത്തെ ഹോക്കിയുടെ പരിതാപകരമായ സ്ഥിതി വിലയിരുത്തവേ, രാഷ്ട്രീയക്കാരുടെ കരങ്ങളില്‍ നിന്ന് ഹോക്കിയെ മോചിപ്പിക്കേണ്ട ആവശ്യകത സുപ്രീം കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. അശ്വിനി നാച്ചപ്പയെപ്പോലുള്ളവര്‍ ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ബാനറില്‍ ഈ വഴിക്ക് ചില ശ്രമങ്ങള്‍ നടത്തിയതുമാണ്. കായിക മേഖലയെ നല്ലൊരു ചൂതാട്ട വേദിയായി ഉപയോഗിക്കുന്ന രാഷ്ട്രീയ, വ്യാവസായിക ലോബികള്‍ അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയാണുണ്ടായത്.
2012 ജൂണില്‍ ഹോംഗോംഗില്‍ ചേര്‍ന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി), ദേശീയ ക്രിക്കറ്റ് ബോര്‍ഡുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നത് വിലക്കിയതാണ്. ക്രിക്കറ്റില്‍ സര്‍ക്കാറിന്റെ സ്വാധീനമുണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും അടുത്ത വാര്‍ഷിക സമ്മേളനത്തിനു മുമ്പായി എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ഇത് നടപ്പാക്കണമെന്നും ഐ സി സി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ക്രിക്കറ്റ് സംഘടനകളുടെ ഭാരവാഹിത്വം വിട്ടുകൊടുക്കാന്‍ രാഷ്ട്രീയക്കാര്‍ വിസമ്മതിക്കുകയാണ്. നല്ലൊരു ചൂതാട്ട വേദിയായാണ് അവര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഓരോ രംഗത്തെയും പ്രഗത്ഭരായിരിക്കണം അതാത് മേഖലകള്‍ നിയന്ത്രിക്കേണ്ടത്. രാജ്യത്തിന്റെ ഭരണം രാഷ്ട്രീയക്കാരുടെ കൈകളിലെന്ന പോലെ കായിക രംഗം ആ മേഖലയിലെ വിദഗ്ധരുടെ നിയന്ത്രണത്തില്‍ വരുന്നതാണ് അതിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും ഗുണകരം. ജസ്റ്റിസ് ലോധ കമ്മിറ്റി വിലയിരുത്തിയത് പോലെ നിലവില്‍ രാഷ്ട്രീയ, വ്യവസായ ലോബികള്‍ കൈയാളുന്ന ക്രിക്കറ്റ് അസോസിയേഷനുകളില്‍ അവരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. ഈ നില മാറണം. ജനുവരി നാലിന് സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കാനിരിക്കുന്ന ലോധ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി പൂര്‍ണമായി അംഗീകരിച്ചാല്‍ അത്തരമൊരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.