പടിയിറങ്ങി ക്രീസിലെ വിസ്മയങ്ങള്‍

Posted on: December 29, 2015 6:00 am | Last updated: December 29, 2015 at 6:34 pm
ക്ലാര്‍ക്കിന് സഹതാരങ്ങളുടെ ഗാഡ് ഓഫ് ഓണര്‍
ക്ലാര്‍ക്കിന് സഹതാരങ്ങളുടെ ഗാഡ് ഓഫ് ഓണര്‍

ബ്രെറ്റ് ലീ (ക്രിക്കറ്റ്): ഇരുപത് വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് ആസ്‌ത്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലി താഴിട്ടത് 2015 ന്റെ തുടക്കത്തില്‍ തന്നെ. ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച ബ്രെറ്റ് ലി ട്വന്റി20 വിരമിക്കലോടെയാണ് രാജ്യാന്തര കരിയറിന് പൂര്‍ണവിരാമമിട്ടത്. കായിക രംഗത്തെ മാധ്യമ ജോലിയിലും ബോളിവുഡ് സിനിമാഭിനയവുമൊക്കെയായി സജീവമാകാനാണ് ബ്രെറ്റ്‌ലി ആഗ്രഹിക്കുന്നത്. ബിഗ് ബാഷ് ടി20 ലീഗിലാണ് ബ്രെറ്റ് ലി അവസാനമായി കളിച്ചത്. ഫൈനലില്‍ തോറ്റ സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായിരുന്നു ഒരു കാലത്ത് ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ട ബ്രെറ്റ് ലീ.

മാറ്റ് പ്രയര്‍ (ഇംഗ്ലണ്ട്): ജൂണില്‍, ഇംഗ്ലണ്ടിന്റെ സസെക്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാറ്റ് പ്രയര്‍ പ്രൊഫഷണല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായിപ്രഖ്യാപിച്ചു. മുപ്പത്തിമൂന്നാം വയസിലായിരുന്നു പ്രയറിന്റെ പിന്‍വാങ്ങല്‍. 2007 ല്‍ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം സെഞ്ച്വറി നേടി അവിസ്മരണീയമാക്കി. 5232 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. അലക് സ്റ്റ്യുവര്‍ട് കഴിഞ്ഞാല്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടോപ് സ്‌കോററാണ് പ്രയര്‍. ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത് മാറ്റ് പ്രയര്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച കാലത്താണ്. 79 ടെസ്റ്റുകളില്‍ മൂന്ന് ആഷസ് വിജയങ്ങളില്‍ മാറ്റ് പ്രയര്‍ പങ്കാളിയായി. വിക്കറ്റ് കീപ്പിംഗിലൂടെ 256 പേരെ പുറത്താക്കിയും മികവറിയിച്ചു.

മൈക്കല്‍ ക്ലാര്‍ക്ക് (ആസ്‌ത്രേലിയ): ആസ്‌ത്രേലിയയെ ഐ സി സി ഏകദിന ലോകകപ്പ് ജേതാക്കളാക്കിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ മൈക്കര്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ആഗസ്റ്റില്‍ ആഷസ് പരമ്പരയിലേറ്റ തിരിച്ചടിയോടെ പതിനൊന്ന് വര്‍ഷ കരിയറിന് തിരശ്ശീലയിട്ടു. ഒന്നിലേറെ ലോകകപ്പ് നേട്ടങ്ങള്‍, ആഷസ് ചാമ്പ്യന്‍ എന്നിങ്ങനെ ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ ലെജന്‍ഡായി മാറിയ ക്ലാര്‍ക്ക് പതിനേഴായിരത്തിലേറെ റണ്‍സും നേടി. 115 ടെസ്റ്റുകളില്‍ 8643 റണ്‍സ് നേടിയ ക്ലാര്‍ക്ക് ടെസ്റ്റില്‍ ആസ്‌ത്രേലിയയുടെ നാലാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ്. 28 സെഞ്ച്വറികളുമായി ഓസീസ് താരങ്ങളില്‍ നാലാമന്‍. റിക്കി പോണ്ടിംഗ് (41), സ്റ്റീവ് വോ(32), മാത്യു ഹെയ്ഡന്‍ (30) എന്നിവരാണ് മുന്നിലുള്ളത്. ഏകദിന ക്രിക്കറ്റിലും 245 മത്സരങ്ങളില്‍ 7981 റണ്‍സുമായി ക്ലാര്‍ക്ക് നാലാം സ്ഥാനത്തുണ്ട്.

kumar-sangakkara-mi-reuters1
കുമാര്‍ സങ്കക്കാര

കുമാര്‍ സങ്കക്കാര (ശ്രീലങ്ക): ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും വിരമിക്കുമോ? ഉവ്വ്, അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയാണ് ഫോമിനെ വകവെക്കാതെ കരിയര്‍ അവസാനിപ്പിച്ച താരം. ലങ്കക്കായി ഏറ്റവുമധികം സെഞ്ച്വറി, അര്‍ധസെഞ്ച്വറി തികച്ച താരം സങ്കക്കാരയാണ്. 134 ടെസ്റ്റുകളില്‍ 57.40 ശരാശരിയില്‍ 12400 റണ്‍സ്. മുപ്പത്തെട്ട് സെഞ്ച്വറികളും അമ്പത്തിരണ്ട് അര്‍ധസെഞ്ച്വറികളും നേടിയ സങ്കക്കാര പത്ത് ഡബിള്‍ സെഞ്ച്വറികളും നേടി. പന്ത്രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ലങ്കന്‍ താരത്തിന് മുന്നിലുള്ളത്.
404 ഏകദിനങ്ങളില്‍ 41.98 ശരാശരിയില്‍ 14234 റണ്‍സാണ് മറ്റൊരു നേട്ടം. 25 സെഞ്ച്വറികളും 93 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. ആസ്‌ത്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടന്ന ലോകകപ്പില്‍ സങ്കക്കാര തുടരെ നാല് സെഞ്ച്വറികള്‍ നേടി ചരിത്രം കുറിച്ചു.

റിയാന്‍ ഹാരിസ് (ആസ്‌ത്രേലിയ): ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരക്കിടെയാണ് കാല്‍മുട്ടിന് അലട്ടിയ പരുക്കിനെ തുടര്‍ന്ന് ഓസീസ് പേസര്‍ റിയാന്‍ ഹാരിസ് കളി മതിയാക്കാന്‍ തീരുമാനിച്ചത്. മുപ്പത്തഞ്ചുകാരനായ ഹാരിസ് കരിയറിലുടനീളം പരുക്കിന്റെ ശല്യപ്പെടുത്തല്‍ അനുഭവിച്ചു. തിരിച്ചുവരവിനുള്ള മനസ് കാത്ത് സൂക്ഷിച്ചാണ് ഹാരിസ് മുപ്പത് പിന്നിട്ടിട്ടും ഓസീസ് നിരയില്‍ ഇടം കണ്ടെത്തിയത്. മുപ്പത് വയസിന് ശേഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഹാരിസ് 2014 ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് വിജയത്തിലാണ് അവസാനമായി കളം നിറഞ്ഞത്.

ബ്രാഡ് ഹാഡിന്‍ (ആസ്‌ത്രേലിയ): മൈക്കല്‍ ക്ലാര്‍ക്കിനെ പോലെ ലോകകപ്പ് ജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഓസീസ് താരമാണ് ബ്രാഡ് ഹാഡിന്‍. ടെസ്റ്റിലും ക്ലാര്‍ക്കിന്റെ പാത പിന്തുടര്‍ന്നു. ആഷസിന് പിന്നാലെ വിക്കറ്റ് കീപ്പറായ ഹാഡിനും ഗ്ലൗസഴിച്ചു. 2001 ല്‍ ഏകദിനത്തില്‍ അരങ്ങേറിയ ഹാഡിന് ആദം ഗില്‍ക്രിസ്റ്റ് വിരമിക്കേണ്ടി വന്നു ആസ്‌ത്രേലിയയുടെസ്ഥിരം വിക്കറ്റ് കീപ്പറായി സ്ഥാനക്കയറ്റം ലഭിക്കാന്‍. 2008 മുതല്‍ക്ക് ഹാഡിനാണ് ഓസീസിന്റെ വിക്കറ്റ് കീപ്പര്‍. 2013 ആഷസ് പരമ്പരയില്‍ ഹാഡിന്‍ ഏറ്റവുമധികം താരങ്ങളെ ഒരു പരമ്പരക്കിടെ പുറത്താക്കിയതിന്റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കി. 29 താരങ്ങളെയാണ് ഹാഡിന്‍ പുറത്താക്കിയത്. 1982/83 കാലഘട്ടത്തില്‍ ആസ്‌ത്രേലിയയുടെ റോഡ്‌നി മാര്‍ഷ് സൃഷ്ടിച്ച റെക്കോര്‍ഡ് (28പുറത്താക്കലുകള്‍) പഴങ്കഥയായി.

SEHWAG2
വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ് (ഇന്ത്യ): ആസ്‌ത്രേലിയന്‍ താരങ്ങളുടെ വിരമിക്കലുകള്‍ക്കിടെ വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ വിരമിക്കലുകളും നടന്നു. വിരേന്ദര്‍ സെവാഗ് പാഡഴിച്ചത് ആരാധകര്‍ക്ക് വലിയ നിരാശയായി.
ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമാണ് സെവാഗ്. ട്രിപ്പിള്‍ രണ്ട് തവണയാണ് വീരു നേടിയത്. 104 ടെസ്റ്റുകളില്‍ 8586 റണ്‍സ് നേടിയ വീരു ഏകദിനത്തില്‍ 8273 റണ്‍സും കുറിച്ചു. ടെസ്റ്റ് ഓപണറുടെ പരമ്പരാഗത രീതികളെല്ലാം സെവാഗ് അട്ടിമറിച്ചു. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആദ്യ ദിനം തന്നെ സെവാഗ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിപ്പിച്ചു. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയത് സെവാഗിന്റെ വിസ്മയപ്രകടനത്തിന്റെ ബലത്തിലായിരുന്നു.

സഹീര്‍ ഖാന്‍
സഹീര്‍ ഖാന്‍

സഹീര്‍ഖാന്‍ (ഇന്ത്യ): ജവഗല്‍ ശ്രീനാഥിന് ശേഷം ഇന്ത്യന്‍ പേസ് നിരയുടെ മേധാവിത്വം ഏറ്റെടുത്തത് സഹീര്‍ഖാനാണ്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ മികവ് കാണിക്കാന്‍ സഹീറിന് സാധിച്ചു.
92 ടെസ്റ്റുകളില്‍ 311 വിക്കറ്റുകള്‍ വീഴ്ത്തിയ സഹീര്‍ ഏകദിനത്തില്‍ 269 വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചു. 2011 ലോകകപ്പ് ജേതാവായ സഹീര്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് അപൂര്‍വമായ ടെസ്റ്റ് പരമ്പര നേടിക്കൊടുത്തു. ശ്രീലങ്ക,ബംഗ്ലാദേശ്,സിംബാബ്‌വെ, ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളുടെ ഇന്ത്യന്‍ പര്യടനത്തില്‍ സഹീര്‍ ഖാന്റെ തീപാറും പന്തുകള്‍ വാര്‍ത്താപ്രാധാന്യം നേടി.

mitchel johnson
മിച്ചല്‍ ജോണ്‍സണ്‍

മിച്ചല്‍ ജോണ്‍സന്‍(ആസ്‌ത്രേലിയ): ഈ വര്‍ഷം, അവസാനമായി വിരമിക്കല്‍ പ്രഖ്യാപിച്ച ക്രിക്കറ്റ് താരമാണ് ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സന്‍. നവംബറില്‍ ന്യൂസിലാന്‍ഡിനെതിരെ വാകയില്‍ നടന്ന ടെസ്റ്റോടെയാണ് ജോണ്‍സന്‍ വിരമിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ആസ്‌ത്രേലിയക്കായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ ജോണ്‍സന്‍ നാലാം സ്ഥാനത്തുണ്ട്.