Connect with us

Articles

ഹൊ, എന്തൊരു നയതന്ത്ര ഗരിമ

Published

|

Last Updated

കെട്ടുകാഴ്ചകളില്‍ അഭിരമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അതാണ് യാഥാര്‍ഥ്യമെന്ന് വിശ്വസിപ്പിക്കാന്‍ പാകത്തില്‍ പ്രചണ്ഡമായ പ്രചാരണം നടത്തുകയും ചെയ്യുക എന്നത് പ്രധാനമന്ത്രി പദം ലാക്കാക്കിയുള്ള യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ നരേന്ദ്ര മോദി സ്വീകരിച്ച തന്ത്രമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ നടത്തിയ സദ്ഭാവനാ ദൗത്യവും അതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ട നിരാഹാര സമരവും ദേശീയ നേതാവെന്ന പ്രതിച്ഛായ നരേന്ദ്ര മോദിക്ക് നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. വംശഹത്യയുടെയും ഏറ്റുട്ടല്‍ കൊലകളുടെയും ചോരക്കറയില്‍ നിന്ന് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മനസ്സിന് വലിപ്പമുള്ള നേതാവായി സ്ഥാപിച്ചെടുക്കാനുള്ള കെട്ടുകാഴ്ചകളില്‍ ഒന്നായിരുന്നു സദ്ഭാവനാ ദൗത്യം. ഇതിന്റെ ഉദ്ദേശ്യശുദ്ധിയെ പ്രകീര്‍ത്തിച്ചും അതിനെ ചോദ്യം ചെയ്തുമുയര്‍ന്ന ചര്‍ച്ചകള്‍ കെട്ടുകാഴ്ചയെ യാഥാര്‍ഥ്യമെന്ന് സ്ഥാപിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
വികസനത്തില്‍ ഗുജറാത്താണ് മാതൃക എന്നതായിരുന്നു അടുത്ത കെട്ടുകാഴ്ച. യാഥാര്‍ഥ്യങ്ങളോട് ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ലെങ്കില്‍ കൂടി, മോദിയുടെ ഭരണകാലത്ത് സമ്പല്‍ സമൃദ്ധിയുടെ പര്യായമായി ഗുജറാത്ത് മാറിയെന്ന പ്രതീതി രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ സൃഷ്ടിക്കുന്നതിന് ഈ കെട്ടുകാഴ്ചക്കായി. അതിന് പാകത്തിലുള്ള വിവരങ്ങളുടെ വിതണം ഉറപ്പാക്കിയും മറുപാതി മറച്ചുവെച്ചും നടന്ന പ്രചാരണം ആസൂത്രിതമായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും കെട്ടുകാഴ്ചകളില്‍ അഭിരമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും വിധത്തിലുള്ളതായിരുന്നു. രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്തുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ജോലി കൂടുതല്‍ എളുപ്പത്തിലാക്കിയെന്ന് മാത്രം. അഴിമതിക്ക് വഴിയൊരുക്കും വിധത്തിലുള്ള നയ – നിലപാടുകളില്‍ നിന്ന് താന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സംവിധാനം ഏത് വിധത്തില്‍ ഭിന്നമായിരിക്കുമെന്ന് പ്രചാരണങ്ങളിലൊന്നിലും നരേന്ദ്ര മോദി പറഞ്ഞില്ല. അങ്ങനെ പറയണമെന്ന നിര്‍ബന്ധബുദ്ധി ആരും പ്രകടിപ്പിച്ചതുമില്ല. കെട്ടുകാഴ്ചകളെ യാഥാര്‍ഥമെന്ന് വിശ്വസിപ്പിക്കാന്‍ പാകത്തില്‍ നടന്ന വലിയ പ്രചാരണം, യു പി എയുടേതില്‍ നിന്ന് ഏത് വിധത്തിലാണ് മോദി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഭിന്നമാകുന്നത് എന്ന ചിന്ത ജനങ്ങളുടെ മനസ്സില്‍ നിന്ന് അകറ്റുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയോ അതിന് മുഖ്യമന്ത്രിയെന്ന നിലയില്‍ മോദിക്കുള്ള ഉത്തരവാദിത്തമോ വംശഹത്യക്ക് വഴിയൊരുക്കാന്‍ പാകത്തില്‍ തീരുമാനങ്ങളെടുത്തുവെന്ന ആരോപണമോ ഏറ്റുമുട്ടല്‍ കൊലകളുമായി നേരിട്ട് ബന്ധമുണ്ടെന്ന ആക്ഷേപങ്ങളോ മറവിയിലേക്ക് നീക്കാനും ഈ കെട്ടുകാഴ്ചക്ക് സാധിച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പാര്‍ലിമെന്റിലെത്തിയപ്പോള്‍ കാട്ടിയ പ്രകടനം മുതല്‍ കെട്ടുകാഴ്ചയുടെ അടുത്ത അധ്യായം ആരംഭിക്കുന്നു. അന്നു മുതലിന്നോളം അത് അന്യുസ്യൂതമാണുതാനും. സ്വച്ഛ ഭാരത് മുതല്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ വരെയുള്ള പ്രഖ്യാപനങ്ങള്‍, അതിലേക്ക് ഒഴുകിയെത്തുമെന്ന് പറയുന്ന കോടികള്‍ എന്നിങ്ങനെ അവ നിലനില്‍ക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിന് ആനുപാതികമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാത്തത്, എണ്ണ വില കുറയുമ്പോള്‍ തന്നെ പാചക വാതക വില കൂട്ടിക്കൊണ്ട് സബ്‌സിഡി ചുരുക്കുന്നത്, ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം അവശ്യവസ്തുക്കളുടെ വില കൂടുന്നത്, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായ വില കിട്ടാതെ കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ജീവനൊടുക്കുന്നത് എന്ന് തുടങ്ങി പല യാഥാര്‍ഥ്യങ്ങളെയും മറയത്തേക്ക് നീക്കിയാണ് ഈ കെട്ടുകാഴ്ചകളുടെ നിലനില്‍പ്പ്.
കെട്ടുകാഴ്ചകളിലെ മറ്റൊരിനം പ്രധാനമന്ത്രിയുടെ വിദേശയാത്രകളാണ്. സന്ദര്‍ശിച്ച രാജ്യങ്ങളില്‍ നിന്നൊക്കെ ഒഴുകാന്‍ പോകുന്ന കോടികളുടെ കണക്കുകള്‍ നാം കേള്‍ക്കും. ഒപ്പിട്ട കരാറുകളുടെ ഗാംഭീര്യം വിളിച്ച് പറയപ്പെടുകയും ചെയ്യും. ഇവയില്‍ പലതും മുമ്പ് പലകുറി ചര്‍ച്ചയാകുകയോ നേരത്തെ ധാരണയാകുകയോ ചെയ്തവയാണെന്ന യാഥാര്‍ഥ്യം മറയത്തുനില്‍ക്കും. കൂടിക്കാഴ്ചകളില്‍ നേതാവ് ഉപയോഗിച്ച വേഷം, നടത്തത്തിലും ഇരുപ്പിലും കാട്ടിയ പ്രത്യേകതയോ അബദ്ധമോ ഒക്കെയാകും പ്രകീര്‍ത്തിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുക. കരാറുകളും ധാരണകളും രാജ്യത്തിനും അവിടെ അധിവസിക്കുന്ന ദരിദ്രകോടികള്‍ക്കും എന്ത് പ്രയോജനം ചെയ്യുമെന്ന ആലോചനകള്‍ ഉണ്ടാകാറേയില്ല. ഈ യാത്രകളുടെ പിന്നാമ്പുറങ്ങളില്‍ അദാനിമാരും അംബാനിമാരുമുണ്ടാക്കുന്ന നേട്ടങ്ങള്‍ പൊതു വിഷയമാകാറില്ല. ഈ നേട്ടങ്ങള്‍ക്കായി രാജ്യം എന്തെങ്കിലും വില നല്‍കേണ്ടിവരുന്നുണ്ടോ എന്നതും പ്രസക്തമാകാറില്ല.
ഏറ്റമൊടുവില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളുടെ കാര്യവും ഭിന്നമല്ല. റഷ്യയിലേക്ക് പോയ നരേന്ദ്ര മോദി, അഫ്ഗാനിസ്ഥാനില്‍ പ്രാതല്‍ കഴിച്ച് ഉച്ചക്ക് ശേഷമുള്ള “ചായ് പെ ചര്‍ച്ച” പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനൊപ്പമാക്കാന്‍ തീരുമാനിക്കുന്നു. ഹൊ, എന്തൊരു നയതന്ത്ര ഗരിമ എന്ന് നാട്ടുകാരെക്കൊണ്ടൊക്കെ പറയിക്കാന്‍ ഇതില്‍പ്പരം മറ്റെന്ത് വേണ്ടൂ. പാക്കിസ്ഥാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഉഭയകക്ഷിബാന്ധവത്തിന്റെ മര്യാദകള്‍ക്ക് ചേര്‍ന്നതല്ലെന്ന് കണ്ടെത്തി ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയവരാണ് നരേന്ദ്ര മോദിയും കൂട്ടരും. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള തീവ്രവാദങ്ങള്‍ക്ക് വേരാഴ്ത്താന്‍ സ്വന്തം മണ്ണ് വിട്ടുകൊടുക്കുന്ന പതിവ് പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയേ ഇല്ലെന്ന് അലമുറയിട്ടവരും. എന്തിനധികം, മാട്ടിറച്ചി കഴിക്കുന്നതുള്‍പ്പെടെ കാരണങ്ങളാല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്ന് കണ്ടെത്തുന്നവര്‍ക്കെല്ലാം സംഘ്പരിവാര നേതാക്കള്‍ ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന രിപുദേശവുമാണ് പാക്കിസ്ഥാന്‍. എന്നിട്ടും അവരുമായി ചര്‍ച്ചക്ക് മുന്‍കൈ എടുത്ത് മിന്നല്‍വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പുമാന്‍. വിശ്വമാനവികതക്ക് മറ്റെന്ത് വേണം തെളിവായി. സമാധാനത്തിനുള്ള അടുത്ത നൊബേലിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഒരു നറുക്ക് ചേര്‍ക്കാനും ഇതിലധികമൊന്നും വേണ്ടതില്ല.
ഇതിന് മുമ്പ് പാരിസില്‍ നവാസ് ശരീഫുമായൊരു കൈകൊടുക്കലും പിറകെ ഇരു രാഷ്ട്രങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ദോവലും നാസില്‍ ജാന്‍ജുവയും ചേര്‍ന്ന കുടിക്കാഴ്ചയും നടന്നിരുന്നു. ആദ്യത്തേത്, കാലാവസ്ഥാ ഉച്ചകോടിക്കിടെയുണ്ടായ യാദൃച്ഛിക കൂടിക്കാഴ്ചയായി വിശേഷിപ്പിക്കാമെങ്കിലും ബാങ്കോക്കില്‍ ദോവലും ജാന്‍ജുവയും കണ്ടത് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ലാഹോറിന്റെ കാര്യത്തിലെന്ന പോലെ “അപ്രതീക്ഷിത”മെന്ന വിശേഷണം പാരീസിനും ബാങ്കോക്കിനും ചേരും. എന്നാല്‍ ഇവയില്‍ നിന്നൊക്കെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കെന്ത് നേട്ടമെന്ന ചോദ്യത്തിന് സ്ഥാനമില്ല തന്നെ. സ്വാതന്ത്ര്യ – വിഭജനാനന്തരം അല്ലെങ്കില്‍ വിഭജന – സ്വാതന്ത്ര്യാനന്തരം ഇരു രാജ്യങ്ങള്‍ക്കുമിടക്കുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ പലതു നടന്നു. ഏതൊക്കെ വിഷയങ്ങളിലാണോ തര്‍ക്കമുള്ളത് അവയൊക്കെ ഇന്നും തുടരുന്നുമുണ്ട്. ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷവും തത്സ്ഥിതി തുടരുമെന്ന ഉറപ്പ് ശരീഫിനും മോദിക്കുമുണ്ട്, കൂടുതല്‍ അധികാരങ്ങളുണ്ടാകുകയും ശക്തമായ ജനായത്ത സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്തിന്റെ പരമാധികാരി എന്ന സ്ഥാനമുണ്ടാകുകയും ചെയ്യുന്നതിനാല്‍ മോദിക്ക് കുറച്ചധികമുണ്ട്.
തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ശ്രമങ്ങളെങ്കില്‍ അതിന്റെ കേന്ദ്രത്തിലുള്ളവരുടെ പ്രാതിനിധ്യം ഉണ്ടായേ മതിയാകൂ. ജമ്മു കശ്മീരാണ് തര്‍ക്കങ്ങളുടെ കേന്ദ്ര ബിന്ദു. അവിടുത്തെ ജനങ്ങളുടെ ഇംഗിതം കണക്കിലെടുക്കാതെ ബാങ്കോക്കിലോ ഇസ്‌ലാമാബാദിലോ ഡല്‍ഹിയിലോ ചര്‍ച്ചകള്‍ നടത്തി സമഗ്രമായിരുന്നുവെന്നും ബന്ധത്തില്‍ പുരോഗതിയുണ്ടായെന്നും പരസ്പരവിശ്വാസം വര്‍ധിപ്പിക്കാനായെന്നും മേഖലയിലാകെ സുസ്ഥിര സമാധാനത്തിനുള്ള നിര്‍ണായക ചുവടുവെപ്പ് നടത്തിയെന്നുമൊക്കെ അവകാശപ്പെടാം. പക്ഷേ, കഥയുണ്ടാകില്ലെന്ന് മാത്രം. ഇക്കാലമത്രയും നടന്ന പ്രഹസനങ്ങള്‍ കൂടുതല്‍ പകിട്ടോടെ ആവര്‍ത്തിക്കുകയുമാകാം. എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെയാണ് ഇതിന് മുമ്പ് പാക്കിസ്ഥാനുമായി ബന്ധം ഊഷ്മളമായിരുന്നത് എന്നും അതിനേക്കാള്‍ ഊഷ്മളമാകും മോദിയുടെ കാലത്ത് എന്നും അവകാശപ്പെടുകയുമാകാം.
ഈ ശ്രമങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന ഏക സംഗതി വ്യാപാരമാണ്. അതിന്റെ ചെറിയ പ്രയോജനം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുണ്ടാകുമെന്നതില്‍ തര്‍ക്കം വേണ്ട. വലിയ പ്രയോജനം പക്ഷേ, വന്‍കിട വ്യവസായികള്‍ക്ക് തന്നെ. പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന തോന്നല്‍ നരേന്ദ്ര മോദിക്ക് പൊടുന്നനെ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനിലെ ഇരുമ്പയിര് നിക്ഷേപം ചൂഷണം ചെയ്യാന്‍ ജിന്‍ഡാല്‍ അടങ്ങുന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മുന്‍കൈ എടുത്ത് രൂപം നല്‍കിയ കണ്‍സോര്‍ഷ്യം നടത്തുന്ന ശ്രമങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഖനനാനുമതി കിട്ടിയതാണ്. ഇരുമ്പയിര് റോഡ് മാര്‍ഗം കറാച്ചി തുറമുഖത്തെത്തിച്ച് അവിടെ നിന്ന് കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനായാല്‍ ജിന്‍ഡാലിനും കൂട്ടര്‍ക്കും അതില്‍പ്പരം സന്തോഷം മറ്റൊന്നില്ല. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഒരു വിഭാഗത്തിന് നേതൃത്വം നല്‍കുന്ന സജ്ജന്‍ ജിന്‍ഡാലിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായുള്ള അടുപ്പം കൂടി കണക്കിലെടുത്താല്‍ ചര്‍ച്ചക്ക് കളമൊരുങ്ങാന്‍ കാലതാമസം എന്തുകൊണ്ടുണ്ടായി എന്നേ സംശയിക്കേണ്ടതുള്ളൂ. 400 മെഗാ വാട്ട് വൈദ്യുതി പാക്കിസ്ഥാന് വില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് ഗൗതം അദാനി ഗ്രൂപ്പ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടിലേറെയായി. ഈ കച്ചവടത്തിന് പച്ചക്കൊടി കിട്ടണമെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടേണ്ടതുണ്ട്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഗതിവേഗം പ്രാപിച്ച് ഡോ. മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായിരിക്കെ ശരവേഗം കൈവരിച്ച സാമ്പത്തിക പരിഷ്‌കരണ – ഉദാരവത്കരണ നടപടികള്‍ക്ക് മിസൈല്‍ വേഗം നല്‍കാനാകുമോ എന്നാണ് മോദി ഭരണകൂടം ആലോചിക്കുന്നത്, പരിഷ്‌കരണത്തിന് തുടക്കമിട്ട കോണ്‍ഗ്രസ് പ്രായോഗിക രാഷ്ട്രീയം മുന്‍നിര്‍ത്തി എതിര്‍ക്കുകയാണെങ്കിലും. ഇതേ പരിഷ്‌കാരങ്ങളുടെ വക്താവാണ് രാഷ്ട്രീയ നേതാവ് എന്നതിനേക്കാളുപരി, പാക്കിസ്ഥാനിലെ പ്രമുഖ വ്യവസായിയായ നവാസ് ശരീഫ്. അതിരുകളെച്ചൊല്ലിയുള്ള തര്‍ക്കമോ ആ തര്‍ക്കത്തിന്റെ ഭാഗമായി ഇരുപുറത്തുമുള്ള ജനം അനുഭവിക്കേണ്ടി വരുന്ന ദുരിതമോ ആ ദുരിതത്തിന് എരിയേറ്റാന്‍ രംഗത്തുള്ളവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോ വ്യവസായികളുടെ പ്രഥമ പരിഗണനയായി വരികയേ ഇല്ല.
ആകയാല്‍ ഈ കെട്ടുകാഴ്ചയിലും തത്കാലം നമുക്ക് അഭിരമിക്കാം. യാഥാര്‍ഥ്യങ്ങളുടെ ചൂടിനെ അവഗണിച്ചുകൊണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്