Connect with us

Kerala

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി രജത ജൂബിലി 30 ന് തുടങ്ങും

Published

|

Last Updated

കോട്ടയം: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി രജത ജൂബിലിയുടെ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് 30 ന് ആരംഭം കുറിക്കും. സോണിയാഗാന്ധി രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആര്‍ ഐ ടി ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കോളജ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കര്‍മവും സോണിയ നിര്‍വഹിക്കും.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുളള ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് കോട്ടയത്ത് നെടുംകുഴിയിലെ ആര്‍ ഐ ടി. ഈ സ്ഥാപനത്തെ ഇന്ത്യയിലെ പ്രധാന സ്ഥാപനമാക്കിമാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 1991 മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ജൂണ്‍ 12 ന് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റിലാണ് ആര്‍ഐടി സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അതിന് ശേഷം 2004 ഓടെയാണ് കോളജിന്റെ വികസനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നത്. ആ വര്‍ഷം ഡിസംബര്‍ അവസാന വാരം ഉദ്ഘാടന ചടങ്ങിന് സോണിയാ ഗാന്ധിയെ ക്ഷണിച്ചു പരിപാടി നിശ്ചയിക്കപ്പെട്ടെങ്കിലും ഡിസംബര്‍ 26 ലെ സുനാമി ദുരന്തം മൂലം മാറ്റി വക്കുകയായിരുന്നു. പിന്നീട് 2006 മാര്‍ച്ചില്‍ ചടങ്ങ് നിശ്ചയിക്കപ്പെട്ടെങ്കിലും കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പാടാനൊരുങ്ങുമ്പോഴായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങുന്നത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി കോളജുമായി ബന്ധപ്പെട്ട പൊതുപരിപാടികള്‍ നടന്നിട്ടില്ല. കോളജിന്റെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും പരിപാടികള്‍ നടത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും അതൊഴിവാക്കപ്പെട്ടു.
സോണിയാ ഗാന്ധിയെ തന്നെ കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കുന്നതിന്റെ പേരില്‍ പ്രോട്ടോകോള്‍ പ്രശ്‌നം ഉന്നയിക്കുന്നത് ശരിയല്ല. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത നേതാവിന്റെ വിധവയെ കൊണ്ടാണ് ഈ കര്‍മം ചെയ്യിക്കുന്നത്. ആ വികാരം പ്രോട്ടോക്കോളിനതീതമാണ്. അതിനെ ആരും എതിര്‍ക്കേണ്ടതില്ല.
ഇക്കാലയളവില്‍ കോളജിന് സംസ്ഥാന സര്‍ക്കാരാണ് സാമ്പത്തിക സഹായങ്ങള്‍ ചെയ്തു വരുന്നത്. വരും നാളുകളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ട്. ജൂബിലി വര്‍ഷത്തില്‍ കോളജിനായി പ്രത്യേക വികസന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഈ സ്ഥാപനത്തില്‍ 80 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ വിജയിക്കാറുണ്ട്. നൂറ് ശതമാനം പ്ലേസ്‌മെന്റുമുണ്ട്. രാജീവ്ഗാന്ധിയുടെ മരണശേഷം 1991 ലെ സംസ്ഥാന അസംബ്ലിയില്‍ ബജറ്റിലാണ് ഈ സ്ഥാപനത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. നൂറ് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ക്യാംപസില്‍ പ്രത്യേക ബ്ലോക്കുകളിലായി ആറ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സെന്‍ട്രല്‍ ലൈബ്രറി, വര്‍ക്‌ഷോപ്പ്, കാന്റീന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ.റൂബി ഏബ്രഹാം, ഡോ. ബിനോ ഐ കോശി, ഡോ.ആര്‍ ശശികുമാര്‍, പിടിഎ പ്രസിഡന്റ് ടി ശശികുമാര്‍ പങ്കെടുത്തു. സോണിയാഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സ്റ്റേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ച് വിലയിരുത്തി.

Latest