Connect with us

International

സിറിയന്‍ വിമത കമാന്‍ഡര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: ദമസ്‌കസിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ വിമത സൈന്യത്തിലെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ആര്‍മി ഓഫ് ഇസ്‌ലാം എന്ന സായുധ സംഘടനയുടെ ദമസ്‌കസിലെ മേധാവി സഹ്‌റാന്‍ അല്ലൗഷ് ആണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആരുടെ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. കിഴക്കന്‍ ഗൗസയിലെ വിമത ശക്തി കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഇദ്ദേഹത്തൊടൊപ്പം മറ്റു അഞ്ച് പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അല്ലൗഷ് കൊല്ലപ്പെട്ടത് തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തലാണെന്ന് അവകാശപ്പെട്ട് സിറിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തിന് ജീവഹാനി സംഭവിച്ചതെന്നും പറയുന്നു. അല്ലൗഷിയുടെ മരണം സിറിയയിലെ വിമത സൈന്യത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇരുപതിനായിരത്തിലധികം വരുന്ന വിമത സൈന്യത്തിന് നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദിന് ഏറ്റവും വലിയ ഭീഷണിയായി കരുതപ്പെട്ടതും ഇദ്ദേഹത്തെയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്ലൗഷിയുടെ മരണം സ്ഥിരീകരിച്ചതോടെ, അബൂ ഹമ്മാം ബുവൈദിനിയെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
വിമതസൈന്യത്തിന്റെ കമാന്‍ഡറുടെ മരണം സമാധാന ചര്‍ച്ചകളെയും ബാധിച്ചേക്കും. വിമതരുമായി ചര്‍ച്ചക്ക് റഷ്യയും സിറിയന്‍ സര്‍ക്കാരും താത്പര്യം കാണിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത് സമാധാന നീക്കങ്ങളെ മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.
സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റസാന്‍ സെയ്തൂനയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അല്ലൗഷിന്റെ കരങ്ങളാണെന്ന് നേരത്തെ വ്യക്തമായിരുന്നു.
അതിനിടെ അലപ്പൊ പ്രവിശ്യയിലെ അസാസിലുള്ള ഒരു ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് മുമ്പും പല തവണ സിറിയയില്‍ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. അടുത്തുള്ള പെട്രോള്‍ സ്റ്റേഷനും ആക്രമണത്തില്‍ തകര്‍ന്നു.
അടുത്തിടെ തുര്‍ക്കി അതിര്‍ത്തിയില്‍ തങ്ങളുടെ വിമാനം വെടിവെച്ചിട്ട സംഭവത്തിന് ശേഷം റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. നിരന്തരമായ വ്യോമാക്രമണം മൂലം തുര്‍ക്കിയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

Latest