Connect with us

Ongoing News

സാഫ് കപ്പ്: ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

Published

|

Last Updated

തിരുവനന്തപുരം: സാഫ് കപ്പില്‍ ശ്രീലങ്കക്കെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാത്തില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ ഇന്ത്യക്ക് സെമി കാണാം. അതേ സമയം നേപ്പാളിന് ജയിക്കണം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടു തോറ്റ നേപ്പാളിനു രണ്ടു ഗോളിനെങ്കിലും ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സെമിയില്‍ പ്രവേശിക്കാം. ഇല്ലെങ്കില്‍ ശ്രീലങ്ക ഇന്ത്യക്കൊപ്പം സെമിയിലേക്ക് മുന്നേറും.
ക്രിസ്തുമസ് ദിനത്തില്‍ സാഫ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം സുനില്‍ ഛേത്രിയുടെയും റോബിന്‍ സിങ്ങിന്റെയും കൂട്ടുകെട്ടില്‍ ആധികാരിക ജയമാണ് നേടിയത്. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരെ നിലവാരമുള്ള കളിപുറത്തെടുക്കാന്‍ ഇന്ത്യക്കായില്ല. കരുത്തരായ ഇന്ത്യക്കെതിരെ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് ശ്രീലങ്ക പുറത്തെടുത്തത്. ആദ്യപകുതിയില്‍ ഒത്തിണക്കമില്ലാതെ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെയാണു കണ്ടത്.
മുന്നേറ്റ നിരയില്‍ റോബിന്‍ സിങ്ങും ഛേത്രിയും ജെജെയും അടക്കമുള്ള പ്രഗത്ഭര്‍ ഉണ്ടായിട്ടും ഗോള്‍ ഒഴിഞ്ഞുനിന്നു. 31ാം മിനിറ്റില്‍ കിട്ടിയ മികച്ച ഒരവസരം ജെജെ പാഴാക്കി. പന്തുമായി ഒറ്റക്കുമുന്നേറിയ ജെജെുടെ കാലില്‍നിന്നും ശ്രലങ്കന്‍ ഗോളി സുജന്‍ പെരേര പന്തു റാഞ്ചി. ആദ്യപകുതിയുടെ ആവസാന മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നും ലിങ്‌ദോ നല്‍കിയ പാസ് റോങ് പൊസിഷനിലായിരുന്ന ശ്രീലങ്കന്‍ ഗോളിയെ മറികടന്നു സെക്കന്‍ഡ് പോസ്റ്റിലേക്കു നീണ്ടെങ്കിലും പാസ് സ്വീകരിക്കാ ഇന്ത്യന്‍ കളിക്കാരാരും ഉണ്ടായില്ല. ആദ്യ പകുതിയില്‍ ഇടതു വിങ്ങില്‍ ഛേത്രിക്കു മുന്നേറാന്‍ നിരവധി അവസരങ്ങളുണ്ടായെങ്കിലും മുതലക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ നിന്നും ഛേത്രിക്കു പന്തെത്തിക്കുന്നതില്‍ സഞ്ജു പ്രധാനും, ലിങ്‌ദോയും പ്രണോയ് ഹല്‍ദറും പരാജയപ്പെട്ടു. നിരവധി തവണ പാസ് ആവശ്യപ്പെട്ടു ഛേത്രി ക്ഷോഭിക്കുന്നതും മൈതാനത്തു കണ്ടു.
എന്നാല്‍ രണ്ടാം പകുതിയില്‍ സ്ഥിതി മാറി. മധ്യനിര ഛേത്രിക്കു കൃത്യമായി പന്തെത്തിക്കാനാരംഭിച്ചു. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഇതിന്റെ ഫലം കണ്ടു.
മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച ലോബ് സ്വീകരിച്ച് ഇടതുവിങ്ങിലൂടെ മുന്നേറിയ ഛേത്രി രണ്ട് ശ്രീലങ്കന്‍ പ്രതിരോധക്കാരെ മറികടന്നു ബോക്‌സിനുള്ളില്‍ റോബിന്‍ സിങ്ങിനു പന്തെത്തിച്ചു. പന്ത് വലയിലേക്കു തിരിച്ചുവിടേണ്ട ജോലി മാത്രമേ റോബന്‍ സിങ്ങിനുണ്ടായിരുന്നുള്ളൂ. റോബിന്‍ അതു ഭംഗിയായി നിര്‍വഹിച്ചു. തൊട്ടടുത്ത നിമിഷം തന്നെ പ്രിതം കോട്ടാല്‍ നല്‍കിയ ഒരു ഹൈബോള്‍ ജെജെ സമര്‍ഥമായി ഗോളിലേക്കു ഹെഡ് ചെയ്‌തെങ്കിലും ക്രോസ്ബാറിലടിച്ചു മടങ്ങി.
തുടര്‍ന്നങ്ങോട്ട് ഉണര്‍ന്നു കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെയാണു കണ്ടത്. രണ്ടാം പകുതിയുടെ 7ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നും ഛേത്രിയുടെ പാസ് സ്വീകരിച്ച റോബിന്‍ സിങ്ങ് ഒറ്റക്കു മുന്നേരി രണ്ടാമത്തെ ഗോളും സ്‌കോര്‍ ചെയ്തു.
ഈ ഗോള്‍ പ്രതിരോധിക്കാനുള്ള ശ്രീലങ്കന്‍ ഡിഫന്‍ഡറുടെ ശ്രമത്തിനിടെ പരിക്കേറ്റ് റോബിന്‍ മടങ്ങി. പകരമെത്തിയ യുവതാരം ലാലിയന്‍ സുലയും മികച്ച കളിയാണു കാഴ്ചവെച്ചത്. സുല ഛേത്രി സഖ്യം ഏതു നിമിഷവും ഗോളടിക്കും എന്നു തോന്നിപ്പിക്കുന്ന കളിയാണു കാഴ്ചവെച്ചത്. ഒന്നിലധികം തവണ ഈ സഖ്യം ഗോളിനുള്ള അവസരമൊരുക്കിയെങ്കിലും മുതലാക്കാനായില്ല.

Latest