ഇടുക്കി അണക്കെട്ടിലേക്ക് സന്ദര്‍ശക പ്രവാഹം

Posted on: December 25, 2015 4:21 am | Last updated: December 24, 2015 at 11:22 pm

idukki-dam_700_0കൊച്ചി: കുറവന്‍ കുറത്തി മലകളുടെ തണലില്‍ പ്രകൃതിയുടെ ദൃശ്യചാരുതയാകെ സമ്മേളിക്കുന്ന ഇടുക്കി അണക്കെട്ടിലേക്ക് സന്ദര്‍ശക പ്രവാഹം. ക്രിസ്മസ് അവധി യായി കഴിഞ്ഞ 22 മുതല്‍ തുറന്ന് കിട്ടിയിരിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ദക്ഷിണേന്ത്യയിലെ സഞ്ചാരപ്രിയര്‍. മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇടുക്കിയുടെ കാനന-മലയോര സൗന്ദര്യമാകെ ആസ്വദിക്കാനുള്ള അവസരമാണ് ഡാമിലേക്കുള്ള യാത്രയില്‍ ലഭിക്കുന്നത് . 3000ത്തോളം പേരാണ് മൂന്ന് ദിവസത്തിനകം ഇവിടെ എത്തിച്ചേര്‍ന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ചുറ്റും മലനിരകളും കോടമഞ്ഞും കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന അണക്കെട്ടിലേക്കുള്ള പാത ഏതൊരു സഞ്ചാരിയുടേയും മനം കുളിര്‍പ്പിക്കും.
കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേര്‍ അണക്കെട്ട് കാണാന്‍ എത്തുന്നുണ്ട്. നിര്‍മാണ വൈദഗ്ധ്യമാണ് ഇടുക്കി അണക്കെട്ടില്‍ എത്തിച്ചേരുന്നവരെ അതിശയിപ്പിക്കുന്നത്. യാത്രാമധ്യേയുള്ള കുളമാവ് ഡാം സഞ്ചാരികളെ ആദ്യമായി സ്വാഗതം ചെയ്യും. തുമ്പച്ചിമലയും, നാടുകാണി പവലിയനും, വിവിധ വ്യൂ പോയിന്റുകളും യാത്രക്കിടയിലുള്ള മറ്റ് ആകര്‍ഷണങ്ങളാണ്. ചെറുതോണി ഇടുക്കി ഡാമുകളാണ് കുറവന്‍ കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്നത്. മലകള്‍ക്കിടയിലൂടെ നിര്‍മിച്ചിരിക്കുന്ന തുരങ്കമാണ് കാണികളില്‍ അത്ഭുതം പകരുന്ന മറ്റൊരു കാഴ്ച. രണ്ടര കിലോമീറ്ററോളം ഡാമിന് മുകളിലൂടെ നടന്ന് തുരങ്കത്തിനുള്ളിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയും അക്കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഓര്‍മയിലെത്തിക്കും . 60 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ച് കിടക്കുന്ന ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. വൈദ്യുതോദ്പാദനമാണ് അണക്കെട്ടിന്റെ പ്രധാന ഉദ്ദേശ്യം. 780 മെഗാവാട്ട് ഉദ്പാദനശേഷിയുള്ള ഡാമിന്റെ വൈദ്യുതിഉത്പാദന കേന്ദ്രമായ മൂലമറ്റവും യാത്രമധ്യേയാണ്.
ഇടുക്കിയണക്കെട്ടിന് മാര്‍ഗദര്‍ശിയായ കൊലുമ്പന്‍ എന്ന ആദിവാസിയുടെ പ്രതിമയും അണക്കെട്ടിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. ഡാമില്‍ എത്തുന്ന സഞ്ചാരികളില്‍ പ്രായമായവര്‍ക്കും രോഗികള്‍ക്കുമായി ബഗ്ഗികാര്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഇടുക്കി ചെറുതോണി ഡാമുകളെ കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ബോട്ടിംഗ് സംവിധാനം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമാണ്. ഇടുക്കി ജലാശയവും കാനനഭംഗിയും ബോട്ടിംഗിലൂടെ നേരിട്ടാസ്വദിക്കാനാണ് വനവികസന ഏജന്‍സി മുഖേന ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20പേര്‍ക്കാണ് ഇതിലൂടെ യാത്രചെയ്യാന്‍ സാധിക്കുന്നത്. കൂടാതെ സ്പീഡ് ബോട്ട് സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇരു ഡാമുകള്‍ക്കും കുറുകെ ജലാശയത്തിന് മുകളിലായി നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നതിന് തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന സംവിധാനങ്ങളെ ബന്ധിപ്പിച്ചിരുന്ന കൂറ്റന്‍ തൂണുകളും വിസ്മയ കാഴ്ചയായി നിലകൊള്ളുന്നു.
ചെറുതോണി- ഇടുക്കി അണക്കെട്ടുകള്‍ക്കിടയിലുള്ള വനപ്രദേശത്ത് നിന്നും അല്‍പ്പം മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗുഹയാണ് ഈ അവധിക്കാല സമയത്തെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. വൈശാലി ഗുഹയെന്ന പേരില്‍ പ്രസിദ്ധമായ ഈ പ്രദേശം പൂര്‍ണമായും വന പ്രതീതിയില്‍ നിലകൊള്ളുന്നതാണെന്നതാണ് ഇവിടേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം. ജനുവരി പത്ത് വരെയാണ് അണക്കെട്ട് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ശനിയും ഞായറും ഉള്‍പ്പെടെയുള്ള മറ്റ് ഒഴിവുദിവസങ്ങളിലും തുറന്ന് നല്‍കാറുണ്ടെങ്കിലും തുടര്‍ച്ചയായ അവധി ദിവസങ്ങളുടെ പശ്ചാതലത്തിലാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നത്.