കീര്‍ത്തി തുറന്നു വിട്ട ഭൂതം

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ ആരോപണമുയര്‍ത്തി ഒടുവില്‍ രക്തസാക്ഷിയായി കീര്‍ത്തി ആസാദ് പുറത്തേക്കുള്ള വഴി തുറക്കുമ്പോഴും ബി ജെ പിയിലെ അഭിപ്രായ ഭിന്നതകള്‍ അണിയറയില്‍ ശക്തിപ്പെടുകയേയുള്ളൂ. ഇതിന്റെ തെളിവാണ് ഇന്നലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മുരളീ മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് ജെയ്റ്റ്‌ലിക്കെതിരെ രംഗത്തുവന്നത്. പാര്‍ട്ടി തലപ്പത്തേക്ക് അമിത് ഷായെ കൊണ്ടുവന്നതിലും പ്രധാനമന്ത്രിപദത്തില്‍ മോദിയെത്തിയതിലും അസംതൃപ്തിയുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ പെട്ടവരാണ് അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
Posted on: December 25, 2015 5:14 am | Last updated: December 24, 2015 at 11:15 pm

kirti-azad1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന കീര്‍ത്തിവര്‍ധന്‍ ഭഗവത് ഝാ ആസാദിന്റെ രാഷ്ട്രീയത്തിലെ ഇന്നിംഗ്‌സിന് തുടക്കം കുറിക്കുന്നത് 1993ലാണ്. ഏഴ് ടെസ്റ്റുകളും 25 അന്താരാഷ്ട്ര ഏകദിനങ്ങളും കളിച്ചിട്ടുള്ള അദ്ദേഹം അസ്ഹറുദ്ദീനെപ്പോലെയോ നവ്‌ജ്യോധ് സിംഗ് സിദ്ധുവിനെപ്പോലെയോ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടയാളല്ല. കേന്ദ്രസര്‍ക്കാറില്‍ അംഗമാകുകയും പിന്നീട് ബീഹാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്ത ഭഗവത് ഝാ ആസാദിന്റെ മകന്‍ എന്ന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനലില്‍ നിര്‍ണായക ഓവറുകളില്‍ പന്തെറിഞ്ഞ കീര്‍ത്തി അപകടകാരിയായ ഇയാന്‍ ബോതത്തിന്റെ വിക്കറ്റ് പിഴുതതാണ് അന്ന് ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കിയത്.
ബി ജെ പി ടിക്കറ്റില്‍ 1993ല്‍ ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് പാര്‍ട്ടി 1999ലും 2009ലും 2014ലും ബീഹാറിലെ ദര്‍ഭംഗയില്‍നിന്ന് ലോക്‌സഭയിലേക്ക് അവസരം നല്‍കി. മൈതാനത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തുമ്പോഴും പിതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ നന്നായി പയറ്റിയ അദ്ദേഹം അഴിമതിയോട് പൊരുതുകയെന്ന തന്റെ നിലപാടില്‍ ലവലേശം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. ലോക്‌സഭയില്‍ മികച്ച പ്രകടനവും ഹാജര്‍ നിലയും പ്രകടമാക്കുന്ന അംഗമായ അദ്ദേഹം ഇടക്കിടെ പാര്‍ട്ടിക്ക് തന്നെ തലവേദനകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. പി ആര്‍ എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ രേഖകള്‍ പ്രകാരം നിലവിലുള്ള ലോക്‌സഭയില്‍ അദ്ദേഹത്തിന്റെ ഹാജര്‍ നില 99 ശതമാനമാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ 194 ചോദ്യങ്ങള്‍ ഉന്നയിച്ച അദ്ദേഹം 18 ചര്‍ച്ചകളില്‍ പങ്കെടുത്തു. സഭയില്‍ സജീവമായി നിലനില്‍ക്കുന്ന അംഗമെന്ന നിലക്ക് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങള്‍ക്ക് വന്‍ മാധ്യമ ശ്രദ്ധയും ലഭിച്ചുകൊണ്ടിരുന്നു.
ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി ഡി സി എ) ക്രമക്കേടില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് പങ്കുണ്ടെന്നായിരുന്നു കീര്‍ത്തി ആസാദിന്റെ ആരോപണം. 27 കോടി ചെലവിടേണ്ട സ്ഥാനത്ത് ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ട് നവീകരണത്തിനായി ഡി ഡി സി എ ചെലവിട്ടത് 57 കോടിയാണ്. എന്നാല്‍ ചെലവിന്റെ യാതൊരു രേഖകളും ലഭ്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഡല്‍ഹി സംസ്ഥാന സെക്രട്ടേറിയറ്റിലെ സി ബി ഐ റെയ്ഡിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നു വന്നത്. ജെയ്റ്റ്‌ലിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് എടുത്തുമാറ്റുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്ന് എ എ പിയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചിരുന്നു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് അദ്ദേഹം തുറന്നുവിട്ട വിവാദങ്ങള്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടത്തില്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കോടതി കയറ്റാനായതിന്റെ ആശ്വാസത്തിലായിരുന്ന പാര്‍ട്ടിക്ക് അപ്രതീക്ഷിതമായേറ്റ അടിയാണ് മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്ന ആരോപണം.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതിയാരോപണം ഉന്നയിക്കാനുള്ള രാഷ്ട്രീയ ധൈര്യം അദ്ദേഹത്തിന് കൈവന്നതോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പിന്നില്‍ ആരെങ്കിലും ചരടുകള്‍ വലിക്കുന്നുണ്ടായിരുന്നോ എന്നത് ബി ജെ പിയുടെ അണിയറ നാടകങ്ങളറിയാവുന്നവര്‍ ഉന്നയിക്കുന്ന ചോദ്യമാണ്. ഐ പി എല്‍ മേധാവി ലളിത് മോദിക്ക് ലണ്ടന്‍ യാത്രക്ക് സൗകര്യങ്ങളൊരുക്കിയെന്ന വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ സുഷമാ സ്വരാജിന്റെ എതിരാളികളായിരുന്നുവെന്ന് അവരുടെ അനുഭാവികളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. സുഷമയെ പിന്തുണച്ചു കൊണ്ട് കീര്‍ത്തി ആസാദ് അന്ന് ട്വിറ്ററില്‍ കുറിച്ചത് പാര്‍ട്ടിക്കകത്ത് വന്‍ കോലാഹലങ്ങള്‍ക്കിടയാക്കി. ഉന്നത നേതാക്കള്‍ക്കെതിരെ ശക്തമായ സൂചനകള്‍ നല്‍കി പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണ് ലളിത് മോദിക്ക് വേണ്ടിയുള്ള, മന്ത്രി സുഷമാ സ്വരാജിന്റെ ശിപാര്‍ശയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതെന്ന് സൂചിപ്പിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അരുണ്‍ ജെയ്റ്റ്‌ലിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്‌ല മൈതാനിയില്‍ മോശം പിച്ച് കാരണം 2005ല്‍ ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം മാറ്റിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഡി ഡി സി എ യോഗത്തില്‍ നിന്ന് കീര്‍ത്തി ആസാദ് ഇറങ്ങിപ്പോയിരുന്നു. അന്ന് ഡി ഡി സി എ അധ്യക്ഷനായിരുന്ന ജെയ്റ്റ്‌ലിയുടെയും മറ്റ് അംഗങ്ങളുടെയും നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്ക്. എന്നാല്‍ ജെയ്റ്റ്‌ലി ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നു. അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ അന്നെല്ലാം തനിക്ക് പാര്‍ട്ടിയിലെ പ്രമുഖരുടെ പിന്തുണയുണ്ടെന്ന് വരുത്താന്‍ കീര്‍ത്തി ആസാദിന് കഴിഞ്ഞിരുന്നു. സുബ്രഹ്മണ്യം സ്വാമിയുള്‍പ്പെടെയുള്ളവര്‍ അന്ന് മുതല്‍ പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു. പ്രശ്‌നം കോടതിയിലെത്തിച്ചാല്‍ നിയമസഹായം ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് വ്യക്തമായ ചേരികള്‍ രൂപപ്പെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ജെയ്റ്റ്‌ലിക്കെതിരെ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണത്തിനെതിരെ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ്, എല്‍ കെ അദ്വാനി പോലുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വരാതിരുന്നത് വിവാദത്തിന് പിന്നിലെ കരങ്ങള്‍ ആരുടേതെന്ന് വ്യക്തമാക്കുന്നു. രാജ്‌നാഥ് സിംഗ് ബി ജെ പി ദേശീയ അധ്യക്ഷനായ ഘട്ടത്തില്‍ അദ്ദേഹവുമായി ഇടഞ്ഞു നിന്ന നേതാവാണ് അരുണ്‍ ജെയ്റ്റ്‌ലി. പിന്നീട് നിതിന്‍ ഗഡ്കരി അധ്യക്ഷപദം ഏറ്റെടുത്തപ്പോഴാണ് അദ്ദേഹം പാര്‍ട്ടി പ്രസിഡന്റുമായി അടുത്തത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ ആരോപണമുയര്‍ത്തി ഒടുവില്‍ രക്തസാക്ഷിയായി കീര്‍ത്തി ആസാദ് പുറത്തേക്കുള്ള വഴി തുറക്കുമ്പോഴും ബി ജെ പിയിലെ അഭിപ്രായ ഭിന്നതകള്‍ അണിയറയില്‍ ശക്തിപ്പെടുകയേയുള്ളൂ. ഇതിന്റെ തെളിവാണ് ഇന്നലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മുരളീ മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് ജെയ്റ്റ്‌ലിക്കെതിരെ രംഗത്തുവന്നത്. പാര്‍ട്ടി തലപ്പത്തേക്ക് അമിത് ഷായെ കൊണ്ടുവന്നതിലും പ്രധാനമന്ത്രിപദത്തില്‍ മോദിയെത്തിയതിലും അസംതൃപ്തിയുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ പെട്ടവരാണ് അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹി ക്രിക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കീര്‍ത്തി ആസാദ് രംഗത്ത് വരുന്നത് ഇതാദ്യമല്ല. 2013ല്‍ മുതിര്‍ന്ന ക്രിക്കറ്റര്‍ ബിഷന്‍ സിംഗ് ബേദിയും കീര്‍ത്തി ആസാദും ജെയ്റ്റ്‌ലി ഡി ഡി സി എ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യം ഉന്നയിച്ചിരുന്നു. ഡല്‍ഹി ക്രിക്കറ്റിനെ ജെയ്റ്റ്‌ലി നശിപ്പിച്ചുവെന്ന് ഇരുവരും കുറ്റപ്പെടുത്തിയിരുന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന്റെ നാണക്കേട് മറച്ചുവെക്കാനാണ് ഗത്യന്തരമില്ലാതെ ബി ജെ പി കീര്‍ത്തി ആസാദിനെതിരെ നടപടിക്ക് മുതിരുന്നത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അദ്ദേഹം രംഗത്ത് വരുന്നത് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ട് മാത്രമെന്ന് ധരിക്കാനാകില്ല. ജനതാദള്‍ യു വുമായി ബീഹാറില്‍ ബി ജെ പി സഖ്യത്തിലായിരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അസ്വാരസ്യത്തിന് തുടക്കം കുറിച്ചത്. ദര്‍ഭംഗ ലോക്‌സഭാ സീറ്റ് കീര്‍ത്തി ആസാദില്‍ നിന്ന് ‘തട്ടിയെടുക്കാനു’ള്ള നീക്കമാണ് ജെയ്റ്റ്‌ലിയുമായുള്ള യുദ്ധത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജെയ്റ്റ്‌ലിയുടെ അടുപ്പക്കാരനും ജെ എന്‍ യുവിലെ പഴയ സഹപാഠിയുമായ സഞ്ജയ് ഝായെ 2009ല്‍ ദര്‍ഭംഗ സീറ്റില്‍ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഝായുടെ പേര് അന്ന് ബീഹാറിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജെയ്റ്റ്‌ലി മുന്നോട്ട് വെച്ചു. കീര്‍ത്തി ആസാദിനേക്കാള്‍ ജയസാധ്യതയുള്ള വ്യക്തി ഝാ ആണെന്നായിരുന്നു ജെയ്റ്റ്‌ലി മറ്റ് നേതാക്കളെ ധരിപ്പിച്ചിരുന്നത്. നിതീഷ് കുമാറുമായും ജെയ്റ്റ്‌ലിയുമായും തുല്യ ബന്ധം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി നേതാവായിരുന്നു ഝാ. എന്നാല്‍ നീക്കങ്ങള്‍ മണത്തറിഞ്ഞ രാജ്‌നാഥ് സിംഗിന്റെ ക്യാമ്പ് ജെയ്റ്റ്‌ലി പക്ഷത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ബീഹാറില്‍ ജെയ്റ്റ്‌ലി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രാജ്‌നാഥ് ക്യാമ്പിന്റെ ആരോപണം. പാര്‍ട്ടിയില്‍ വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ ജെയ്റ്റ്‌ലിക്ക് ഉദ്യമത്തില്‍ നിന്ന് പിന്‍വലിയേണ്ടി വന്നു. പക്ഷേ അദ്ദേഹത്തോടുള്ള ക്രൗര്യം കീര്‍ത്തി ആസാദ് ഉള്‍പ്പെട്ട രാജ്‌നാഥ് ക്യാമ്പിന് കെട്ടടങ്ങിയിരുന്നില്ല. ഇടക്കിടെ പൊട്ടലും ചീറ്റലും പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട് കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ മൂലകാരണവും ഇതുതന്നെയാണ്. മന്ത്രിമാരായ എം വെങ്കയ്യ നായിഡു, സ്മൃതി ഇറാനി, നിര്‍മലാ സീതാരാമന്‍, രാജീവ് പ്രതാപ് റൂഡി, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ ജെയ്റ്റ്‌ലിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടും മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ് സിംഗും സുഷമാ സ്വരാജും ഇതുവരെയും കീര്‍ത്തി ആസാദിനെതിരെ ഒരക്ഷരവും ഉരിയാടിയിട്ടില്ല. ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വിയര്‍ത്ത ബി ജെ പിക്ക് പക്ഷേ പാര്‍ട്ടിക്കകത്ത് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കേണ്ടി വരും.
അതേസമയം നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരായ സോണിയക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസിന് താത്കാലികമായി കിട്ടിയ ആയുധമാണ് കീര്‍ത്തി ആസാദും കെ പി എസ് ഗില്ലും ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍. ജയിന്‍ ഹവാല കേസില്‍ ആരോപണ വിധേയനായപ്പോള്‍ എം പി സ്ഥാനം രാജിവെച്ച എല്‍ കെ അദ്വാനിയുടെ മാതൃക ജെയ്റ്റ്‌ലിയും പിന്തുടരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഡല്‍ഹി പോലീസിനെയും ലഫ്റ്റനന്റ് ഗവര്‍ണറെയും ഉപയോഗിച്ച് ബി ജെ പി എ എ പി സര്‍ക്കാറിനെ വരിഞ്ഞുകെട്ടാന്‍ ശ്രമിച്ചു കൊണ്ടിരിക്കെ വീണുകിട്ടിയ അവസരം എ എ പിക്ക് പുറമേ കോണ്‍ഗ്രസും വരും നാളുകളില്‍ ശക്തമായി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. അതിനപ്പുറം ബി ജെ പിയിലെ പടലപ്പിണക്കങ്ങള്‍ക്ക് വരും നാളുകളില്‍ വര്‍ധിത വീര്യവും ലഭിച്ചേക്കും.