Connect with us

Palakkad

തിരുപ്പിറവിയുടെ നക്ഷത്രത്തിളക്കം

എടക്കര: ഈശോയുടെ ക്രൂശിത രൂപമായിരുന്നു അപ്പോള്‍ മനസ്സില്‍ നിറയെ. ശിരസ്സിലണിയിച്ച മുള്‍ക്കിരീടത്തില്‍ നിന്നും, കൈകാലുകളില്‍ തറച്ചു കയറ്റിയ ഇരുമ്പാണികളില്‍ നിന്നും രക്തം വാര്‍ന്നൊഴുകി, അക്ഷോഭ്യമന്ദസ്മിതമോടെ ആകാശവിതാനിയില്‍ കുരിശില്‍ ഉയര്‍ന്നു നില്‍ക്കുന്ന രൂപം. കാല്‍വരിക്കുന്നില്‍, അതുവരെ താന്‍ ചുമന്ന കൂറ്റന്‍ മരകുരിശ്, ഇപ്പോള്‍ തന്നെ ചുമക്കുന്നതിലെ വൈരുദ്ധ്യമോര്‍ത്തെന്ന പോലെ, ആ മന്ദസ്മിതത്തിന് ഇപ്പോള്‍ പ്രകാശമേറിയിരിക്കുന്നു. കണ്ണുകളാവട്ടെ, സംതൃപ്തിയുടെ ഒരു തുരുത്തു പോലെ, തന്നെ ലക്ഷ്യമാക്കി തൊടുക്കുന്ന ഓരോ കല്ലിനു നേരെയും കാരുണ്യവര്‍ഷം ചൊരിയുന്നു. ഭൂമിയിലെ പാപങ്ങളൊക്കെയും പൊറുക്കപ്പെടുവാനായി മരണം കാത്തു കിടക്കുമ്പോള്‍ പോലും, ദീര്‍ഘ തപസ്സിനൊടുവില്‍ ആമഗ്‌നമായ വരലബ്ധിയിലെന്നപോലെ ഒരു പൂര്‍ണ്ണസംതൃപ്ത ഭാവം ആ മുഖമെമ്പാടും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
പിന്നെ തെളിഞ്ഞത്, ഒരു തീന്‍മേശയുടെ ചിത്രണമാണ്. യൂദായുടെ സന്ദേഹങ്ങളും വെളിപാടുകളും തിരശ്ശീല ചാര്‍ത്തിയ ഒരത്താഴ വിരുന്നിലെ രംഗപടങ്ങള്‍. പിറന്നു വീണ് , മുട്ടിലിഴഞ്ഞ് നിവര്‍ന്നു നില്‍ക്കാനും, പിന്നെ ചുവടുറച്ച് നടക്കാനും പഠിക്കേണ്ട ലക്ഷോപലക്ഷം തലമുറകള്‍ക്ക് ” ചതി ” യെന്ന മുന്നറിയിപ്പ് നല്കിപ്പോരാന്‍ ആ തീന്‍മുറിക്കു പിന്നണിയില്‍ മുഴങ്ങിക്കേട്ട ഒരു വെളളിനാണ്യക്കിഴിയുടെ കിലുക്കത്തിന് ഇന്നും സാധിക്കുന്നുണ്ടെന്ന് ഓര്‍ക്കുമ്പോള്‍, ഒരു മകരക്കുളിര് ദേഹമാകെ പടരുന്ന പോലെ…
കുഞ്ഞീശോയ്ക്ക് ഒരു നക്ഷത്ര ശോഭയാണ്. കൂരിരുട്ടില്‍ ചെമന്നുതിളങ്ങുന്ന ഒരേകാന്ത നക്ഷത്രം വിജന വീഥികളില്‍ പഥികര്‍ക്ക് വഴി കാണിക്കാറില്ലേ? ആട്ടിടയന്മാര്‍ക്ക് വഴികാട്ടിയായതും ആ രക്തനക്ഷത്രമാണ്. തിരുപ്പിറവിയുടെ നിയോഗം ഒരു കാലിത്തൊഴുത്തിന് ലഭ്യമാക്കിയത് അത്യു ന്നതങ്ങളിലെ ദൈവത്തിന്റെ മഹത്വം.പുല്‍ത്തൊട്ടിയില്‍, ഒരു കഞ്ഞിക്കരച്ചിലിനു ചുറ്റും വിടര്‍ന്ന പുഞ്ചിരിയില്‍ തെളിഞ്ഞ ആ നക്ഷത്ര വിളക്ക് ഭൂമിയില്‍ സന്‍മനസ്സുകള്‍ക്ക് സമാധാനം വിളിച്ചോതി നമ്മുടെ ഓരോ ഭവനത്തിലും പ്രകാശം പരത്തട്ടെ, ഓരോ പിറവിയും തിരുപ്പിറവിയായി നമുക്ക് അനുഭവവേദ്യമാവട്ടെ …എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍.