സൈബര്‍ ലോകത്തെ ഭീഷണിപ്പെടുത്തല്‍; ട്രാ ബോധവത്കരണം നടത്തി

Posted on: December 24, 2015 6:12 pm | Last updated: December 24, 2015 at 6:12 pm

traദുബൈ: സൈബര്‍ വഴി ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ ടെലികമ്മ്യൂണിക്കേഷന്‍ അധികൃതര്‍ (ട്രാ) പോലീസുമായി സഹകരിച്ച് ബോധവത്കരണം നടത്തി. പോലീസിലെ അല്‍ അമീന്‍ സര്‍വീസ് വിഭാഗത്തിലെ ഉന്നതഉദ്യോഗസ്ഥന്‍ ഖലീല്‍ അല്‍ അലി, ട്രാ സെക്യൂരിറ്റി വിഭാഗം മാനേജര്‍ ഗെയ്ത് അല്‍ മസീന എന്നിവരാണ് ബോധവത്കരണം നയിച്ചത്. സൈബര്‍ കുറ്റവാളികള്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി മുതലെടുക്കുകയും ചെയ്യുന്നുവെന്ന് യു എ ഇ ട്രാ ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി. ഈ നീക്കത്തിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബോധവ്തകരണം. ഇതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.
സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് മിക്ക ഭീഷണിപ്പെടുത്തലുകളും ഉണ്ടാകുന്നത്. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ആളുകളുടെ സ്വകാര്യതക്ക് ഭംഗംവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സൈബര്‍ ലോകത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ഹമദ് ഉബൈദ് അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി. ഇത്തരം ബോധവത്കരണങ്ങള്‍ തുടരും. ഏതൊക്കെ വഴികളിലൂടെയാണ് ഭീഷണികള്‍ വരുന്നതെന്ന് ചൂണ്ടിക്കാണിക്കും. ഇ-മെയില്‍ അക്കൗണ്ട് തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കും. അടുത്ത ഘട്ടത്തില്‍ ഡാറ്റകള്‍ നഷ്ടപ്പെടുന്നതിനെതിരെയുള്ള ബോധവത്കരണമാണ് നടത്തുക.
സ്ത്രീകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോളുകള്‍ വരുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. യു എ ഇ സംസ്‌കാരത്തിന് വിരുദ്ധമായ വീഡിയോ ചാറ്റുകള്‍ ഒഴിവാക്കേണ്ടതാണ്. ലൈംഗികമായ ഭീഷണിപ്പെടുത്തല്‍ ആണ് പലപ്പോഴും നടക്കുന്നത്. ചാറ്റിംഗിലൂടെയാണ് ഇവ ഏറെയും സംഭവിക്കുന്നത്.
ജി സി സി മേഖലയില്‍ 30 പുരുഷന്മാര്‍ അല്‍ അമീന്‍ സര്‍വീസിന്റെ സേവനം തേടിയതായി ഉദ്യോഗസ്ഥന്‍ ഖലീല്‍ അല്‍ അലി വ്യക്തമാക്കി. കുട്ടികളെ ലക്ഷ്യംവെച്ചുള്ള കുറ്റകൃത്യങ്ങളും വ്യാപകമാകുകയാണെന്നും ഖലീല്‍ അല്‍ അലി അറിയിച്ചു.