കുട്ടിക്കുറ്റവാളികളും പുതിയ നിയമവും

Posted on: December 24, 2015 4:20 am | Last updated: December 23, 2015 at 11:21 pm

കൗമാരപ്രായക്കാരെ മുതിര്‍ന്നവര്‍ക്ക് തുല്യം വിചാരണ ചെയ്യാനും ശിക്ഷിക്കാനുമുള്ള പ്രായം പതിനെട്ടില്‍ നിന്ന് പതിനാറായി ചുരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ലോക്‌സഭ നേരത്തെ പാസ്സാക്കിയതും വിവിധകാരണങ്ങളാല്‍ രാജ്യസഭയുടെ അംഗീകാരം നേടാന്‍ കഴിയാതിരുന്നതുമായ ബാലനീതി നിയമഭേദഗതി ബില്ലിന് ചൊവ്വാഴ്ച രാജ്യസഭയും അംഗീകാരം നല്‍കുകയുണ്ടായി. രാഷ്ട്രപതിയുടെ ഒപ്പ് കൂടി പതിയുന്നതോടെ ബില്‍ നിയമമായി മാറും.
കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ 18 വയസ്സ് പൂര്‍ത്തിയാകാത്ത പ്രതി കുട്ടിക്കുറ്റവാളി എന്ന പഴുതിലൂടെ രക്ഷപ്പെട്ട സാഹചര്യത്തിലാണ് ദിവസങ്ങളായി ജെയ്റ്റ്‌ലി പ്രശ്‌നത്തില്‍ പ്രക്ഷുബ്ധമായിരുന്ന രാജ്യസഭ അല്‍പ്പനേരത്തേക്ക് ആ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ചു ബില്‍ പാസ്സാക്കാന്‍ ഒത്തൊരുമിച്ചത്. നിലവിലെ നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിയുന്നതാണ് പരമാവധി ശിക്ഷ. ഇതനുസരിച്ചാണ് ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായം കുറഞ്ഞ പ്രതിയെ വിട്ടയച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വികാരമുള്‍ക്കൊണ്ടും ഡല്‍ഹി സംഭവത്തിലെ ഇരയുടെ മാതാപിതാക്കളുടെ അഭ്യര്‍ഥന മാനിച്ചുമാണത്രേ, ബില്ലിലെ പല വ്യവസ്ഥകളോടും പാര്‍ലിമെന്റ് സ്ഥിരം സമിതി നേരത്തെ പ്രകടിപ്പിച്ച വിയോജിപ്പുകള്‍ അവഗണിച്ച് രാജ്യസഭ ഇത് പാസ്സാക്കിയത്.
എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിന്റെ പേരില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം പൊതുവികാരമായി കണ്ട് തദടിസ്ഥാനത്തില്‍ മാത്രം നിയമം ആവിഷ്‌കരിക്കുന്നതില്‍ നിയമരംഗത്തുള്ളവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ബില്‍ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്നും സമഗ്രമായ വിലയിരുത്തലിന് ശേഷമേ അംഗീകാരം നല്‍കാവൂ എന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. പൊതുവികാരമെന്ന തുറുപ്പ് കാട്ടി സര്‍ക്കാര്‍ അത് അവഗണിക്കുകയാണുണ്ടായത്. പുതിയ നിയമമനുസരിച്ച് 16 വയസ്സിന് താഴെയാണ് ബാല്യമായി കണക്കാക്കുന്നത്. അതിന് മീതേ പ്രായമുള്ളവരെല്ലാം മുതിര്‍ന്നവരും. അതേസമയം 1929ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്സാക്കിയതും 1978ല്‍ മൊറാര്‍ജി സര്‍ക്കാര്‍ ഭേദഗതി വരുത്തിയതുമായ ‘ബാലവിവാഹ നിയന്ത്രണനിയമ’മനുസരിച്ചു പുരുഷന്‍ 20 വയസ്സ് വരെയും സ്ത്രീ 18 വയസ്സ് വരെയും ബാല്യമാണ്. ഈ പ്രായത്തിന് മുമ്പ് വിവാഹിതരായാല്‍ അവര്‍ കുറ്റക്കാരാണെന്ന് നിയമം അനുശാസിക്കുന്നു. കുറ്റകൃത്യങ്ങളില്‍ ബാല്യത്തിന്റെ പരിധി കുറച്ച സാഹചര്യത്തില്‍ വിവാഹ പ്രായവും ചുരുക്കേണ്ടതല്ലേ? പ്രത്യുത ബാല്യത്തിന് വിവിധ നിയമങ്ങളില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ശരിയാണോ? അല്ലെങ്കിലും വയസ്സ് മാത്രമാണോ ബാല്യത്തിന്റെയും മൂപ്പിന്റെയും മാനദണ്ഡം?
ഡല്‍ഹി കേസിലെ ‘കുട്ടിക്കുറ്റവാളി’യുടെ വയസ്സ് കുറ്റകൃത്യം നടത്തുമ്പോള്‍ 16 ആയിരുന്നു. അതുകൊണ്ടായിരിക്കണം ഭേദഗതി നിയമത്തില്‍ ബാല്യത്തിന്റെ പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കിയത്. എങ്കില്‍ സമാനമായ ഒരു കേസില്‍ പതിനഞ്ചുകാരനോ പതിനാലുകാരനോ ഉള്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ബാല്യത്തിന്റെ പ്രായം ഇനിയും താഴ്ത്തുമോ എന്ന സീതാറം യെച്ചൂരിയുടെ ചോദ്യം പ്രസക്തമാണ്. കാണ്‍പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് മൂന്നുപേര്‍ ചേര്‍ന്ന് അഞ്ച് വയസ്സായ ബാലികയെ പീഡിപ്പിക്കുകയും പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ കല്ലുക്കൊണ്ട് പ്രഹരിക്കുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിക്കുകയും ചെയ്തത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ഈ കേസിലെ പ്രതികളിലൊരാള്‍ക്ക് 11 വയസ്സ് മാത്രമായിരുന്നു പ്രായം. ഡല്‍ഹി സംഭവത്തിലേതിനേക്കാള്‍ പൈശാചികവും ക്രൂരവുമാണ് ഈ കേസിലെ പ്രതികളുടെ ചെയ്തി. ഇവിടെ നിയമവും സര്‍ക്കാറും സ്വീകരിക്കുന്ന നിലപാടെന്തായിരിക്കും?
ചില സംഭവങ്ങള്‍ക്ക് അപ്രതീക്ഷിതമായ പ്രാധാന്യം കൈവരാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ഡല്‍ഹി കൂട്ടബലാത്സംഗം. ദേശീയ തലത്തില്‍ മാത്രമല്ല, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കുറ്റകൃത്യമായിരുന്നു അത്. സമാനസംഭവങ്ങള്‍ മുമ്പും ശേഷവും രാജ്യത്ത് നിരന്തരം നടക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളില്‍ പതിവില്‍ കവിഞ്ഞ പ്രാധാന്യമാണ് ഡല്‍ഹി സംഭവത്തിന് ലഭിച്ചത്. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവത്തിലെ പ്രതികള്‍ തീര്‍ച്ചയായും കടുത്ത ശിക്ഷ അനുഭവിച്ചേ തീരൂ. പ്രായ ഇളവിന്റെ ആനുകൂല്യത്തില്‍ പ്രതി മതിയായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടാനിടയായത് ഖേദകരവുമാണ്. എന്നാല്‍ ഇതിന് പ്രതിവിധിയായി പുതിയ നിയമനിര്‍മാണം നടത്തുന്നത് കേവല വികാര പ്രകടത്തിന്റെ മാത്രം അടിസ്ഥാനത്തിലാകരുത്. കുറ്റകൃത്യങ്ങളില്‍ ഇളപ്പും മൂപ്പും വേര്‍തിരിക്കുന്ന സങ്കീര്‍ണമായ നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ വിശേഷിച്ചും. കായിക, മാനസിക വിദഗ്ധരും നിയമജ്ഞരുമെല്ലാം ചേര്‍ന്നുള്ള വിദഗ്ധ സമിതിയുടെ ചര്‍ച്ചയുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ രൂപം കൊള്ളേണ്ടതാണ് ഇത്തരം നിയമങ്ങള്‍.
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് പ്രധാനമായും ജീവിക്കുന്ന ചുറ്റുപാടുകളാണ്. ലൈംഗികതക്ക് പ്രാമുഖ്യം നല്‍കുകയും കുറ്റകത്യങ്ങള്‍ നിസ്സാരവത്കരിക്കുകയും ചെയ്യുന്ന സിനിമകള്‍, സീരിയലുകള്‍, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, സ്ത്രീകളുടെ ആഭാസകരമായ വസ്ത്രധാരണ രീതി തുടങ്ങി അധമവികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന ദൃശ്യങ്ങളാണെവിടെയും. ഇതൊന്നും നിയന്ത്രിക്കാതെ നിയമത്തിന്റെ ചാട്ടവാറുപയോഗിച്ചു കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇത്തരം സാംസ്‌കാരിക ജീര്‍ണതകളെയാണ് ആദ്യം തടയേണ്ടത്.