Connect with us

Ongoing News

സ്റ്റീവ് സ്മിത്ത് ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ , ഐ സി സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ തിരഞ്ഞെടുത്തു.
ഈ വര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്റ് താരം ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴേസാണ്. മികച്ച ഏകദിന വനിതാ ക്രിക്കറ്റ് താരം ആസ്‌ത്രേലിയയുടെ മെഗ് ലാനിംഗും മികച്ച ടി20 വനിതാ താരം വെസ്റ്റിന്‍ഡീസിന്റെ സ്റ്റഫാനി ടെയ്‌ലറും.
ഐ സിസിയുടെ താരോദയം ആസ്‌ത്രേലിയയുടെ ജോഷ് ഹാസല്‍വുഡാണ്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെതാണ് മികച്ച ടി20 പ്രകടനം. ജോഹന്നസ്ബര്‍ഗില്‍ വെസ്റ്റിന്‍ഡീസിനെതിരെ 56 പന്തുകളില്‍ നേടിയ 199 റണ്‍സ് മായാകാഴ്ചയാണ്.
2004 ല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ഏര്‍പ്പെടുത്തയതിന് ശേഷം ബഹുമതി കരസ്ഥമാക്കുന്ന നാലാമത്തെ ആസ്‌ത്രേലിയന്‍ താരമാണ് സ്മിത്ത്. ഇതിനകതം പതിനൊന്ന് പേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
ആദ്യ ജേതാവ് ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണ്. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു ഫഌന്റോഫും ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസും 2005 ല്‍ സംയുക്ത ചാമ്പ്യന്‍മാരായപ്പോള്‍ 2008 ല്‍ വിന്‍ഡീസിന്റെ ശിവനാരായന്‍ ചന്ദര്‍പോള്‍ 2010 ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 2011 ല്‍ ജൊനാഥന്‍ ട്രോപ്, 2012 ല്‍ കുമാരസങ്കക്കാര എന്നിവരും ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി.
റിക്കി പോണ്ടിംഗ് (2006,2007), മിച്ചല്‍ ജോണ്‍സന്‍ (2009,2014), മൈക്കല്‍ ക്ലാര്‍ക്ക് (2013) എന്നിവരാണ് സ്റ്റീവ് സ്മിത്തിന് മുമ്പ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതി ആസ്‌ത്രേലിയയിലെത്തിച്ചത്.
ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ ഒരേ സമയം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് സ്മിത്ത്. രാഹുല്‍ദ്രാവിഡ്, ജാക്വിസ് കാലിസ്, റിക്കി പോണ്ടിംഗ്, കുമാര സങ്കക്കാര, മൈക്കല്‍ ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സന്‍ എന്നിവരാണ് ഒരേ വര്‍ഷം ഇരട്ടചാമ്പ്യന്‍മാരായത്.
2014 സെപ്തംബര്‍ 18 മുതല്‍ 2015 സെപ്തംബര്‍ 13 വരെയുള്ള വോട്ടിംഗ് കാലാവധിയില്‍ മുന്നിലെത്തിയാണ് സ്മിത്ത് ഈ വര്‍ഷത്തെ മികച്ച താരമാകുന്നത്. പതിമൂന്ന് ടെസ്റ്റുകളില്‍ 25 ഇന്നിംഗ്‌സുകളില്‍ നിന്ന് 1734 റണ്‍സാണ് ന്യൂസൗത്ത് വെല്‍സ് താരം നേടിയത്. 82.57 ആണ് ബാറ്റിംഗ് ശരാശരി.
സച്ചിന്‍ കഴിഞ്ഞാല്‍ ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞ താരമാണ് സ്മിത്ത്. വെസ്റ്റിന്‍ഡീസിനെതിരെ കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ 199, 54 നോട്ടൗട്ട് ഇന്നിംഗ്‌സുകളുടെ ബലത്തിലായിരുന്നു സ്മിത്ത് ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്.
26 ഏകദിന മത്സരങ്ങളില്‍ 1249 റണ്‍സാണ് സ്മിത്ത് നേടിയത്. നാല് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളും സ്മിത്തിന്റെ ഏകദിന എക്കൗണ്ടിലുണ്ട്.
2015 ലോകകപ്പ് നേടിയ ആസ്‌ത്രേലിയന്‍ ടീമംഗമാണ്. ഈ വര്‍ഷത്തെ മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഐ സി സി ടെസ്റ്റ്, ഏകദിന ടീം ലൈനപ്പില്‍ സ്റ്റീവ് സ്മിത്തുണ്ട്. ഈ ടീമിനെ തിരഞ്ഞെടുക്കുന്നത് ഐ സി സി ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനലാണ്.

Latest