സ്‌നേഹനബിയുടെ തിരുസ്മരണയില്‍ മലപ്പുറത്ത് ഉജ്ജ്വല നബിദിന റാലി

Posted on: December 23, 2015 11:27 pm | Last updated: December 23, 2015 at 11:27 pm

മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം മലപ്പുറത്ത് നടന്ന നബിദിന റാലി പ്രവാചകപ്പിറവിയുടെ ധന്യസ്മരണകളുണര്‍ത്തി.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും ഉയര്‍ന്ന വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം പതിനായിരത്തിലധികംപേര്‍ അണിനിരന്നു. വിശുദ്ധ ഖുര്‍ആനിലെയും ഹദീസിലെയും സ്‌നേഹസന്ദേശങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണ മുദ്രകളും അടയാളപ്പെടുത്തിയ പ്ലക്കാര്‍ഡുകളും ഭീകരതയുടെ നിരര്‍ഥകത, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദത്തിന്റെ കാലിക പ്രസക്തി എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി. 15 മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു. എം എസ് പി പരിസരത്തു നിന്ന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂരിന്റെ പ്രാര്‍ഥനയോടെ യാണ് റാലി ആരംഭിച്ചത്. നബിദിനത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറം താലൂക്ക് ആശൂപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവിതരണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.