മയക്കുമരുന്ന് കടത്ത്; ഇറാനിയന്‍ കപ്പല്‍ പിടികൂടി

Posted on: December 23, 2015 8:57 pm | Last updated: December 23, 2015 at 8:57 pm

shipഷാര്‍ജ: മയക്കുമരുന്നുമായി എത്തിയ ഇറാനിയന്‍ കപ്പല്‍ യു എ ഇ സുരക്ഷാ സേന പിടികൂടി. മയക്കുമരുന്നിനൊപ്പം രണ്ട് അനധികൃതതാമസക്കാരെയും കയറ്റിയാണ് കപ്പല്‍ രാജ്യത്തേക്ക് എത്തിയത്. ഷാര്‍ജ ഖാലിദ് തുറമുഖം വഴിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കപ്പലിന്റെ ക്യാപ്റ്റനെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫെഡറല്‍ ആന്റി നാര്‍ക്കോട്ടിക് ഡിപാര്‍ട്‌മെന്റും ഷാര്‍ജ ആന്റി നാര്‍ക്കോട്ടിക് ഡിപാര്‍ട്‌മെന്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കപ്പല്‍ പിടികൂടിയത്. 11.5 കിലോ ഹാഷിഷും 1.42 ലക്ഷം മയക്കുമരുന്ന് ഗുളികകളും കപ്പലില്‍നിന്ന് കണ്ടെത്തിയതായി അഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ സുവൈദി അറിയിച്ചു. 10 പേരാണ് കപ്പലിലുണ്ടായിരുന്നത്. രണ്ട് പേര്‍ ടാങ്കില്‍ ഒളിച്ചിരിക്കുകയായിരുന്നു. മതിയായ ഓക്‌സിജന്‍ ലഭിക്കാതിരുന്നതിനാല്‍ ഇവര്‍ അവശരുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കും. കപ്പല്‍ കണ്ടുകെട്ടി.