ലക്ഷ്യം കേരളത്തിന്റെ ഗുജറാത്ത്‌വത്കരണമോ?

രാജ്യത്ത് നടന്ന പല വര്‍ഗീയ കലാപങ്ങള്‍ക്കും തുടക്കം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന അക്രമങ്ങളായിരുന്നു. 'ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ സാമ്പത്തിക ഉപരോധ'മെന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമുയര്‍ത്തിയാണ് ഗുജറാത്തില്‍ വംശഹത്യക്ക് മുന്നൊരുക്കം നടത്തിയത്. ഈയൊരു ലക്ഷ്യത്തോടെ ഗോധ്ര സംഭവത്തിന് എത്രയോ മുമ്പു തന്നെ ഗുജറാത്തില്‍ 17 ലഘുലേഖകള്‍ പ്രചരിപ്പിക്കപ്പെട്ടു. കോളജ് ക്യാമ്പസുകളിലും നഗര മധ്യവര്‍ഗങ്ങള്‍ക്കിടയിലും വിതരണം ചെയ്ത ഇത്തരം ലഘുലേഖകളില്‍ മുസ്‌ലിംകളുടെയും അവര്‍ക്ക് പങ്കുള്ള കച്ചവടസ്ഥാപനങ്ങളുടെയും പട്ടികയും വരുമാനവും വരെ വിശദമായി ചേര്‍ത്തിരുന്നു.
Posted on: December 23, 2015 6:00 am | Last updated: December 23, 2015 at 12:42 am

കണ്ണൂരില്‍ നടന്ന ആര്‍ എസ് എസിന്റെ ചിന്തന്‍ ബൈഠകിന്റെ തീരുമാനങ്ങളും കുമ്മനം രാജശേഖരനെ പോലുള്ള ഒരു തീവ്രഹിന്ദുത്വവാദിയുടെ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്കുള്ള കടന്നുവരവും കുറച്ചുദിവസങ്ങളായി നമ്മുടെ രാഷ്ട്രീയ മണ്ഡലവും മാധ്യമങ്ങളും വിവാദപരമായി ചര്‍ച്ചചെയ്യുകയാണല്ലോ. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ചിന്തന്‍ബൈഠകില്‍ കടുത്ത വര്‍ഗീയ അജന്‍ഡകള്‍ ഉയര്‍ത്തി ഹിന്ദുത്വ ധ്രുവീകരണത്തിന് ആക്കം കൂട്ടിയാലേ കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാകൂ എന്ന വിലയിരുത്തലാണുണ്ടായത്.
1942 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ എസ് എസിന് വലിയ സ്വാധീനമൊന്നും സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി വിഷയങ്ങള്‍ വര്‍ഗീയമായി ഉയര്‍ത്തിയും കലാപങ്ങള്‍ കുത്തിപ്പൊക്കിയും മറാത്താ-ഹിന്ദി മേഖലയിലെ പോലെ കേരളത്തിലും വേരോട്ടമുണ്ടാക്കാനാണ് ഇപ്പോള്‍ അവര്‍ ആസൂത്രിതമായി ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഹിന്ദു ഐക്യവേദിയുടെ ബാനറില്‍ കുമ്മനവും ശശികലയുമൊക്കെ മുസ്‌ലിം, ക്രിസ്ത്യന്‍ വിരുദ്ധപ്രചാരണങ്ങള്‍ അങ്ങേയറ്റം വിദേ്വഷം പടര്‍ത്തുന്ന തരത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഹിന്ദുക്കള്‍ ജനസംഖ്യാപരമായി ന്യൂനപക്ഷമാകുന്നു, ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറികള്‍ വഴി സര്‍ക്കാര്‍ തട്ടിയെടുക്കുന്നു, മുസ്‌ലിം- ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ല, ഹജ്ജ് സബ്‌സിഡി നല്‍കുന്നു, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു, എല്ലാ രംഗത്തും ഹിന്ദുക്കള്‍ അവഗണിക്കപ്പെടുന്നു തുടങ്ങി നിരവധി വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തി മതവിഭജനം സൃഷ്ടിക്കുകയാണ് അവര്‍. ഇപ്പോള്‍ കുമ്മനം പ്രസിഡന്റ് പദവിയിലേക്ക് വരുന്നതോടെ സംഘ്പരിവാര്‍ തങ്ങളുടെ ന്യൂനപക്ഷവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പ്രയോഗതലത്തില്‍ കൂടി സാധ്യത ആരായുകയാണ്.
ചിന്തന്‍ ബൈഠകില്‍ ഹൈന്ദവ ദേവാലയങ്ങള്‍ക്ക് ചുറ്റുമുള്ള അഹിന്ദു കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ക്ഷേത്രോത്സവങ്ങളില്‍ അതാത് മത സമുദായങ്ങളില്‍ പെട്ടവര്‍ മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂവെന്നുമാണ് തീരുമാനിച്ചതു പോലും. കുമ്മനത്തോട് അദ്ദേഹം അധ്യക്ഷനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടു. അത് ശരിവെക്കുന്ന രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. ഹിന്ദു ദേവാലയങ്ങളുമായി ബന്ധപ്പെട്ട കച്ചവടം അതാത് സ്ഥലത്തെ ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിക്കുന്ന പ്രകാരം അതാത് മതസമുദായങ്ങളില്‍ പെട്ടവര്‍ക്കു തന്നെ ആയിരിക്കണമെന്നാണ് കുമ്മനം വിശദീകരിച്ചത്. ഈ പ്രസ്താവന വിവാദമായതോടെ ‘ഞാനങ്ങനെ പറഞ്ഞിട്ടില്ലെ’ന്നുപറഞ്ഞ് മുഖം രക്ഷിക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് കുമ്മനം നടത്തിയത്.
സംഘ്പരിവാര്‍ രാജ്യത്ത് നടത്തിയിട്ടുള്ള വര്‍ഗീയ കലാപങ്ങളുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും അറിയാവുന്ന ഒരു കാര്യം പല വര്‍ഗീയകലാപങ്ങള്‍ക്കും കാരണം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന അക്രമങ്ങളായിരുന്നു. മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ത്താലേ ഹിന്ദു രാഷ്ട്രത്തിന് അവര്‍ കീഴ്‌പ്പെട്ടു നില്‍ക്കൂവെന്നതാണ് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നിലപാട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ‘കമ്യൂണലിസം കോമ്പാറ്റ്’ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നല്ലോ. ‘ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ സാമ്പത്തിക ഉപരോധ’മെന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമുയര്‍ത്തിയാണ് ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ കലാപത്തിനും വംശഹത്യക്കുമുള്ള മുന്നൊരുക്കം നടത്തിയത്.
ഈയൊരു ലക്ഷ്യത്തോടെ ഗോധ്ര സംഭവത്തിന് എത്രയോ മുമ്പു തന്നെ ഗുജറാത്തില്‍ പ്രചരിപ്പിക്കപ്പെട്ട 17 ലഘുലേഖകളുടെ ഇംഗ്ലീഷ് തര്‍ജമകള്‍ കമ്യൂണലിസം കോമ്പാറ്റ് സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് ക്യാമ്പസുകളിലും നഗര മധ്യവര്‍ഗങ്ങള്‍ക്കിടയിലും വിതരണം ചെയ്ത ഇത്തരം ലഘുലേഖകളില്‍ മുസ്‌ലിംകളുടെയും അവര്‍ക്ക് പങ്കുള്ള കച്ചവടസ്ഥാപനങ്ങളുടെയും പട്ടികയും വരുമാനവും വരെ വിശദമായി ചേര്‍ത്തിരുന്നു. നിരവധി മുസ്‌ലിം കച്ചവടസ്ഥാപനങ്ങളുടെ വരുമാനം കണക്കുകൂട്ടി ഇത്രയും രൂപയുണ്ടെങ്കില്‍ എന്തുമാത്രം ഹിന്ദുക്കള്‍ക്ക് ജീവിതച്ചെലവ് കഴിക്കാമായിരുന്നു എന്നതുപോലുള്ള ചോദ്യങ്ങളാണ് ഈ ലഘുലേഖകള്‍ ഉയര്‍ത്തിയത്.
കച്ചവടസ്ഥാപനങ്ങളിലൂടെ ഹിന്ദുക്കളില്‍ നിന്നും മുസ്‌ലിംകള്‍ കൈവശപ്പെടുത്തുന്ന പണം അവരുടെ മതത്തെ വളര്‍ത്താനാണ് ഉപയോഗിക്കുന്നത് എന്ന് സംഘ്പരിവാര്‍ ആരോപിച്ചു. ഹിന്ദുയുവാക്കളെ കൊലപ്പെടുത്താനും ചതിപ്രയോഗങ്ങളിലൂടെ ഹിന്ദു യുവതികളെ മതംമാറ്റാനും ബലാത്സംഗം ചെയ്യാനുമൊക്കെയാണ് ഇങ്ങനെ കിട്ടുന്ന പണം ഉപയോഗപ്പെടുത്തുന്നതെന്ന് എഴുതിവെക്കുകയും ചെയ്തിരുന്നു. മുസ്‌ലിം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ചിന്തിക്കണമെന്നും അവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം കൊടുക്കുന്നത് നിങ്ങളുടെ സഹോദരങ്ങളെ കൊല്ലാനും സഹോദരികളെ ബലാത്സംഗം ചെയ്യാനും പരോക്ഷമായി നല്‍കുന്ന സഹായമായിരിക്കുമെന്നുമാണ് താക്കീത് ചെയ്യുന്നത്.
കേരളത്തില്‍ ഇതിനു സമാനമായ വിദേ്വഷപ്രചാരണങ്ങളാണ് ഹിന്ദു ഐക്യവേദിയുടെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം വിദേ്വഷപ്രചാരണങ്ങള്‍ക്കും അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിനും ചുക്കാന്‍ പിടിച്ച ഒരാള്‍ തന്നെ ബി ജെ പിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്നത് മതനിരപേക്ഷവാദികളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്. അത്തരം ഉത്കണ്ഠകള്‍ പ്രകടിപ്പിക്കുന്നവരോട് അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് സംഘ്പരിവാര്‍ നേതാക്കള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രവരുമാനത്തെയും ഹജ്ജ് സബ്‌സിഡിയെയും സംബന്ധിച്ച നുണപ്രചാരണങ്ങള്‍ വസ്തുതാപരമായി തുറന്നുകാട്ടപ്പെട്ടിട്ടും നിന്ദ്യമായ രീതിയില്‍ അത്തരം പ്രചാരണങ്ങള്‍ തുടരുകയാണല്ലോ.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അനേ്വഷിച്ച സ്വതന്ത്ര അനേ്വഷണ കമ്മീഷന്‍ മുസ്‌ലിം കച്ചവടസ്ഥാപനങ്ങളെയും സ്വത്തുക്കളെയുമെല്ലാം സംബന്ധിച്ച് നേരത്തെ തന്നെ വിവരങ്ങള്‍ ശേഖരിച്ചതിനെയും മുസ്‌ലിം സ്ഥാപനങ്ങളെ സംബന്ധിച്ച് ലിസ്റ്റ് തയ്യാറാക്കിയതിനെയും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഡോ. കമല്‍ മിത്ര ചനോയ് (സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ജെ എന്‍ യു) എസ് പി ശുക്ല (റിട്ടയേര്‍ഡ് ഐ എ എസ് ഓഫീസര്‍), അച്ചിന്‍ വിനായക് (തേര്‍ഡ്‌വേള്‍ഡ് അക്കാദമി ജാമിയ മില്ലിയ) എന്നിവരായിരുന്നു കമ്മീഷനിലെ അംഗങ്ങള്‍. കലാപത്തിന് മാസങ്ങള്‍ക്കുമുമ്പ് വിപണി സര്‍വേ എന്നപേരില്‍ മതം തിരിച്ചുള്ള കടകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയെയും ഉത്പാദനത്തെയും വില്‍പ്പനയെയുമെല്ലാം സംബന്ധിച്ച വിവരങ്ങളാണുപോലും സംഘടിപ്പിച്ചത്. പുതിയ വിദ്വേഷ പ്രഖ്യാപനങ്ങള്‍ ഗുജറാത്തിന്റെ പാഠങ്ങള്‍ മതനിരപേക്ഷവാദികളെ ഓര്‍മപ്പെടുത്തുകയാണ്.