നേതൃമാറ്റം: കോണ്‍ഗ്രസില്‍ ഉള്‍പ്പോര് മൂര്‍ച്ഛിക്കുന്നു

Posted on: December 23, 2015 6:00 am | Last updated: December 23, 2015 at 12:19 am
SHARE

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ കത്ത് വിവാദത്തിന് ശേഷവും നേതൃമാറ്റം ലക്ഷ്യമിട്ടുള്ള കരുനീക്കം കോണ്‍ഗ്രസില്‍ തുടരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കുകയെന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ഐ ഗ്രൂപ്പ് എത്തിയതോടെ ഇതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് എ ഗ്രൂപ്പ് തീരുമാനം. കത്തെഴുതിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും ഇങ്ങനെയൊരു വിവാദത്തിന് പിന്നിലെ ലക്ഷ്യം എ ഗ്രൂപ്പിന് ബോധ്യമുണ്ട്. അത് കൊണ്ട് കരുതലോടെ കാര്യങ്ങള്‍ നീക്കാനാണ് അവരുടെ തീരുമാനം. ഇന്ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഘടകകക്ഷികളെ കൊണ്ട് ആവശ്യപ്പെടാന്‍ എ ഗ്രൂപ്പ് ശ്രമിക്കും. നേതൃമാറ്റം ആവശ്യപ്പെട്ട് കത്ത് അയച്ചെന്ന വാര്‍ത്തകള്‍ രമേശ് ചെന്നിത്തല നിഷേധിച്ചതിനെ തുടര്‍ന്ന് ഈ വിവാദത്തില്‍ കാര്യമായ പ്രതികരണത്തിന് എ ഗ്രൂപ്പ് മുതിര്‍ന്നിരുന്നില്ല. എന്നാല്‍, രമേശിന്റെ നിഷേധ പ്രസ്താവനയില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന് അവര്‍ കരുതുന്നുമില്ല.
കത്ത് വിവാദം തണുത്ത് കൊണ്ടിരിക്കെ ഉമ്മന്‍ചാണ്ടിയെ പരോക്ഷ വിമര്‍ശം ഉന്നയിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം ഇന്നലെ മുഖപ്രസംഗമെഴുതി. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചും അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം വ്യക്തമാക്കിയും എക്‌സൈസ് മന്ത്രിയും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ കെ ബാബു ലേഖനമെഴുതി. വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ കരുണാകരന്റെ ശൂന്യത എടുത്ത് കാട്ടികൊണ്ടാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. കണ്ണില്ലാതായാല്‍ അറിയാം കണ്ണിന്റെ കാഴ്ച എന്ന പഴമൊഴിയില്‍ തുടങ്ങുന്ന എഡിറ്റോറിയലിലെ വരികള്‍ ഉന്നം വെക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് വ്യക്തം. തല ഇരിക്കുമ്പോള്‍ വാലാടുന്ന രീതി കരുണാകരന്‍ വെച്ച് പൊറുപ്പിച്ചിരുന്നില്ല. പെരുവഴിയില്‍ കെട്ടിയ ചെണ്ട പോലെ കോണ്‍ഗ്രസിനെ കൊട്ടാന്‍ കരുണാകരന്‍ അനുവദിച്ചിട്ടില്ല. സമുദായ മതസംഘടനകളുമായി തുല്യദൂരം പാലിച്ച ഒരേ ഒരു നേതാവ് കരുണാകരന്‍ മാത്രമായിരുന്നുവെന്നും വീക്ഷണം മുഖപ്രസംഗം പറയുന്നു.
ജനാധിപത്യ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയും അനര്‍ഹമായത് അവകാശപ്പെടാനോ കയ്യിട്ട് വാരാനോ അനുവദിച്ചില്ല. പത്തരമാറ്റുള്ള മതേതര വിശ്വാസിയായ കരുണാകരന്‍ മുഴുഭക്തനായിരുന്നു. ഒരു സമുദായത്തിന് പരിഗണന ഇതര സമുദായത്തിന് അവഗണന എന്ന വിവേചനം കരുണാകരന്റെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നില്ല. സര്‍വ ജാതിമത നേതാക്കളോടും ചുമലില്‍ തട്ടിയുള്ള സൗഹൃദമായിരുന്നു. കാലില്‍ തൊട്ടുള്ള വിധേയത്വമായിരുന്നില്ല. അസാമാന്യ ഭരണ നിര്‍വഹണ ശേഷി ഉണ്ടായിരുന്ന കരുണാകരന്റെ ആജ്ഞ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടിരുന്നില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് പോലും ഭരണഘടനാവിധേയമായി ലക്ഷ്മണരേഖ ചാടിക്കടക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും മുഖപ്രസംഗം അടിവരയിടുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കങ്ങള്‍ നേരിടുമെന്ന സൂചനകള്‍ നല്‍കുന്നതാണ് കെ ബാബുവിന്റെ ലേഖനം. പ്രതിപക്ഷത്തെയാണ് ലേഖനത്തില്‍ ആക്രമിക്കുന്നതെങ്കിലും വരികളില്‍ എടുത്ത് പറയുന്നത് ഉമ്മന്‍ചാണ്ടിക്ക് മാത്രമുള്ള കഴിവുകളെക്കുറിച്ചാണ്. കേവലം രണ്ട് പേരുടെ മാത്രം ഭൂരിപക്ഷത്തില്‍ അധികാരമേറ്റ സര്‍ക്കാറിനെ നിലനിര്‍ത്തിയത് ഉമ്മന്‍ചാണ്ടിയുടെ കഴിവ് കൊണ്ടാണെന്ന് ലേഖനം സമര്‍ഥിക്കുന്നു. ജനസമ്പര്‍ക്ക പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കിയതും ഉമ്മന്‍ചാണ്ടിയുടെ മാത്രം കഴിവുകൊണ്ടാണ്. യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും മന്ത്രിസഭയുടെയും സംസ്ഥാനത്തിന്റെയും ശക്തി സ്രോതസ്സ് ഉമ്മന്‍ചാണ്ടിയാണ്. കേരളം അന്യരാജ്യങ്ങളില്‍ അറിയപ്പെടുന്നത് ഉമ്മന്‍ചാണ്ടിയിലൂടെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് സാഹചര്യം പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യമാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ബാബു സമര്‍ഥിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here