തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവാക്കള്‍ക്ക് സഊദിയില്‍ ക്രൂരമര്‍ദനം

Posted on: December 23, 2015 12:18 am | Last updated: December 23, 2015 at 12:18 am

downloadഹരിപ്പാട്: വിദേശ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവാക്കള്‍ക്ക് സഊദിയില്‍ ക്രൂരമര്‍ദനം. ഹരിപ്പാട് സ്വദേശികളായ മൂന്ന് പേരെ തൊഴിലുടമയായ അറബിയും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് ശാരീരികമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് നാട്ടില്‍ ബന്ധുക്കള്‍ക്കയച്ചു കൊടുത്തത്.
യമന്‍ അതിര്‍ത്തിയിലെ അബഹയില്‍ കൊടുംപട്ടിണിയില്‍ ഇവര്‍ മരണഭയത്തോടെ കഴിയുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉയര്‍ന്ന ശമ്പളത്തില്‍ സഊദിയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് ട്രാവല്‍ ഏജന്‍സി യുവാക്കളെ വിദേശത്തേക്കയച്ചത്. ഒന്നരമാസം മുമ്പ് ഹരിപ്പാട് ഏവൂര്‍ മുട്ടം സ്വദേശി ബൈജുവാണ് ആദ്യം സഊദിയിലെത്തിയത്.
ഈ മാസം ആദ്യവാരത്തില്‍ വിമല്‍കുമാര്‍, അഭിലാഷ് എന്നിവരും ഇവിടെയെത്തി. നിര്‍മാണ കമ്പനിയില്‍ മികച്ച ജോലി പ്രതീക്ഷിച്ചെത്തിയ ഇവരെ കാത്തിരുന്നത് ഇഷ്ടികചൂളയിലെ ചുമടെടുപ്പ്. ഒപ്പം അറബിയുടെ ക്രൂര പീഡനവും. വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തത് ചോദ്യം ചെയ്തപ്പോള്‍ കൊന്നുകളയുമെന്നായി ഭീഷണി. തുടര്‍ന്ന് സ്‌പോണ്‍സറുടെ കണ്ണുവെട്ടിച്ച് പുറത്തു കടന്ന യുവാക്കള്‍ തങ്ങള്‍ക്കുണ്ടായ തിക്താനുഭവങ്ങളുടെ ദൃശ്യങ്ങള്‍ നാട്ടിലേക്കയക്കുകയായിരുന്നു.
ഒളിവില്‍ കഴിയുകയാണെന്നും ഏത് നിമിഷവും അറബിയുടെയോ സ്‌പോണ്‍സറുടെയോ പോലീസിന്റെയോ കൈയ്യിലകപ്പെട്ടേക്കാമെന്നും ഇവര്‍ വീട്ടുകാരോട് വ്യക്തമാക്കി. വീട്ടുകാര്‍ ഇത് സംബന്ധിച്ച് കായംകുളം പോലീസില്‍ പരാതി നല്‍കി. അതിനിടെ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം രംഗ ത്തെത്തി. ഒരോരുത്തരും 1.75 ലക്ഷം രൂപവീതം നല്‍കിയാല്‍ നാട്ടിലേക്ക് മടക്കി അയക്കാമെന്നാണ് മലയാളികള്‍കൂടി ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിന്റെ നിലപാട്. പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമായതിനാല്‍ ഏത് സമയവും പോലീസ് പിടിയിലാകാമെന്ന അവസ്ഥയിലാണ് യുവാക്കള്‍.