Kerala
വയോജന ക്ഷേമ ബോര്‍ഡ്: മൂന്നാഴ്ച്ചക്കകം ഇടക്കാല റിപ്പോര്‍ട്ട്
		
      																					
              
              
            തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കുന്നത് സംബന്ധിച്ച ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്ന് ആഴ്ച്ചക്കകം സമര്‍പ്പിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അഡ്വ. വി കെ ബീരാന്‍. നാല് ജില്ലകളില്‍ കൂടി സന്ദര്‍ശനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് മൂന്ന് ആഴ്ച്ചത്തെ സമയംകൂടി വേണം. അതിനുശേഷമാകും ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വയനാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് സന്ദര്‍ശിക്കാനുള്ളത്.
വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്ര നിയമം പാസ്സാക്കിയിട്ടുണ്ട്. 2009ലെ നിയമവും വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍, ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കുന്നില്ല. വയോജന സൗഹൃദ സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമാക്കുന്നതിനായാണ് വയോജന ക്ഷേമ സംരക്ഷണ റഗുലേറ്ററി ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേക സമിതി രൂപവത്കരിച്ചത്. സമിതി എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തുന്നുണ്ട്.
ഓരോ ജില്ലയിലെയും സാമൂഹ്യക്ഷേമ നീതി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ വെച്ചാണ് സിറ്റിംഗ് നടത്തുന്നത്. സ്‌പെഷ്യല്‍ ഓഫീസറിന് ആവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കുന്നതിന് ഗതാഗതം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, പോലീസ്, പട്ടിക ജാതി പട്ടികവര്‍ഗ വികസനം, ഉപഭോക്തൃ സംരക്ഷണം, ട്രഷറി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാരും ബേങ്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും സിറ്റിംഗില്‍ പങ്കെടുക്കണം.
ആരോഗ്യ രംഗത്തും മറ്റു സര്‍ക്കാര്‍ തലങ്ങളിലും വയോജനങ്ങള്‍ക്കായുള്ള പല നിയമങ്ങളും നടപ്പാക്കിയിട്ടില്ല. ആശുപത്രിയില്‍ ചികിത്സക്കായെത്തുന്ന വയോജനങ്ങളുടെ സംരക്ഷണം പോലും കാര്യക്ഷമമല്ല. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിന് കിടക്ക നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. വയോജനങ്ങള്‍ക്ക് നീതിനിഷേധമുണ്ടായാല്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കാനും അത് സമയബന്ധിതമായി പരിഹരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, ട്രൈബ്യൂണലുകളിലും കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പരാതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലോ എന്തെങ്കിലും തടസ്സമുണ്ടായാല്‍ പരമാവധി നാല് മാസത്തിനുള്ളിലോ പരിഹരിക്കണമെന്നതും പാലിക്കപ്പെടുന്നില്ല. വയോജന സംരക്ഷണം ഉറപ്പുവരുത്തേണ്ടവര്‍ നിയമങ്ങളെ കുറിച്ച് അജ്ഞരാണ്.
ഈ സാഹചര്യത്തില്‍ ആര്‍ ഡി ഒമാരെയും വയോജന സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി ശില്‍പ്പശാല സംഘടിപ്പിക്കും. കൊച്ചിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമവിദഗ്ധര്‍ ക്ലാസെടുക്കും. മാധ്യമങ്ങള്‍ വയോജന അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



