ഡല്‍ഹിയില്‍ ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ പരിശോധനക്ക് ഉത്തരവ്

Posted on: December 21, 2015 7:48 pm | Last updated: December 21, 2015 at 7:50 pm

PETROLE PUMPന്യൂഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഡല്‍ഹിയില്‍, ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താന്‍ കര്‍ശന പരിശോധനക്ക് ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയിലെ വിവിധ ഭാഗങ്ങളിലുള്ള ഏതെങ്കിലും പത്ത് പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്താനാണ് ഉത്തരവ്. പെട്രോളിയം മന്ത്രാലയത്തിന് പുറമെ പരിസ്ഥിതി മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതിനിടെ, ഡല്‍ഹിയിലെ മാലിന്യപ്രശ്‌നം അടിയന്തര സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബന്ധപ്പെട്ട അധികൃതര്‍ നിയമങ്ങളും ചട്ടങ്ങളും ശരിയാംവിധം പാലിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും ജസ്റ്റിസ് ബദര്‍ ദുരസ് അഹമ്മദും ജസ്റ്റിസ് സച്ച്‌ദേവയും അടങ്ങിയ ബഞ്ച് വ്യക്തമാക്കി.