ഹൃദ്‌രോഗികള്‍ക്ക് വീട്ടില്‍ ചികിത്സയുമായി ഹമദ്

Posted on: December 21, 2015 7:45 pm | Last updated: December 21, 2015 at 7:45 pm

ദോഹ: വീട്ടില്‍ വെച്ചുതന്നെ ഹൃദ്‌രോഗം കണ്ടുപിടിക്കാനും ചികിത്സിക്കാനുമുള്ള പദ്ധതിയുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി). എച്ച് എം സിയുടെ കീഴിലുള്ള ഹൃദ്‌രോഗ ആശുപത്രിയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം ഹേര്‍ട്ട് ഫെയിലര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് പദ്ധതി.
സ്വന്തം വീട്ടില്‍ കഴിയുന്ന രോഗിയുടെ രോഗ സൂചനകളും മറ്റ് ലക്ഷണങ്ങളും നിരീക്ഷിച്ച് ചികിത്സിക്കുന്ന പദ്ധതിയാണിത്. ഹൃദയ തകരാറുകള്‍ നേരത്തെ അറിയാനും ചികിത്സിക്കാനും സാധിക്കുന്നതുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടെന്ന് കാര്‍ഡിയോളജിസ്റ്റും ഹേര്‍ട്ട് ഫെയിലര്‍ പ്രോഗ്രാം ഡയറക്ടറുമായ ഡോ. അംറ് മുഹമ്മദ് ഹാമിദ് ബദ്ര്‍ പറഞ്ഞു. ഹൃദയ തകരാറില്‍ സ്‌പെഷ്യലൈസ് ചെയ്ത കാര്‍ഡിയോളജിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് എജുക്കേറ്റര്‍ നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പ്രകാരം ഉണ്ടാകുക. ഓരോ രോഗിക്കും കൃത്യമായ ഇടവേളകളില്‍ ആധുനിക ചികിത്സ നല്‍കുകയെന്നതാണ് ഈ സംഘത്തിന്റെ ഉത്തരവാദിത്തം. രോഗത്തിന്റെ പ്രകൃതം, രോഗത്തെ ചെറുക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയവ രോഗിയുടെ കുടുംബങ്ങള്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കും. ഇന്‍ജക്ഷനുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് കുറച്ചുസമയം തങ്ങാനുള്ള സൗകര്യവും പ്രത്യേകം ഒരുക്കും. ഈ പദ്ധതി അതിനൂതനവും രോഗികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതുമാകും. അതിനാല്‍ തന്നെ വന്‍ വിജയമായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ഹൃദ്‌രോഗികള്‍ 1200ലേറെ തവണ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ വര്‍ഷമത് ഇരട്ടിയായി. ഹൃദ്‌രോഗത്തിന് പ്രത്യേക പരിചരണം വേണമെന്നും ക്ലിനിക്കുകള്‍ ഏറെ പ്രയോജനപ്പെടുമെന്നും രോഗികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതേസമയം, കൂടുതല്‍ രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്. ഡോ. ബദ്ര്‍ പറഞ്ഞു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ മര്‍ദത്തില്‍ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് സാധിക്കാതെ വരുന്നതാണ് ഹേര്‍ട്ട് ഫെയ്‌ലിംഗ്. ഹൃദയപേശികള്‍ വളരെ ബലഹീനമാകുന്നതാണ് ഇതിന് കാരണം. ഹൃദ്‌രോഗം കിഡ്‌നി, കരള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടെ, ചികിത്സ മൂലം ഹൃദ്‌രോഗം മാറ്റാന്‍ സാധിച്ചിട്ടുണ്ട്. ഏതുപ്രായക്കാരിലും ഹൃദ്‌രോഗം വരാമെങ്കിലും പ്രായം ചെന്നവരിലാണ് കൂടുതലും. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. ശ്വാസംകിട്ടാതിരിക്കുക, ക്ഷീണം, കണങ്കാല്‍ വീക്കം തുടങ്ങിയവയാണ് ഹൃദ്‌രോഗത്തിന്റെ ലക്ഷണങ്ങള്‍. ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയുക, വാല്‍വുകള്‍ക്കുള്ള രോഗം, ജനന സമയത്തെ പ്രശ്‌നം കാരണം ഹൃദയമിടിപ്പിലെ താളപ്പിഴ, അനിയന്ത്രിതമായ രക്തസമ്മര്‍ദം, പ്രമേഹം, വൃക്കത്തകരാറ് തുടങ്ങിയവയും ഹേര്‍ട്ട് ഫെയ്‌ലറിന് കാരണമാകും.