മയക്കുമരുന്ന് കടത്തിനെതിരെ ജാഗ്രത

Posted on: December 21, 2015 5:09 pm | Last updated: December 23, 2015 at 9:16 pm

kannadiമയക്കുമരുന്ന് കടത്തിനെതിരെ യു എ ഇ എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്. കര, വ്യോമ, സമുദ്രം വഴിയുള്ള കള്ളക്കടത്ത് തടയുന്നതില്‍ വൈദഗ്ധ്യവും സാങ്കേതിക വിദ്യയും പോലീസ് സ്വായത്തമാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി രാജ്യാന്തര കുറ്റവാളികളെപ്പോലും ജയിലിലടക്കാന്‍ യു എ ഇക്കു കഴിയുന്നു. ഏറ്റവും ഒടുവില്‍, ലോകത്ത് വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാരനാണ് പിടിയിലായത്.
ഡിസംബര്‍ ഒന്നിനാണ് 39 കാരനായ ബ്രിട്ടീഷുകാരനെ ദുബൈ പോലീസ് പിടികൂടിയത്. ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവടങ്ങളില്‍ കൊലപാതകങ്ങള്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ള ആളാണിത്. പോലീസിനെയും ഭീഷണിപ്പെടുത്തും. ലോകമെങ്ങും ഇയാള്‍ക്ക് സഹായികളുണ്ട്.
2013 ഒക്‌ടോബറില്‍ തന്നെ ദുബൈ പോലീസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍, മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പലതും വെളിവാക്കപ്പെട്ടു. രാജ്യാന്തര മയക്കുമരുന്ന് ശൃംഖലകളുമായി ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. ബ്രിട്ടന്‍, കൊളമ്പിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയാണെന്ന് മനസിലായി.
ബ്രിട്ടന്‍, കൊളമ്പിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പോലീസുമായി കൈകോര്‍ത്തു ദുബൈ പോലീസ് നടത്തിയ നീക്കത്തില്‍ 50 കോടി ഡോളര്‍ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടാന്‍ കഴിഞ്ഞത്. ഓപ്പറേഷന്‍ കാനറിലാന്റ് എന്ന പേരിലായിരുന്നു നീക്കം. 1.5 ടണ്‍ കൊക്കൈന്‍ ലാറ്റിനമേരിക്കയില്‍ നിന്ന് സ്‌പെയിനിലേക്ക് കടത്തുകയായിരുന്നു അധോലോകത്തിന്റെ ലക്ഷ്യം.
ബ്രിട്ടന്‍, സ്‌പെയിന്‍ തുടങ്ങിയ വന്‍കിട രാജ്യങ്ങളിലെ പോലീസിന് കഴിയാത്ത നേട്ടമാണ് ദുബൈ പോലീസ്, ഇച്ഛാശക്തിയിലൂടെ നേടിയത്.
ഗള്‍ഫ് നാടുകളിലേക്ക് മയക്കുമരുന്ന് എത്താതിരിക്കാന്‍ ജി സി സി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. 2010ല്‍ സഊദി അറേബ്യയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ട നൂറുകിലോ ഹാശിഷ് ഷാര്‍ജയില്‍ പിടികൂടി. ട്രക്കില്‍ നിറച്ചാണ് ഹാശിഷ് എത്തിക്കുമായിരുന്നത്. സഊദിയില്‍ ഇവ ഏറ്റുവാങ്ങാന്‍ ഏജന്റുമാരുണ്ടായിരുന്നു.
മയക്കുമരുന്നിന് അടിമപ്പെടുന്ന ചെറുപ്പക്കാരാണ് പിന്നീട് വലിയ കുറ്റവാളികളായി മാറുന്നത്. ഇവര്‍ പലപ്പോഴും അക്രമാസക്തരായി നശീകരണത്തില്‍ ഏര്‍പ്പെടും. കുടുംബത്തിനും നാടിനും തലവേദനയാകും.
ഇരുട്ടിന്റെ മറവില്‍ ഉരുക്കളിലാണ് മയക്കുമരുന്ന് യു എ ഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ എത്തുന്നത്. ദുബൈയിലേക്ക് കാര്‍ഗോവഴി കൊണ്ടുവരുന്നു. അബുദാബിയില്‍ കരമാര്‍ഗം അയല്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നു. ട്രമഡോള്‍ ഗുളികകള്‍ ഈ വര്‍ഷം വന്‍തോതില്‍ കണ്ടെത്തിയിട്ടുണ്ട്.
ജനുവരി മുതല്‍ മെയ് വരെ 2940 മയക്കുമരുന്ന് കടത്തുകളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് തകര്‍ത്തത്. ഇതില്‍ മിക്കതും വിമാനത്താവളത്തിലായിരുന്നുവെന്ന് കസ്റ്റംസ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖാസിം അല്‍ ഹമേലി പറഞ്ഞു.
ലഗേജില്‍ ഒളിപ്പിച്ചുവെച്ച് കടത്താനുള്ള ശ്രമമാണ് നടത്തുന്നത്. യു എ ഇയില്‍ ചുരുങ്ങിയത് പത്തുവര്‍ഷം തടവില്‍ കിടക്കേണ്ടിവരുമെന്നറിഞ്ഞിട്ടും പലരും അപകടകരമായ മാര്‍ഗം സ്വീകരിക്കുന്നു.
കെ എം എ