വല്ലവന്റേയും അടുക്കള പരിശോധിക്കലാകരുത് നമ്മുടെ ജോലി: ഇന്നസെന്റ്

Posted on: December 21, 2015 2:37 pm | Last updated: December 22, 2015 at 9:46 am

Innocentന്യൂഡല്‍ഹി: ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് വീണ്ടും മുക്തനായ ശേഷം ഇന്നസെന്റ് എം പി ലോക്‌സഭയിലെത്തി. രോഗികളെ കൊള്ളയടിക്കുന്ന മരുന്ന് കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ചതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് രാഷ്ട്രീയത്തേയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. വല്ലവന്റേയും അടുക്കളയില്‍ എന്ത് നടക്കുന്നൂ എന്ന് പരിശോധിക്കലല്ല നമ്മുടെ ജോലിയെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാനാണ് ഇങ്ങോട്ടേക്ക് അയക്കുന്നത്. അതിന് തന്നെയാകണം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരും മരുന്ന് കമ്പനികളും ചേര്‍ന്ന് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കൃത്യമായി സാധിക്കുന്നില്ല. വിലപേശലും കൊള്ളയുമാണ് അവശ്യമരുന്നുകളുടെ പേരില്‍ നടക്കുന്നത്. ഇടനിലക്കാരും മരുന്നുകമ്പനികളും ഡോക്ടര്‍മാരും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് രോഗികളെ കൊള്ളയടിക്കുന്നത്. തുണിക്കച്ചവടം പോലെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രസംഗം.