നഗരസഭ വികസനം:59 ഇന മാര്‍ഗരേഖയുമായി വ്യാപാരികള്‍

Posted on: December 21, 2015 10:27 am | Last updated: December 21, 2015 at 10:27 am

സുല്‍്ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വികസനത്തിന് 59 ഇന മാര്‍ഗരേഖയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ഗ്രീന്‍സിറ്റി, ക്ലീന്‍സിറ്റി എന്ന ആശയം അതിന്റെ പൂര്‍ണതയില്‍ യാഥാര്‍ഥ്യമാക്കാന്‍ ഉതകുന്ന വിധത്തിലുള്ള വികസന രേഖ നഗരസഭ ചെയര്‍മാന് സമര്‍പ്പിച്ചുവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട്ടിലെ പ്രധാനപ്പെട്ട ടൗണായ സുല്‍ത്താന്‍ ബത്തേരി ഇന്ന് മൂന്നാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. രാത്രികാല ഗതാഗത നിരോധനവും മറ്റു കാരണങ്ങളും ഇതിന് കാരണമായി. നഗരത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള കര്‍മ പദ്ധതികളും മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ടൗണിന്റെ വികസനം തടസപ്പെടുത്തുന്നത് വ്യാപാകരികളാണെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണം. റോഡുവക്കിലെ ഓട കൈയേറി കെട്ടിടം നിര്‍മിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നഗരശുചീകരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും 12 നിര്‍ദേശങ്ങളാണ് വെച്ചിട്ടുള്ളത്. നഗരത്തിന്റെ മുഖമുദ്ര ശുചിത്വമായിരിക്കണം. സൗന്ദര്യവും ശുചിത്വവുമുള്ള നഗരത്തിന് മുന്‍സിപ്പാലിറ്റിയുടെ ആസൂത്രണം ഉണ്ടാകണം.
്ട്രീറ്റ് ലൈറ്റുകള്‍ ആധുനിക രീതിയില്‍ സ്ഥാപിക്കുക, സോളാര്‍ ലൈറ്റുകള്‍, ഹൈമാസ് ലൈറ്റുകള്‍ എന്നിവ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങളും വികസനരേഖയില്‍ ഉണ്ട്.ഗതാഗതവും നഗരവികസനം, ടൂറിസം, ഗ്രാമവികസനം, ആരോഗ്യ പരിപാലനം, ക്ഷേമകാര്യം, ലഹരി പദാര്‍ഥങ്ങളുടെ നിരോധനം, കലാ-കായികം, റോഡുകളുടെ ആധുനിത വത്കരണം, മാര്‍ക്കറ്റിന്റെ നവീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വികസനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന് ഇരുവശവുമുള്ള പാര്‍ക്കിംഗ് മൂലവും ഫുട്പാത്ത് കച്ചവടം കൊണ്ടും ടൗണിലെ ചുള്ളിയോട് റോഡ് വൃത്തിഹീനമായിരിക്കുകയാണ്. ഇവിടെയുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കണം. തെരുവ് കച്ചവടം ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റണം. ഈ ഭാഗത്ത് ഡിവൈഡറും ഗാര്‍ഡനും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ച് മനോഹരമാക്കാനാവശ്യമായ നടപടികളുണ്ടാകണം.
കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോ ജില്ലാ ഡിപ്പോയായി നിലനിര്‍ത്താനാവശ്യമായ നടപടി ഉണ്ടാകണം. നിലവിലുള്ള സ്റ്റേഡിയം ഇന്‍ഡോര്‍ സ്റ്റേഡിയമായി മാറ്റണം. പുതിയ അന്തര്‍ ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷന്‍ റോഡ് ഉയരം കുറച്ച് വീതി കൂട്ടി വലിയ വാഹനങ്ങള്‍ക്കുകൂടി ഗതാഗതത്തിന് അനുയോജ്യമാക്കുക, മുന്‍സിപ്പാലിറ്റി യാചക നിരോധന മേഖലയാക്കുക, വയലുകള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ബീനാച്ചി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് സുവോളജിക്കല്‍ പാര്‍ക്ക് ആക്കുക, ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുക, വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നടപ്പാക്കുക, ബൈപ്പാസ്, മിനിബൈപ്പാസ് എന്നിവയുടെ നിര്‍മാണം ആരംഭിക്കുക, ട്രാഫിക് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, നഗരത്തില്‍ ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. അബ്ദുള്‍ഖാദര്‍, ജനറല്‍ സെക്രട്ടറി പി.വൈ. മത്തായി, മറ്റു ഭാരവാഹികളായ അനില്‍കുമാര്‍, എം.പി. ഹംസ, വി.കെ. റഫീഖ്, ആരിഫ് കല്ലങ്കോടന്‍ എന്നിവര്‍ പങ്കെടുത്തു.