Connect with us

Kerala

മാണിക്ക് പകരം തത്കാലം മന്ത്രി വേണ്ടന്ന് കേരള കോണ്‍ഗ്രസ്

Published

|

Last Updated

കോട്ടയം: കെ എം മാണിക്ക് പകരക്കാരനെ തത്കാലം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആവശ്യപ്പെടേണ്ടെന്ന് കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ബാര്‍ കോഴയിലെ തുടരന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി മാണി തന്നെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തണമെന്ന പൊതു വികാരമാണ് മാണിയുടെ രാജിക്ക് ശേഷം ഇന്നലെ കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലുണ്ടായത്. ആവശ്യഘട്ടത്തില്‍ പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ഉന്നതാധികര സമിതിയെ യോഗം ചുമതലപ്പെടുത്തി.
കെ എം മാണി തിരിച്ചെത്തണമെന്ന ആവശ്യത്തില്‍ പി ജെ ജോസഫിനെ അനുകൂലിക്കുന്ന അംഗങ്ങളുടെ മൗനം പാര്‍ട്ടിയില്‍ തുടരുന്ന ഭിന്നത പ്രകടമാക്കുന്നതാണ്. യോഗത്തില്‍ ബാര്‍കോഴ കേസായിരുന്നു പ്രധാന ചര്‍ച്ച വിഷയം. കേസില്‍ ഇരട്ട നീതിയാണെന്നും ആഭ്യന്തരവകുപ്പ് മനഃപൂര്‍വം ക്രൂശിക്കാന്‍ ശ്രമിച്ചുവെന്നും ചില അംഗങ്ങള്‍ വിമര്‍ശനം നടത്തി. ഇതിനിടെ കോണ്‍ഗ്രസുമായുളള ബന്ധം വിഛേദിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ധനവകുപ്പ് പോലെ പ്രധാന വകുപ്പ് കോണ്‍ഗ്രസിന ്‌വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി ഇത് തിരിച്ചെടുക്കണമെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ ആരും അഭിപ്രായമൊന്നും പറഞ്ഞില്ല. നിയമസഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മാണി പറഞ്ഞു.
തദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായെന്നും യോഗം വിലയിരുത്തി. മൂകമായ അന്തരീക്ഷത്തിലായിരുന്നുയോഗം. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കെ എം മാണി ബാര്‍ കോഴയില്‍ പുനരന്വേഷണം നീട്ടരുതെന്നും എത്രയും വേഗം ഇത് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.