മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുമ്പോഴും നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമകേസിന് തുമ്പായില്ല

Posted on: December 21, 2015 4:00 am | Last updated: December 21, 2015 at 9:36 am

rupeshനിലമ്പൂര്‍: മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുമ്പോഴും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമകേസിന് തുമ്പായില്ല. സംഭവവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് അറസ്റ്റിലായി മാസങ്ങള്‍ പിന്നിട്ടെങ്കിലും കേസിന്റെ ചുരുളഴിയാതെ കിടക്കുകയാണ്. സംസ്ഥാനത്ത് തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം നടന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. കേസ് ഇപ്പോഴും ദുരൂഹമാണ്.
2010 ജൂലൈ എട്ടിനാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിന്റെ ബ്രേക്ക് പൈപ്പും, ഫീഡ് പൈപ്പും ഇരുപതിടത്താണ് അറുത്തുമാറ്റിയത്. രാവിലെ 6.30ന് നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 654ാം നമ്പര്‍ ട്രെയിനിലാണ് അട്ടിമറി ശ്രമം നടന്നത്. ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ അട്ടിമറി ശ്രമമായിരുന്നു നിലമ്പൂരിലേത്.
ലോക്കല്‍ പോലീസ് മുതല്‍ കേന്ദ്ര ഏജന്‍സി വരെ സംഭവം അന്വേഷിച്ചു. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ട്രെയിന്‍ അട്ടിമറിക്ക് പിന്നില്‍ മാവോയിസ്റ്റുകളാണെന്നായിരുന്നു പിന്നീടുള്ള കണ്ടെത്തല്‍. മാവോയിസ്റ്റുകളായ എറണാകുളം സ്വദേശി പി കെ സിനിക്, പാലക്കാട് സ്വദേശി ശശിധരന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയും തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ തെക്കിനിയേടത്ത് രൂപേഷിനെതിരെ ട്രെയിന്‍ അട്ടിമറി ശ്രമത്തിന്റെ പേരില്‍ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി നടന്ന ദിവസം രൂപേഷും സംഘവും നിലമ്പൂരില്‍ തമ്പടിച്ചതായും പോലീസ് പറഞ്ഞിരുന്നു. രൂപേഷ് അറസ്‌റിലായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെ് തെളിയിക്കാന്‍ ഇതുവരേ സാധിച്ചിട്ടില്ല.
മാവോയിസ്റ്റ് ആക്രമണം ടി കെ കോളനി നിവാസികള്‍ ഭീതിയിലാണ്. പ്രദേശത്ത് വര്‍ഷങ്ങളായി മാവോദി ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ക്ക് ഭീഷണിയായത്. ഔട്ട് പോസ്റ്റില്‍ തീയിടുകയും വാച്ചര്‍മാരെ തട്ടികൊണ്ടുപോകുകയും ചെയത്തതോടെ വനപാലകരും ഭീതിയിലാണ്. നേരത്തെ ഈ ഭാഗത്ത് നിരവധി തവണ മാവോവാദികളെന്ന് പരിചയപ്പെടുത്തുന്നവര്‍ പ്രത്യക്ഷപെട്ടിരുന്നു. പൂക്കോട്ടുംപാടം സ്റ്റേഷന് സമീപത്തെ റബര്‍ ടാപ്പിംഗ് തൊഴിലാളിയേയും ഹോട്ടല്‍ തൊഴിലാളിയേയും മാവോവാദികള്‍ കഴിഞ്ഞ വര്‍ഷം തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീതി മാറിക്കൊണ്ടിരിക്കെയാണ് മാവോവാദികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
പോലീസ് സ്റ്റേഷന് നേരത്തെ കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പിന്നീട് ഭാഗികമായി പിന്‍വലിച്ചു. നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രത്യേകം കുറിപ്പെഴുതി വെച്ചാണ് ഇക്കുറി മാവോവാദികള്‍ എത്തിയത്. നാട്ടകാര്‍ക്കെഴുതിയ കത്തില്‍ ആദിവാസികളുടെ പ്രശ്‌നങ്ങളാണുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ് റിലീസ് എ പേരില്‍ എഴുതിയ കുറിപ്പില്‍ ഭരണകൂട ഭീകരതയെകുറിച്ചാണ് സൂചിപ്പിക്കുന്നത്. മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ എഴുതിയിട്ടുള്ള കുറിപ്പില്‍ വയനാട്ടിലും അട്ടപ്പാടിയിലും നടന്ന വെടിവെപ്പിനെ കുറിച്ചും പറയുന്നുണ്ട്.