കുടുംബശ്രീയുടെ കഫേശ്രീ സൂപ്പര്‍ഹിറ്റ്

Posted on: December 21, 2015 3:46 am | Last updated: December 20, 2015 at 11:48 pm
SHARE

kudumbasreeതിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സ്ത്രീസൗഹൃദ അടുക്കളയായ കുടുംബശ്രീയുടെ കഫേശ്രീ സൂപ്പര്‍ഹിറ്റ്. സ്ത്രീകളുടെ സുരക്ഷയും ശുചിത്വവും മുന്‍നിര്‍ത്തി കുടുംബശ്രീ ചാവക്കാട് തുടക്കമിട്ട കഫേ ശ്രീക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനെത്തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കുകൂടി കഫേ ശ്രീ വ്യാപിക്കാനാണ് കുടുംബശ്രീയുടെ തീരുമാനം.
ആദ്യ ഘട്ടത്തില്‍ 20 കഫേ കുടുംബശ്രീകളാണ് ആരംഭിക്കുക. നഗരപ്രദേശങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ആംഭിക്കുന്ന പുതിയ യൂനിറ്റിന്റെ ഉദ്ഘാടനം നാളെ നടക്കും. മന്ത്രി എം കെ മുനീറാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലാണ് കഫേ ശ്രീ ആരംഭിക്കുന്നത്.
കുടുംബശ്രീയുടെ ഒ ത്തൊരുമ കഫേ കുടുംബശ്രീ പ്രവര്‍ത്തകരുടെ വേഷത്തിലും ഉണ്ട്. എല്ലാവരും ശുചിത്വം ഉറപ്പാക്കുന്ന ഒരേ തരത്തിലുള്ള വേഷത്തിലാണ് പ്രത്യക്ഷപ്പെടുക. ഓരോ യൂനിറ്റും ആരംഭിക്കുന്നതിനായി 15 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ജില്ലാ കോഓര്‍ഡിനേറ്റര്‍മാരാണ് ഓരോ ജില്ലയിലും ഇതിനായുള്ള സ്ഥലം കണ്ടെത്തി നല്‍കുന്നത്.
കാറ്ററിംഗ് സര്‍വീസ് ആരംഭിക്കാന്‍ കുടുംബശ്രീ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും അതിന്റെ ചെലവ് താങ്ങാനാകാത്തതിനായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. പുതിയ സംരംഭത്തില്‍ ആവശ്യക്കാര്‍ക്കായി കാറ്ററിംഗ് സര്‍വീസ് നടത്താനും കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാണ്.
അത്യാധുനിക ഭക്ഷണശാലയാണ് കഫേശ്രീയുടെ പ്രധാന പ്രത്യേകത. ആഹാരമുണ്ടാക്കുന്നത് ഭക്ഷണശാലയില്‍ എത്തുന്നവര്‍ക്ക് നേരിട്ട് വീക്ഷിക്കാം. സ്ത്രീകള്‍ക്ക് ജോലിഭാരം കുറക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഇവിടെ പ്രയോഗിക്കുന്നുണ്ട്. ഇതിനായി പ്രധാനമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.
മികച്ച വൃത്തി പ്രദാനം ചെയ്യുന്ന അടുക്കളകളില്‍ ശുചിത്വത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 45 മിനുട്ടുകൊണ്ട് 800 പേര്‍ക്ക് ആഹാരം ഉണ്ടാക്കുന്ന എല്ലാ സാങ്കേതിക വിദ്യകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
60 ഓളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. 15ഓളം സംരംഭകരാണ് ഒരു യൂനിറ്റിന് കീഴിലുള്ളത്. ഭക്ഷണത്തിന് പുറമെ സ്ത്രീകള്‍ക്കായി വിശ്രമ മുറി, ശുചിമുറി, അമമ്മാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള സൗകര്യം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്.
കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന കഫേശ്രീയില്‍ നാടന്‍ കേരളീയ വിഭവങ്ങള്‍ക്ക് പുറമെ തലശ്ശേരി ദം ബിരിയാണി ഉള്‍പ്പെടെ കണ്ണൂരിന്റെ തനതായ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലകളിലും ഇത്തരം അവരവരുടെ തനതായ രുചികളും കുടുംബശ്രീ പരീക്ഷിക്കും.
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇതിനായി പ്രത്യേക പരിശീലവും സാങ്കേതിക വിദ്യയും ഒരുക്കി നല്‍കുന്നത് പതിവുപോല കുടുംബശ്രീ പരിശീലകരായ ഐഫ്രം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here