തന്നെ കുടുക്കാമെന്ന് ബിജെപി എം പി സോണിയക്ക് ഉറപ്പ് നല്‍കിയിരുന്നെന്ന് ജെയ്റ്റ്‌ലി

Posted on: December 20, 2015 10:42 am | Last updated: December 20, 2015 at 12:58 pm

arun-jaitley

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ പിന്തുണച്ച ബിജെപി എം പി കീര്‍ത്തി ആസദിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. തന്നെ കുടക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒരു ബിജെപി എം പി കത്തയച്ചിരുന്നു. അദ്ദേഹം സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുകയും തന്നെ കുടുക്കാമെന്ന് ഉറപ്പു നല്‍കിയതായും ജെയ്റ്റ്‌ലി പറഞ്ഞു. കീര്‍ത്തി ആസാദിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജെയ്റ്റ്‌ലിയുടെ ആരോപണം.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമില്ല. ഇതില്‍ നിന്ന് ഒരു രൂപപോലും തന്റെ കുടുംബാംഗങ്ങള്‍ നേടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സെക്രട്ടേറിയറ്റിലെ സിബിഐ റെയ്ഡുമായി ബന്ധപ്പെട്ടാണ് ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണവുമായി എഎപി രംഗത്തെത്തിയത്. ജെയ്റ്റ്‌ലിക്കെതിരായ ഫയലുകള്‍ പിടിച്ചടുക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെ പിന്തുണച്ച് ബിജെപി എം പിയും മുന്‍ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് രംഗത്തെത്തിയിരുന്നു. എഎപി വെളിപ്പെടുത്തിയത് വെറും പതിനഞ്ച് ശതമാനം മാത്രമാണെന്നായിരുന്നു ആസാദിന്റെ പ്രതികരണം.