Connect with us

Ongoing News

ഗോളടിക്കാര്‍ നേര്‍ക്കുനേര്‍

Published

|

Last Updated

ഗോളടിക്കാര്‍ നേര്‍ക്കുനേര്‍ലീസെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ തരം ജാമി വാര്‍ഡിയെ സഹതാരങ്ങള്‍ ലീഗ് മത്സരത്തിനിടെ അഭിനന്ദിക്കുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്ന ലീസെസ്റ്റര്‍ സിറ്റി ഇന്ന് എവര്‍ട്ടന്റെ തട്ടകത്തില്‍ കളിക്കാനിറങ്ങുന്നു. 16 മത്സരങ്ങളില്‍ 35 പോയിന്റുള്ള ലീസെസ്റ്റര്‍ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലുമായി രണ്ട് പോയിന്റിന്റെ മേധാവിത്വം നിലനിര്‍ത്തുന്നു. ഗുഡിസന്‍പാര്‍ക്കില്‍ എവര്‍ട്ടനെ തോല്‍പ്പിച്ചാല്‍ ലീസെസ്റ്റര്‍ സിറ്റിക്ക് ക്രിസ്മസ് കാലത്തെ ചാമ്പ്യന്‍ എന്ന വിശേഷണം സ്വന്തമാക്കാം.
എവര്‍ട്ടന്‍-ലീസെസ്റ്റര്‍ മത്സരത്തിന്റെ ശ്രദ്ധേയമായ കാര്യം പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറരര്‍മാരുടെ സംഗമമാണ്. പതിനഞ്ച് ഗോളുകളുമായി മുന്‍പന്തിയിലുള്ളത് ലീസെസ്റ്ററിന്റെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയാണ്. പന്ത്രണ്ട് ഗോളുകളുമായി തൊട്ടുപിറകിലുള്ള ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവാണ് എവര്‍ട്ടന്റെ സ്‌കോറിംഗ് മെഷീന്‍. ലീസെസ്റ്ററിന്റെ തന്നെ അള്‍ജീരിയന്‍ വിംഗര്‍ റിയാദ് മഹ്‌റെസിന്റെ ഗോള്‍ നേട്ടം പതിനൊന്നാണ്. വാര്‍ഡിക്കൊപ്പം തന്നെ ലീസെസ്റ്ററിന്റെ കുതിപ്പില്‍ റിയാദിനും വലിയ പങ്കുണ്ട്. ഏഴ് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തുവെന്ന കണക്കാണ് റിയാദിനെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കുന്നത്.
റൊമേലു ലുകാകുവിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രംഗത്തുണ്ട്. ചെല്‍സി യുടെ മുന്‍ താരമായിരുന്നു ലുകാകു. ഹൊസെ മൗറിഞ്ഞോയുടെ വരവോടെ ടീമില്‍ സ്ഥാനം നഷ്ടമായ ലുകാകു ഇന്ന് ലീഗിലെ ടോപ് സ്‌കോറര്‍മാരിലൊരാളാണ്. മൗറിഞ്ഞോയാകട്ടെ ചെല്‍സിയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
തുടരെ ആറ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സ്‌കോര്‍ ചെയ്ത ആദ്യ എവര്‍ട്ടന്‍ താരം എന്ന വിശേഷണം റൊമേലു ലുകാകുവിന് സ്വന്തം.
ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ജാമി വാര്‍ഡിയെയും റിയാദ് മഹ്‌റെസിനെയും വിട്ടുകൊടുക്കില്ലെന്ന് ലീസെസ്റ്റര്‍ കോച്ച് ക്ലോഡിയോ റാനിയേരി വ്യക്തമാക്കിക്കഴിഞ്ഞു.
പതിനാറ് മത്സരങ്ങളില്‍ 23 പോയിന്റുമായി പത്താം സ്ഥാനത്തുള്ള എവര്‍ട്ടന്‍ ടോപ് ഫോറില്‍ ഇടം നേടുകയാണ് ലക്ഷ്യമിടുന്നത്. ലീസെസ്റ്ററിന്റെ നിലവിലെ ഫോം പ്രശ്‌നം സൃഷ്ടിക്കുമെങ്കിലും ചരിത്രം തങ്ങള്‍ക്കനുകൂലമാണെന്ന വാദമാണവര്‍ക്ക്. മുമ്പ് നേര്‍ക്കുനേര്‍ വന്ന ഇരുപത് മത്സരങ്ങളില്‍ എവര്‍ട്ടന്‍ ഒരു തവണ മാത്രമാണ് തോറ്റത്. 1998 ആഗസ്റ്റിലായിരുന്നു ലീസെസ്റ്ററിന്റെ അട്ടിമറി വിജയം. അതുപോലെ, എവര്‍ട്ടന്റെ ഹോംഗ്രൗണ്ടായ ഗുഡിസന്‍ പാര്‍ക്കില്‍ ലീസെസ്റ്റര്‍ ഒരു മത്സരം ജയിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. പതിനെട്ട്തവണ പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നും സമനിലയായിരുന്നു.
തുടരെ ആറ് കളികളില്‍ തോല്‍വിയറിയാതെ മുന്നേറുന്നുവെന്നതാണ് എവര്‍ട്ടന്റെ നിലവിലെ ഫോം. എന്നാല്‍ അവസാനം കളിച്ച മൂന്ന് കളികളില്‍ സമനിലക്കുരുക്ക്. കഴിഞ്ഞ സീസണില്‍ മാര്‍ച്ച് -ഏപ്രിലില്‍ ഏഴ് അപരാജിത കുതിപ്പിന് ശേഷം എവര്‍ട്ടന്റെ മികച്ച പ്രകടനമാണിത്.
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി പതിമൂന്ന് മത്സരങ്ങളില്‍ പന്ത്രണ്ട് ഗോളുകളാണ് എവര്‍ട്ടന്‍ സ്‌കോര്‍ ചെയ്തത്. ലീഗില്‍ അപരാജിതരായി ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കുന്നു ലീസെസ്റ്റര്‍. ഏറ്റവും ഒടുവില്‍ തോല്‍പ്പിച്ചത് നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ. അവസാനം കളിച്ച 25 ലീഗ് മത്സരങ്ങളില്‍ പതിനേഴിലും ജയിച്ചു. തോറ്റത് രണ്ട് തവണ മാത്രം.
ഒമ്പത് മാസമായി ലീസെസ്റ്റര്‍ എവേ മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ട്. മാര്‍ച്ചില്‍ ടോട്ടനം ഹോസ്പറിന്റെ ഗ്രൗണ്ടില്‍ 4-3ന് പൊരുതിത്തോറ്റതാണ് അവസാനത്തേത്.
പ്രീമിയര്‍ ലീഗില്‍ ഇത്തവണ 34 ഗോളുകളുമായി റാനിയേരിയുടെ ലീസെസ്റ്ററാണ് മുന്‍ നിരയില്‍. ഇതിലേറെയും പെനാല്‍റ്റിബോക്‌സിനകത്ത് വെച്ച് നേടിയതാണ്. സീസണില്‍ എല്ലാ ലീഗ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ഏക ടീമും ലീസെസ്റ്ററാണ്.
ഭയപ്പാടില്‍ വാന്‍ ഗാല്‍
ഹൊസെ മൗറിഞ്ഞോയുടെ ഗതി തനിക്കും വരുമോ എന്ന ഭയപ്പാടിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. അതുകൊണ്ടു തന്നെ ഇന്ന് നോര്‍വിചിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുക എന്ന ലക്ഷ്യം ലൂയിസ് വാന്‍ ഗാലിനുണ്ടാകും. പതിനാറ് മത്സരങ്ങളില്‍ 29 പോയിന്റുള്ള മാഞ്ചസ്റ്റര്‍ ലീഗ് ടേബിളില്‍ നാലാം സ്ഥാനത്താണ്. പിറകില്‍ നാല് ക്ലബ്ബുകള്‍ ചെറിയ പോയിന്റ് വ്യത്യാസത്തിന് യുനൈറ്റഡിന്റെ നാലാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ വിജയങ്ങള്‍ മാത്രമാകും വാന്‍ ഗാലിന്റെ യുനൈറ്റഡിലെ ഭാവി ശോഭനമാക്കുക. സ്റ്റോക്, ചെല്‍സി ടീമുകളാണ് ഈ വര്‍ഷം യുനൈറ്റഡിന്റെ മറ്റ് എതിരാളികള്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായത് വാന്‍ ഗാലിന് വലിയ തിരിച്ചടിയായിട്ടുണ്ട്.ചെല്‍സി കോച്ച് മൗറിഞ്ഞോയുടെ പുറത്താകല്‍ തന്നെ അതിശയിപ്പിച്ചുവെന്ന് വാന്‍ ഗാല്‍ പറഞ്ഞു. ക്ലബ്ബ് ഫുട്‌ബോളില്‍ അനുപമമായ റെക്കോര്‍ഡുള്ള കോച്ചാണ് മൗറിഞ്ഞോ. അദ്ദേഹത്തിന്റെ പുറത്താകല്‍ ഞെട്ടിക്കുന്നത്. ചെല്‍സിയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ജയം തന്നെയാണ് എവിടെയും പ്രധാനം. കളിക്കാരുമായുള്ള ബന്ധത്തിന് രണ്ടാം സ്ഥാനമാണ് – വാന്‍ ഗാല്‍ പറഞ്ഞു. യുനൈറ്റഡില്‍ കളിക്കാരുമായി മികച്ച ബന്ധമാണെന്നും തന്റെത് ജയിക്കാനറിയുന്ന സംഘമാണെന്നും വാന്‍ ഗാല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest